ട്രെന്‍സറിനെ വീഴ്ത്തി ടീം എസ്‍സിഎസിനു, വിജയം 17 റണ്‍സിനു

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 17 റണ്‍സിന്റെ തോല്‍വിയുമായി ട്രെന്‍സര്‍. ആദ്യം ബാറ്റ് ചെയ്ത ടീം എസ്‍സിഎസ് നേടിയ 48 റണ്‍സ് പിന്തുടരാനിറങ്ങിയ ട്രെന്‍സറിനു 31 റണ്‍സ് മാത്രമേ നേടാനായുള്ളു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ട്രെന്‍സറിനു ബാറ്റിംഗ് ടീമിനെ 48 റണ്‍സില്‍ ഒതുക്കാനായിരുന്നു. 8 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തിലാണ് എസ്‍സിഎസ് 48 റണ്‍സ് നേടിയത്. സുരേഷ് കുമാര്‍(13), കാര്‍ത്തിക്(10) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റ്സ്മാന്മാര്‍. ട്രെന്‍സറിനു വേണ്ടി ഷെല്ലി സണ്ണി രണ്ടും അജിത്ത്, സനോജ് തോമസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രെന്‍സര്‍ ആറാം ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 31 റണ്‍സ് നേടിയ ടീമില്‍ 6 ബാറ്റ്സ്മാന്മാര്‍ അക്കൗണ്ട് തുറക്കാതെ പുറത്താകുകയായിരുന്നു. 14 റണ്‍സ് നേടിയ സനോജ് തോമസ് റണ്‍ഔട്ട് ആയതും ടീമിനു തിരിച്ചടിയായി. എബിന്‍ ആന്റണി(3), എല്‍ദോ മാത്യു(2), ദീപക് രാജീവ്(2) എന്നിവരാണ് ബൗളിംഗില്‍ എസ്‍സിഎസിനു വേണ്ടി തിളങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial