ഷെയിന്‍ വോൺ കോവിഡ് പോസിറ്റീവ്

ലണ്ടന്‍ സ്പിരിറ്റ്സ് മുഖ്യ കോച്ച് ഷെയിന്‍ വോൺ കോവിഡ് പോസിറ്റീവ്. വോണിനെയും പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയെയും ടീം ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് അറിയുന്നത്. വോണിന്റെ ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവായി. അദ്ദേഹത്തിന്റെ ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ ഫലത്തിനായാണ് ഇനി കാത്തിരിപ്പ്.

നേരത്തെ ട്രെന്റ് റോക്കറ്റ്സിന്റെ മുഖ്യ കോച്ച് ആന്‍ഡി ഫ്ലവര്‍ കോവിഡ് ബാധിതനായിരുന്നു. ഇപ്പോള്‍ ടീമിന്റെ കോച്ചിന്റെ ചുമതല വഹിക്കുന്നത് പോള്‍ ഫ്രാങ്ക്സ് ആണ്.

ബൈര്‍സ്റ്റോ വെടിക്കെട്ട്, വെല്‍ഷ് ഫയറിന് വിജയം

ടോപ് ഓര്‍ഡറിന്റെ തട്ടുപൊളിപ്പന്‍ പ്രകടനത്തിന്റെ ബലത്തിൽ സതേൺ ബ്രേവിനെതിരെ 165/4 എന്ന സ്കോര്‍ നേടി വെല്‍ഷ് ഫയര്‍. എതിരാളികളെ 147/7 എന്ന സ്കോറിൽ പിടിച്ചുകെട്ടിയ ശേഷം 18 റൺസിന്റെ വിജയം ആണ് ജോണി ബൈര്‍സ്റ്റോയും സംഘവും നേടിയത്.

39 പന്തിൽ 72 റൺസ് നേടിയ ബൈര്‍സ്റ്റോയ്ക്കൊപ്പം ബെന്‍ ഡക്കറ്റ് (34 പന്തിൽ 53), ടോം ബാന്റൺ(23 പന്തിൽ 34) എന്നിവരാണ് വെല്‍ഷിന് വേണ്ടി തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്തത്.

ജെയിംസ് വിന്‍സ്(40), റോസ് വൈറ്റ്ലി(14 പന്തിൽ 25) എന്നിവരോടൊപ്പം ക്വിന്റൺ ഡി കോക്ക്(7 പന്തിൽ 21), ഡെവൺ കോൺവേ(23) എന്നിവരും പൊരുതി നോക്കിയെങ്കിലും ജെയിംസ് നീഷം നേടിയ മൂന്ന് വിക്കറ്റുകള്‍ വെല്‍ഷിന്റെ വിജയം ഉറപ്പാക്കി.

ദി ഹണ്ട്രെഡിലും കോവിഡ്, ട്രെന്റ് റോക്കറ്റ്സ് മുഖ്യ കോച്ച് ആന്‍ഡി ഫ്ലവറും മറ്റ് രണ്ട് അംഗങ്ങളും കോവിഡ് ബാധിതരാണ്

ദി ഹണ്ട്രെഡിലും കോവിഡ് ബാധ. ട്രെന്റ് റോക്കറ്റ്സ് മുഖ്യ കോച്ച് ആന്‍ഡി ഫ്ലവറും മറ്റു രണ്ട് സ്റ്റാഫ് അംഗങ്ങളും ആണ് കോവിഡ് ബാധിതരായിരിക്കുന്നത്. നാളെ നടക്കുന്ന നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിനെതിരെയുള്ള മത്സരത്തിൽ ടീമിനൊപ്പമുണ്ടാകില്ല.

ഇത് കൂടാതെ സ്റ്റീവന്‍ മുല്ലാനിയും മറ്റൊരു ബാക്ക്റൂം സ്റ്റാഫും ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതായി ആണ് അറിയുന്നത്.

 

ജയം അഞ്ച് റൺസിന്, ബെന്‍ സ്റ്റോക്കിനെയും സംഘത്തെയും വീഴ്ത്തി വെൽഷ് ഫയര്‍

ദി ഹണ്ട്രെഡിൽ ഇന്നലെ നടന്ന ആവേശകരമായ പുരുഷന്മാരുടെ മത്സരത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജ്ജേഴ്സിനെ 5 റൺസിന് പരാജയപ്പെടുത്തി വെൽഷ് ഫയര്‍. ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 100 പന്തിൽ 173/4 എന്ന സ്കോര്‍ വെൽഷ് നേടിയപ്പോള്‍ 168 റൺസാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സ് നേടിയത്.

ബൈര്‍സ്റ്റോ 36 പന്തിൽ 56 റൺസ് നേടിയ ശേഷം പുറത്തായെങ്കിലും ബെന്‍ ഡക്കറ്റ്(27 പന്തിൽ 41), ജെയിംസ് നീഷം(11 പന്തിൽ പുറത്താകാതെ 30), ഗ്ലെന്‍ ഫിലിപ്പ്സ്(14 പന്തിൽ 23) എന്നിവരാണ് വെൽഷിന് വേണ്ടി തിളങ്ങിയത്.

31 പന്തിൽ 62 റൺസ് നേടിയ ഹാരി ബ്രൂക്ക് സൂപ്പര്‍ചാര്‍ജേഴ്സിന്റെ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും ടോപ് ഓര്‍ഡറിൽ കാര്യമായ പ്രകടനം ആര്‍ക്കും പുറത്തെടുക്കാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ഖൈസ് അഹമ്മദ് 13 റൺസ് വിട്ട് നല്‍കി 4 വിക്കറ്റ് വീഴ്ത്തിയാണ് നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേവ്സിനെ തകര്‍ത്തത്.

Qaisahmed

ആഡം ലിഥ്(14 പന്തിൽ 25), മാറ്റി പോട്സ്(പുറത്താകാതെ 10 പന്തിൽ 20) എന്നിവരാണ് മറ്റു ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തവര്‍.

ബൗളിംഗിൽ മര്‍ച്ചന്റ് ഡി ലാംഗ്, ബാറ്റിംഗിലും ഷോര്‍ട്ടും മലനും ട്രെന്റ് റോക്കറ്റ്സിന് മികച്ച വിജയം

ദി ഹണ്ട്രെഡിന്റെ പുരുഷ വിഭാഗത്തിൽ 9 വിക്കറ്റ് വിജയവുമായി ട്രെന്റ് റോക്കറ്റ്സ്. ഇന്ന് പുരുഷ വിഭാഗത്തിൽ സത്തേൺ ബ്രേവിനെ പരാജയപ്പെടുത്തിയാണ് ട്രെന്റ് റോക്കറ്റ്സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 126 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. പുറത്താകാതെ 39 റൺസ് നേടിയ റോസ് വൈറ്റ്‍ലി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ റോക്കറ്റ്സിന് വേണ്ടി മര്‍ച്ചന്റ് ഡി ലാംഗ് അഞ്ച് വിക്കറ്റ് നേടി മികച്ച് നിന്നു.

രണ്ടാം പന്തിൽ അലക്സ് ഹെയിൽസിനെ നഷ്ടമായ ശേഷം 124 റൺസ് നേടിയാണ് ഡാര്‍സി ഷോര്‍ട്ടും ദാവിദ് മലനും ടീമിനെ അപരാജിത കൂട്ടുകെട്ടിലൂടെ വിജയത്തിലേക്ക് നയിച്ചത്. ഷോര്‍ട്ട് 51 റൺസും മലന്‍ 62 റൺസുമാണ് നേടിയത്.

സാം ബില്ലിംഗ്സിന്റെ മികവിൽ ഓവൽ ഇന്‍വിന്‍സിബിള്‍സിന് 9 റൺസ് വിജയം

ദി ഹണ്ട്രെഡിന്റെ പുരുഷ പതിപ്പിലെ ആദ്യ മത്സരത്തിൽ ഓവൽ ഇന്‍വിന്‍സിബിള്‍സിന് ജയം. സാം ബില്ലിംഗ്സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 145/8 എന്ന സ്കോര്‍ ഓവൽ നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ ഒറിജിനൽസിന് 136/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

30 പന്തിൽ 49 റൺസ് നേടിയ ക്യാപ്റ്റന്‍ ബില്ലിംഗ്സിനൊപ്പം ടോം കറന്‍(29), ജേസൺ റോയ്(20) എന്നിവരാണ് ഓവലിന് വേണ്ടി തിളങ്ങിയത്. മാഞ്ചസ്റ്ററിന് വേണ്ടി ഫ്രെഡ് ക്ലാസ്സന്‍ മൂന്നും ഫിന്‍, ടോം ഹാര്‍ട്‍ലി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

37 റൺസ് നേടിയ കാര്‍ലോസ് ബ്രാത്‍വൈറ്റിനും കാല്‍വിന്‍ ഹാരിസൺ(23), കോളിന്‍ മൺറോ(26) എന്നിവര്‍ക്കും ഓവലിന്റെ സ്കോറിന് 9 റൺസ് അകലെ എത്തുവാനെ സാധിച്ചുള്ളു. സാം കറന്‍, നഥാന്‍ സൗട്ടര്‍ എന്നിവര്‍ ഓവലിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറി ആന്‍ഡ്രേ റസ്സലും കീറൺ പൊള്ളാര്‍ഡും

ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന സീസണിൽ നിന്ന് വീണ്ടും പ്രമുഖ താരങ്ങളുടെ പിന്മാറ്റം. വിന്‍ഡീസ് താരങ്ങളായ ആന്‍ഡ്രേ റസ്സലും കീറൺ പൊള്ളാര്‍ഡും പിന്മാറി. റസ്സലിന് പകരം കോളിന്‍ ഡി ഗ്രാന്‍ഡോമിനെ ഹണ്ട്രെഡിലേക്ക് സൈന്‍ ചെയ്തിട്ടുണ്ട്.

സത്തേൺ ബ്രേവിനേ വേണ്ടിയാണ് റസ്സൽ കളിക്കാനിരുന്നത്. നേരത്തെ ടീമിൽ നിന്ന് ഡേവിഡ് വാര്‍ണറും മാര്‍ക്കസ് സ്റ്റോയിനിസും പിന്മാറിയപ്പോള്‍ പകരം ഡെവൺ കോൺവേ, ക്വിന്റൺ ഡി കോക്ക് എന്നിവരെ ഫ്രാഞ്ചൈസി സ്വന്തമാക്കിയിരുന്നു.

വെല്‍ഷ് ഫയര്‍ താരം കീറൺ പൊള്ളാര്‍ഡിന് പകരം ഗ്ലെന്‍ ഫിലിപ്പ്സിനെ ആണ് ടീം സ്വന്തമാക്കിയിരിക്കുന്നത്.

ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറി എലീസ് പെറി

ഓസ്ട്രേലിയയുടെ ഓള്‍റൗണ്ടര്‍ എലീസ് പെറി ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന സീസണിൽ നിന്ന് പിന്മാറി. ബിര്‍മ്മിംഗാം ഫീനിക്സിന് വേണ്ടി കളിക്കാനിരുന്ന താരം വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. ഫീനിക്സിന്റെ മറ്റൊരു താരമായ സോഫി ഡിവൈനും ഇത്തരത്തിൽ പിന്മാറിയിരുന്നു. താരം ഐസിസി വനിത ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കായാണ് പിന്മാറിയത്.

എലീസ് പെറിയുടെ പിന്മാറത്തിൽ ദുഖമുണ്ടെങ്കിലും താരത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നാണ് ടൂര്‍ണ്ണമെന്റ് ഹെഡ് ബെത്ത് ബാരെറ്റ്-വൈൽഡ് പറഞ്ഞത്. ജൂലൈ 21ന് ആണ് ദി ഹണ്ട്രെഡ് ആരംഭിക്കുന്നത്. പുരുഷ വനിത താരങ്ങളായി ഒട്ടനവധി പേര്‍ നിലവിൽ ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

ആരോൺ ഫിഞ്ചിന് പകരം ഫാഫ് ഡു പ്ലെസി നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിൽ

ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറിയ ആരോൺ ഫി‍ഞ്ചിന് പകരം ഫാഫ് ഡു പ്ലെസിയെ ടീമിലെത്തിച്ച് നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സ്. ടീമിനെ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന സീസണിൽ നയിക്കുകയും ഫാഫ് ഡു പ്ലെസി ആയിരിക്കും. ബെന്‍ സ്റ്റോക്സ്, ആദിൽ റഷീദ്, ക്രിസ് ലിന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം കളിക്കാനാകുന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും ദക്ഷിണാഫ്രിക്കന്‍ താരം വ്യക്തമാക്കി.

ടൂര്‍ണ്ണമെന്റില്‍‍ നിന്ന് അന്താരാഷ്ട്ര മത്സരങ്ങള്‍ കാരണം പല താരങ്ങളും പിന്മാറിയെങ്കിലും ടീമുകള്‍ പകരക്കാരെ ഉടനടി കണ്ടെത്തുന്നുണ്ട്. കെയിന്‍ വില്യംസണിന് പകരം ഫിന്‍ അല്ലെന്‍ ബ്രിമിംഗാം ഫീനിക്സിലേക്ക് എത്തുന്നു. വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറും ടീമിലേക്ക് എത്തുന്നുണ്ട്. ന്യൂസിലാണ്ട്, ദക്ഷിണാഫ്രിക്ക താരങ്ങളാണ് കൂടുതലായി ഇപ്പോള്‍ ടീമുകള്‍ സ്വന്തമാക്കിയിരിക്കുന്ന താരങ്ങള്‍.

വാര്‍ണര്‍ക്കും സ്റ്റോയിനിസിനും പകരക്കാരായി കോൺവേയും ക്വിന്റണ്‍ ഡി കോക്കും ദി ഹണ്ട്രെഡിലേക്ക്

ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന സീസണിൽ നിന്ന് പിന്മാറിയ ഓസ്ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍ക്കും മാര്‍ക്കസ് സ്റ്റോയിനിസിനും പകരക്കാരെ കണ്ടെത്തി സത്തേൺ ബ്രേവ്. ഇരുവര്‍ക്കും പകരം ന്യൂസിലാണ്ടിന്റെ ഡെവൺ കോൺവേയെയും ക്വിന്റണ്‍ ഡി കോക്കിനെയും ആണ് ഫ്രാഞ്ചൈസി കരാറിലെത്തിച്ചിരിക്കുന്നത്.

ഇരു താരങ്ങളും ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. ആന്‍ഡ്രേ റസ്സലാണ് ടീമിന്റെ മറ്റൊരു വിദേശ താരം.

ഇന്ത്യൻ U-23 താരങ്ങളെ ദി ഹണ്ട്രഡ് കളിക്കാൻ അനുവദിക്കും

വിദേശത്ത് നടക്കുന്ന ഒരു ടൂർണമെന്റിനായും ബി സി സി ഐ ഇന്ത്യൻ താരങ്ങളെ വിട്ടു നൽകാറില്ല. എന്നാം ഇംഗ്ലണ്ടിൽ നടക്കാൻ പോകുന്ന ദി ഹണ്ട്രഡ് ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചേക്കും. ദി ഹണ്ട്രഡ് ടൂർണമെന്റിൽ ഇന്ത്യയുടെ അണ്ടർ 23 താരങ്ങൾക്ക് കളിക്കാൻ ബി സി സി ഐ അനുമതി നൽകും എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തിനായി കളിക്കുന്ന അണ്ടർ 23 താരങ്ങൾക്ക് അനുമതി ഉണ്ടാകില്ല. ബാക്കി ഉള്ള താരങ്ങൾക്ക് ടൂർണമെന്റിൽ രജിസ്റ്റർ ചെയ്യാൻ ആകും. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ആദ്യ ദി ഹണ്ട്രഡ് സീസൺ കൊറോണ കാരണം ഇതുവരെ നടത്താൻ ആയിട്ടില്ല. 2021 സീസൺ കഴിഞ്ഞാലെ ഇനി ടൂർണമെന്റ് ആരംഭിക്കാൻ കഴിയു എന്നാണ് അധികൃതർ കരുതുന്നത്.

മുന്‍ ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കി വെല്‍ഷ് ഫയര്‍

ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിന് മുന്‍ ഇംഗ്ലണ്ട് താരം സാറ ടെയിലറെ സ്വന്തമാക്കി വെല്‍ഷ് ഫയര്‍. 2019ല്‍ റിട്ടയര്‍ ചെയ്ത താരം അടുത്തിടെയാണ് സസ്സെക്സിന്റെ പാര്‍ട്ട് ടൈം കോച്ചായി ചേര്‍ന്നത്. ഇംഗ്ലണ്ടിന് വേണ്ടി 10 ടെസ്റ്റുകളും 126 ഏകദിനങ്ങളും 90 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് സാറ.

അതേ സമയം ജെസ്സ് ജോനാസ്സെന്‍ വെല്‍ഷ് ഫയര്‍ ടീമില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയിട്ടുണ്ട്. പകരം ജോര്‍ജ്ജിയ വെയര്‍ഹാം ടീമിലേക്ക് എത്തുന്നു. സാറയുടെയും ജോര്‍ജ്ജിയയുടെയും വരവ് ടീമിനെ ശക്തരാക്കുന്നുവെന്നാണ് ഹെഡ് കോച്ച് മാത്യൂ മോട്ട് പറഞ്ഞത്.

Exit mobile version