ടിപിഎല്‍: ഇഗ്ലോബ്, നിയോലോജിക്സ്, ട്രൈസന്‍സ് വിജയികള്‍

8 വിക്കറ്റ് വിജയവുമായി ഇഗ്ലോബ്, തിങ്ക്പാം സ്ട്രൈക്കേഴ്സിനു രണ്ടാം തോല്‍വി

തുടര്‍ച്ചയായ രണ്ടാം പരാജയത്തോടു കൂടി ടിപിഎല്‍ യോഗ്യത റൗണ്ടില്‍ നിന്ന് തിങ്ക്പാം സ്ട്രൈക്കേഴ്സ് പുറത്ത്. ഇഗ്ലോബിന്റെ നിധീഷിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് മത്സരത്തിന്റെ സവിശേഷത. ഇന്ന് ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത തിങ്ക്പാം സ്ട്രൈക്കേഴ്സ് 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് നേടി. 22 റണ്‍സ് നേടിയ അശ്വിനു മികച്ച പിന്തുണ നല്‍കുവാന്‍ മറ്റ് ബാറ്റ്സ്മാന്മാര്‍ക്ക് കഴിയാതെ വന്നതാണ് തിങ്ക്പാമിനു തിരിച്ചടിയായത്.

ഇഗ്ലോബിനായി നിധീഷ് 4 വിക്കറ്റും, ധിജീഷ് ഗോപാല്‍ രണ്ട് വിക്കറ്റും നേടി. ഓരോ വിക്കറ്റുമായി ഷൈന്‍, കിരണ്‍ രവികുമാര്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

5ാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇഗ്ലോബ് വിജയം സ്വന്തമാക്കുകയായിരുന്നു. നിധീഷ് 21 റണ്‍സുമായി പുറത്താകാതെ നിന്നു. 15 റണ്‍സുമായി ഷൈനും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ആവേശപ്പോരാടത്തില്‍ നിയോലോജിക്സ്


ചെറിയ സ്കോറെങ്കിലും ആവേശകരമായ മത്സരത്തില്‍ നോക്മീ ടെക്നോളജീസിനെതിരെ ഒരു വിക്കറ്റ് വിജയം സ്വന്തമാക്കി നിയോലോജിക്സ് സൂപ്പര്‍ സ്ട്രൈക്കേഴ്സ്
ടോസ് നേടിയ നോക്മീ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും 6 വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് മാത്രമാണ് എടുക്കുവാന്‍ കഴിഞ്ഞത്. 14 റണ്‍സുമായി പ്രിജിന്‍ കുമാര്‍ പുറത്താകാതെ നിന്നു. നിയോലോജിക്സിനു വേണ്ടി ശ്രീഹരി, ശ്രീനാഥ്, ശ്രീജിത്ത്, അനിരുദ്ധ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

നിയോലോജിക്സിന്റെ ചേസിംഗും മെച്ചമുള്ളതായിരുന്നില്ല. ഒരു ബാറ്റ്സ്മാന്‍ പോലും രണ്ടക്കം കടന്നില്ലെങ്കിലും അവസാന ഓവറില്‍ വിജയം സ്വന്തമാക്കാന്‍ അവര്‍ക്കായി. ഗോകുല്‍ 6 റണ്‍സ് നേടി പുറത്താകാതെ നിന്നു.

28 റണ്‍സ് വിജയം സ്വന്തമാക്കി ട്രൈസന്‍സ്

ബൗളര്‍മാരുടെ കരുത്തില്‍ വോള്‍ട്ടാസിനെതിരെ 28 റണ്‍സ് വിജയം നേടി ട്രൈസന്‍സ്. ബോണി ജോസ്, എസ് ശ്രീരാജ് എന്നിവര്‍ നാല് വിക്കറ്റ് നേട്ടത്തിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് മത്സരത്തില്‍ പുറത്തെടുത്തത്. ട്രൈസന്‍സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് 8 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് നേടി. സനു(14), അരുണ്‍ ദേവ്(12) എന്നിവരായിരുന്നു ബാറ്റിംഗില്‍ മികവ് പുലര്‍ത്തിയത്. വോള്‍ടാസിനു വേണ്ടി വിഷ്ണു, രോഹന്‍ എന്നിവര്‍ രണ്ട് വിക്കറ്റും, വിനോദ്, നിബേഷ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

വോള്‍ടാസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് രണ്ട് ബാറ്റ്സ്മാന്മാര്‍ പവലിയനിലേക്ക് മടങ്ങി. രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റ് കൂടി വീണതോടെ മത്സരത്തിലേക്ക് വോള്‍ടാസിനു തിരിച്ചുവരവ് സാധ്യമല്ലാതെയായി. 16 റണ്‍സ് നേടിയ രോഹനാണ് ടോപ് സ്കോറര്‍. ട്രൈസന്‍സിനു വേണ്ടി ബോണിയ്ക്കും, ശ്രീരാജിനും പുറമേ ഷിജോ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. വോള്‍ടാസിന്റെ അഞ്ച് ബാറ്റ്സ്മാന്മാര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി.