ദി ഹണ്ട്രെഡില്‍ ബിര്‍മ്മിംഗാം ഫീനിക്സിന് വേണ്ടി കളിക്കുവാന്‍ എലീസ് പെറി എത്തുന്നു

ഓസ്ട്രേലിയയുടെ ഓള്‍റൗണ്ട് താരം എലീസ് പെറി ദി ഹണ്ട്രെഡ് കളിക്കാനെത്തുന്നു. പെറി ബിര്‍മ്മിംഗാം ഫീനിക്സിന് വേണ്ടിയാണ് കളിക്കുവാന്‍ എത്തുന്നത്. വനിത ബിഗ് ബാഷില്‍ സിഡ്നി സിക്സേഴ്സ് കോച്ചിന്റെ ബെന്‍ സോയര്‍ ആണ് ഫീനിക്സിന്റെയും കോച്ച് എന്നതിനാല്‍ തന്നെ പെറിയ്ക്ക് അദ്ദേഹവുമായി കളിക്കുവാനുള്ള അവസരം ലഭിയ്ക്കുകയാണ്.

ദി ഹണ്ട്രെഡില്‍ കളിക്കുവാനായി ഇംഗ്ലണ്ടിലെത്തുവാന്‍ കഴിയുന്നതില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്ന് പെറി പറഞ്ഞു. ടൂര്‍ണ്ണമെന്റിന്റെ ഫോര്‍മാറ്റ് തന്നെ രസകരമായ ഒന്നാണെന്നും ഈ ഫോര്‍മാറ്റ് ക്രിക്കറ്റിലേക്ക് പുതിയ തലമുറയെ ആകൃഷ്ടരാക്കുമെന്നുമാണ് താന്‍ കരുതുന്നതെന്നും പെറി പറഞ്ഞു.

ദി ഹണ്ട്രഡ് ജൂലൈ 21 മുതൽ, ഫിക്സ്ചറുകൾ എത്തി

ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നടത്തുന്ന ഫ്രാഞ്ചൈസി ടൂർണമെന്റായ ദി ഹണ്ട്രഡിന്റെ ആദ്യ സീസൺ ജൂലൈ 21ന് ആരംഭിക്കും. കഴിഞ്ഞ വർഷം ആരംഭിക്കേണ്ടിയിരുന്ന ടൂർണമെന്റ് കൊറോണ കാരണമാണ് ഈ വർഷത്തേക്ക് മാറ്റിയത്. മാഞ്ചസ്റ്റർ ഒറിജിനൽസും ഓവൽ ഇന്വിൻസിബിൾസും തമ്മിലുള്ള മത്സരത്തോടെയാകും സീസൺ ആരംഭിക്കുക. ആദ്യ വനിതാ ടീമിന്റെ മത്സരമാകും നടക്കുക. ജൂലൈ 22ന് മാഞ്ചസ്റ്ററിന്റെയും ഓവലിന്റെയും പുരുഷ ടീമുകൾ ഏറ്റുമുട്ടും.

ഇതാദ്യമായാണ് ഇംഗ്ലണ്ടിൽ പുരുഷ ടൂർണമെന്റും വനിതാ ടൂർണമെന്റും ഒരേ സമയത്ത് ആരംഭിക്കുന്നത്‌. എട്ടു വേദികളിലായാകും ടൂർണമെന്റ് നടക്കുക. ഓഗസ്റ്റ് 18നാകും ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുക. ഓഗസ്റ്റ് 20ന് എലിമിനേറ്ററും ഓഗസ്റ്റ് 21ന് ഫൈനലും നടക്കും. വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും എട്ടു ടീമുകൾ വീതമാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ദി ഹൺഡ്രഡിൽ നിക്ഷേപത്തിനൊരുങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഇംഗ്ലണ്ടിൽ അടുത്ത വർഷം നടക്കുന്ന ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിക്ഷേപത്തിന് ഒരുങ്ങി ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിക്ഷേപം നടത്താനുള്ള ചർച്ചകൾ ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ ദി ഹൺഡ്രഡ് ടൂർണമെന്റിൽ സ്വകാര്യ നിക്ഷേപം വേണ്ടെന്ന നിലപാടാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് കൈക്കൊണ്ടതെങ്കിലും കൊറോണ വൈറസ് ബാധയെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ നിക്ഷേപത്തിന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അനുവാദം നൽകാനുള്ള സാധ്യതയുമുണ്ട്.

നേരത്തെ ഈ വർഷം നടക്കേണ്ട പ്രഥമ ദി ഹൺഡ്രഡ് ടൂർണമെന്റ് കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് അടുത്ത വർഷത്തേക്ക് മാറ്റിവച്ചിരുന്നു. ഈ വർഷം ജൂലൈ മാസമായിരുന്നു ദി ഹൺഡ്രഡ് ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. നേരത്തെ 2015ൽ കരീബിയൻ പ്രീമിയർ ലീഗിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നിക്ഷേപം നടത്തിയിരുന്നു. അന്ന് കരീബിയൻ പ്രീമിയർ ലീഗ് ടീമായ ട്രിനിഡാഡിലാണ് ഷാരൂഖ് ഖാന്റെ ടീം നിക്ഷേപം നടത്തിയത്.

‘ദി ഹൺഡ്രഡ്’ ടൂർണമെന്റിൽ നിന്ന് ഡേവിഡ് വാർണർ പിന്മാറി

ഇംഗ്ലണ്ടിൽ ഈ വർഷം നടത്താൻ ഉദ്ദേശിച്ചിരുന്ന ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്ന് ഓസ്‌ട്രേലിയൻ ബൗളർ ഡേവിഡ് വാർണർ പിന്മാറി. ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്ന് പിന്മാറുന്ന ആദ്യ താരമാണ് ഡേവിഡ് വാർണർ. ദി ഹൺഡ്രഡ് ടൂർണമെന്റിൽ സൗത്താംപ്ടൺ ടീമായ സൗത്തേൺ ബ്രേവിന്റെ താരമായിരുന്നു ഡേവിഡ് വാർണർ.

ഓസ്ട്രേലിയയുടെ സിംബാബ്‌വെ പര്യടനത്തിന് വേണ്ടി ഒരുങ്ങുന്നതിന് വേണ്ടിയാണ് താരം ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതെന്ന് താരത്തിന്റെ മാനേജർ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലല്ല  മറിച്ച് വ്യക്തിപരമായ കാരണം കൊണ്ടാണ് താൻ പിന്മാറുന്നതെന്നും വാർണർ വ്യക്തമാക്കി.

നേരത്തെ ഓസ്ട്രേലിയയുടെ സിംബാബ്‌വെക്കെതിരായ പരമ്പര ജൂണിൽ നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലേക്ക് പരമ്പര മാറ്റിയതോടെ ജൂലൈ- ഓഗസ്റ്റ്  മാസത്തിൽ നടക്കുന്ന ദി ഹൺഡ്രഡ് ടൂർണമെന്റും ഒരേ സമയത്തായതോടെയാണ് താരം വിട്ടുനിന്നത്.

ദി ഹൺഡ്രഡ് ഫൈനൽ ലോർഡ്‌സിൽ വെച്ച് നടക്കും

ഇംഗ്ലണ്ടിൽ അടുത്ത വർഷം ആരംഭിക്കുന്ന പ്രഥമ ദി ഹൺഡ്രഡ് ടൂർണമെന്റിന്റെ ഫൈനൽ ലോർഡ്‌സിൽ വെച്ച് നടക്കുമെന്ന് ഇംഗ്ലണ്ട് & വെയിൽസ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. പരുഷന്മാരുടെ ഫൈനൽ ആണ് ലോർഡ്‌സിൽ വെച്ച് നടക്കുക. ഓഗസ്റ്റ് 15നാണ് ഫൈനൽ പോരാട്ടം. അതെ സമയം വനിതകളുടെ ദി ഹൺഡ്രഡ് ഫൈനൽ സസക്സിലെ ഹോവിൽ വെച്ച് നടക്കും. വനിതകളുടെ ഫൈനൽ ഓഗസ്റ്റ് 14നാണ് നടക്കുക.

അടുത്ത വർഷം ജൂലൈ 17ന് നടക്കുന്ന ഓവൽ ഇൻവിസിബിൾസ് – വെൽഷ് ഫയർ പോരാട്ടത്തോടെ ദി ഹൺഡ്രഡ് ടൂർണമെന്റിന് തുടക്കമാവും. 8 വേദികളിലായാണ് ദി ഹൺഡ്രഡ് പോരാട്ടം നടക്കുക. വനിതകളുടെ മത്സരം ജൂലൈ 22നാണ് തുടങ്ങുക.

ലണ്ടന്‍ സ്പിരിറ്റിനെ നയിക്കുക ഓയിന്‍ മോര്‍ഗനും ഹീത്തര്‍ നൈറ്റും

ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിന്റെ ആദ്യ പതിപ്പില്‍ ലണ്ടന്‍ സ്പിരിറ്റിന്റെ പുരുഷ ടീമിനെ ഓയിന്‍ മോര്‍ഗനും വനിത ടീമിനെ ഹീത്തര്‍ നൈറ്റും നയിക്കും. ഫ്രാഞ്ചൈസിയുടെ വനിത ടീമിനെ ട്രെവര്‍ ഗ്രിഫിന്‍ ആണ് പരിശീലിപ്പിക്കുക.

പുരുഷ ടീമിന്റെ കോച്ചായി നേരത്തെ തന്നെ ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിനെ നിയമിച്ചിരുന്നു. ടീമിന്റെ ക്യാപ്റ്റനായി ഓയിന്‍ മോര്‍ഗന്‍ എത്തുന്നതില്‍ അതിയായ സന്തോഷമാണുള്ളതെന്നും ഷെയിന്‍ വോണ്‍ പറഞ്ഞു. താരം ക്യാപ്റ്റനായി എത്തുന്നത് സ്പിരിറ്റിന് കൂടുതല്‍ മുന്‍തൂക്കം നല്‍കുമെന്നും വോണ്‍ അഭിപ്രായപ്പെട്ടു.

ഗെയ്‌ലിനെ ആർക്കും വേണ്ട, റഷീദ് ഖാനും റസ്സലിനും ആവശ്യക്കാർ

ഇംഗ്ലണ്ടിൽ പുതുതായി തുടങ്ങാൻ പോവുന്ന ദി ഹൺഡ്രഡ് ലീഗിന്റെ ആദ്യ ഡ്രാഫ്റ്റ് കഴിഞ്ഞപ്പോൾ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ലിന് ആവശ്യക്കാരില്ല. അതെ സമയം അഫ്ഗാനിസ്ഥാൻ സ്പിൻ ബൗളർ റഷീദ് ഖാൻ ലേലത്തിൽ വിളിച്ചെടുത്ത ആദ്യ താരമായി. ട്രെൻഡ് റോക്കറ്റ്സ് ആണ് അഫ്ഗാൻ സ്പിന്നർ സ്വന്തമാക്കിയത്.

രണ്ടാമതായി ലേലത്തിൽ വിളിച്ചത് വെസ്റ്റിൻഡീസ് താരം ആന്ദ്രേ റസ്സലിനെയാണ്. സൗത്തേൺ ബ്രേവ് ആണ് റസ്സലിനെ സ്വന്തമാക്കിയത്. കൂടാതെ ഡേവിഡ് വാർണറെയും സൗത്തേൺ ബ്രേവ് സ്വന്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ചിനെ നോർത്തേൺ സൂപ്പർ ചാർജേഴ്സ് സ്വന്തമാക്കി. ഗെയ്‌ലിനെ കൂടാതെ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗക്കും ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കാഗിസോ റബാഡക്കും ആവശ്യക്കാർ ഇല്ലായിരുന്നു.

ഓസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ മാർഷിനെയും സ്റ്റീവ് സ്മിത്തിനെയും ദി വെൽഷ് ഫയർ സ്വാന്തമാക്കി. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ സ്വന്തമാക്കിയത് ബിർമിങ്ഹാം ഫീനിക്സ് ആണ്. മുഹമ്മദ് നബിയും മുഹമ്മദ് ആമിറും ലണ്ടൻ സ്പിരിറ്റിലാണ് കളിക്കുക.

ഹൺഡ്രഡ് ഡ്രാഫ്റ്റിൽ സ്മിത്തും വാർണറും ഗെയ്‌ലും വിലകൂടിയ താരങ്ങൾ

ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ദി ഹൺഡ്രഡ് ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള ഡ്രാഫ്റ്റിൽ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ലും വിലകൂടിയ താരങ്ങൾ. ഇവരെ കൂടാതെ ഓസ്‌ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്, ശ്രീലങ്കൻ താരം ലസിത് മലിംഗ, സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബൗളർ കാഗിസോ റബാഡ എന്നിവരും വിലകൂടിയ താരങ്ങളുടെ പട്ടികയിൽ ഉണ്ട്. ഈ താരങ്ങൾക്ക് എല്ലാം 125,000 പൗണ്ട്( ഏകദേശം 11,373,312 രൂപ) വിലയാണ് ഇട്ടിരിക്കുന്നത്.

അടുത്ത വർഷം ജൂലൈ – ഓഗസ്റ്റ് മാസത്തിലാണ് ദി ഹൺഡ്രഡ് ടൂർണമെന്റിന്റെ പ്രഥമ എഡിഷൻ നടക്കുക. 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഞായറഴ്ച നടക്കുന്ന ഡ്രാഫ്റ്റിൽ ഒരു ടീമിന് 12 താരങ്ങളെ സ്വന്തമാക്കാം. ഇവരെ കൂടാതെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ സെൻട്രൽ കോൺട്രാക്ട് ഉള്ള ഒരു താരവും 2 പ്രാദേശിക താരങ്ങളും ഒരു ടീമിൽ ഉൾപെടും. ആകെ 570 താരങ്ങളാണ് ഡ്രാഫ്റ്റിൽ ഉള്ളത്. 239 വിദേശ  താരങ്ങളും 331 ഡൊമസ്റ്റിക് താരങ്ങളുമാണ് ഡ്രാഫ്റ്റിൽ ഉള്ളത്.

Exit mobile version