ഐസിഐസിഐയ്ക്ക് വിവെന്‍സിനെതിരെ മികച്ച വിജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട യോഗ്യത റൗണ്ട് മത്സരത്തില്‍ വിവെന്‍സിനെതിരെ ഐസിഐസിഐയ്ക്ക് 29 റണ്‍സ് ജയം. ബാങ്ക് ടീമിന്റെ 92 റണ്‍സ് പിന്തുടര്‍ന്ന വിവെന്‍സിനു 8 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് മാത്രമേ നേടാനായുള്ളു. വിവെന്‍സിനു വേണ്ടി സ്റ്റാന്‍ലി ജോര്‍ജ്ജ് 16 പന്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ ഷീജു 13 റണ്‍സ് നേടി. എന്നാല്‍ മറ്റു ബാറ്റ്സ്മാന്മാര്‍ അതിവേഗത്തില്‍ സ്കോറിംഗ് നടത്താനാകാതെ പോയത് ഐസിഐസിഐയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടരുന്നതില്‍ നിന്നു അവരെ തടയുകയായിരുന്നു. ബാങ്കുകാര്‍ക്ക് വേണ്ടി ആനന്ദ് രണ്ട് വിക്കറ്റും അഭിജിത്ത്, അരുണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഐസിഐസിഐയ്ക്ക് വേണ്ടി വിമല്‍ വേലപ്പന്‍(10 പന്തില്‍ 28, 3 സിക്സുകള്‍) മികച്ച തുടക്കമാണ് നല്‍കിയത്. രണ്ടാം ഓവറില്‍ വിമല്‍ പുറത്താകുമ്പോള്‍ സ്കോര്‍ 31 റണ്‍സായിരുന്നു. കുമാര്‍ പ്രഭ(12), അരുണ്‍ കുമാര്‍(12) എന്നിവര്‍ക്കു പുറമേ ക്യാപ്റ്റന്‍ അരുണ്‍ റെക്സ് ബോബ്(9) റണ്‍സ് നേടി. എന്നാല്‍ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തത് അരുണ്‍ ബിഎസ് ആയിരുന്നു. 6 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ അരുണിന്റെ വെടിക്കെട്ടിന്റെ സഹായത്തോടെ ബാങ്ക് ടീം 8 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് നേടി.

വിഷ്ണു നായര്‍, റോയ് തോമസ് എന്നിവര്‍ വിവെന്‍സിനു വേണ്ടി ഓരോ വിക്കറ്റ് വീഴ്ത്തി.