ഈ വിജയം കൂടുതല്‍ മത്സരങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു

- Advertisement -

ഇംഗ്ലണ്ടിനെതിരെ ഏക ഏകദിനത്തില്‍ ആറ് റണ്‍സ് വിജയം നേടിയ സ്കോട്‍ലാന്‍ഡിനു ഈ വിജയം കൂടുതല്‍ മത്സരങ്ങള്‍ ലഭിക്കുന്നതിലേക്ക് വഴിതുറക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അറിയിച്ച് സ്കോട്‍ലാന്‍ഡിനു വേണ്ടി ശതകം നേടിയ കാലം മക്ലോഡ്. 94 പന്തില്‍ നിന്ന് 140 റണ്‍സുമായി കാലത്തിന്റെ ഇന്നിംഗ്സാണ് സ്കോട്‍ലാന്‍ഡിനെ 371/5 എന്ന സ്കോറിലേക്ക് എത്തിച്ചത്.

സിംബാബ്‍വേയില്‍ ലോകകപ്പിനു തൊട്ടടുത്ത് വരെ എത്തിയെങ്കിലും മഴയും മോശം അമ്പയറിംഗും വിന്‍ഡീസിനെതിരെ ടീമിനു തിരിച്ചടിയാകുകയായിരുന്നു. ലോകകപ്പ് 10 ടീമുകളായി ചുരുക്കിയതും ടീമിനു തിരിച്ചടിയായി.

താന്‍ ഉള്‍പ്പെട്ടിട്ടുള്ള ഏറ്റവും മികച്ച മത്സരങ്ങളില്‍ ഒന്നാണിതെന്ന് പറഞ്ഞ കാലം തങ്ങള്‍ക്ക് ഇനിയും മുന്‍ നിര ടീമുകളുമായി കൂടുതല്‍ മത്സരങ്ങള്‍ വേണമെന്നാവശ്യപ്പെടുകയായിരുന്നു. കാണികളുടെ ആവേശവും സ്കോട്‍ലാന്‍ഡില്‍ ഇനിയും മത്സരങ്ങള്‍ ആവശ്യമാണെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ലോകകപ്പിനെക്കുറിച്ച് ഇനിയോര്‍ത്ത് വിഷമിക്കുന്നതില്‍ അര്‍ത്ഥമില്ല, ആ അവസരം പല കാരണങ്ങള്‍ കൊണ്ട് സ്കോട്‍ലാന്‍ഡിനു നഷ്ടമായി. പക്ഷേ തുടര്‍ന്നും മത്സരങ്ങള്‍ ഞങ്ങള്‍ക്ക് കൂടുതലായി ലഭിക്കണമെങ്കില്‍ ഐസിസിയുടെ ശ്രദ്ധ ക്ഷണിക്കുവാന്‍ ഈ വിജയത്തിനു സാധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നതെന്ന് കാലം കൂട്ടിചേര്‍ത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement