വിജയം സ്വന്തമാക്കി ക്വസ്റ്റ് വെറ്റ്, അലാമി

ഫെബ്രുവരി നാലിനു ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയ ക്വാളിഫിക്കേഷന്‍ റൗണ്ട് മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി ക്വസ്റ്റ് വൈറ്റ്, ഏരീസ് എപിക്ക, ടീം അലാമി, അലോകിന്‍, ലാബ്‍ഗ്ലോ, 4സ്പോട്സ് എന്നീ ടീമുകള്‍. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 4 വിക്കറ്റ് വിജയമാണ് ക്വസ്റ്റ് സ്പെറിഡിയന്‍ സ്ട്രൈക്കേഴ്സിനെതിരെ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത സ്പെറിഡിയന്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 8 ഓവറില്‍ 43 റണ്‍സ് നേടി. 24 റണ്‍സ് നേടിയ എസ് സലാമാണ് ടീമിന്റെ ടോപ് സ്കോറര്‍. ആറു വിക്കറ്റ് നഷ്ടത്തില്‍ 7.2 ഓവറില്‍ ക്വസ്റ്റ് വൈറ്റ് ലക്ഷ്യം മറികടക്കുകയായിരുന്നു. 26/6 എന്ന നിലയിലേക്ക് തകര്‍ന്ന ക്വസ്റ്റിനെ ഏഴാം വിക്കറ്റിനു ഒത്തു ചേര്‍ന്ന ടി മാത്യു(9*) എ വിനോദ്(12*) എന്നിവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

പോളസ് റോയല്‍ സ്ട്രൈക്കേഴ്സ് ഉയര്‍ത്തിയ 52 റണ്‍സ് ലക്ഷ്യത്തെ 5.4 ഓവറില്‍ ഏരീസ് എപിക്ക ബി ടീമിനെ മറികടക്കാന്‍ സഹായിച്ചത് ആനന്ദിന്റെ മികച്ച ബാറ്റിംഗ് ആയിരുന്നു. 25 റണ്‍സ് നേടി പുറത്താകാതെ നിന്ന ആനന്ദ് ആയിരുന്നു മത്സരത്തിലെ ടോപ് സ്കോറര്‍. പോളസിനു വേണ്ടി സാദ്ദുള്ള നേരത്തെ 23 റണ്‍സ് നേടിയരുന്നു.

മൂന്നാം മത്സരത്തില്‍ സ്റ്റാര്‍ ഇലവന്‍ – ടീം അലാമി എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. അലാമിയുടെ ഓപ്പണര്‍ കിരണ്‍ നരേന്ദ്രന്‍ പുറത്താകാതെ നേടിയ 33 റണ്‍സാണ് മത്സരത്തിന്റെ ഗതി നിര്‍ണ്ണയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍ ഇലവന്‍ 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗ് അലാമിയ്ക്ക് ആദ്യ പന്തില്‍ തന്നെ റണ്‍ഔട്ട് രൂപത്തില്‍ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറില്‍ ശ്രീജിത്തിനെ നഷ്ടമായ അലാമി 5/2 എന്ന നിലയിലായിരുന്നുവെങ്കിലും കിരണ്‍ നരേന്ദ്രന്‍ ടീമിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ജയശങ്കറുമായി(6) ചേര്‍ന്ന് നേടിയ 31 റണ്‍സ് മത്സരം ഏറെക്കുറെ അലാമിയ്ക്ക് അനുകൂലമാക്കുകയായിരുന്നു. ജയശങ്കര്‍ പുറത്തായ ശേഷം സമചിത്തതയോടെ ബാറ്റ് വീശിയ കിരണ്‍ ടീമിനെ വിജയത്തിലേക്ക് എത്തിയ്ക്കുകയായിരുന്നു.

ടീം അലാമി

മറ്റു മത്സരങ്ങളില്‍ ബിറ്റാല്‍ സോഫ്ട്വെയര്‍ സൊല്യൂഷന്‍സിനെ 10 വിക്കറ്റിനു അലോകിന്‍ പരാജയപ്പെടുത്തുകയായിരുന്നു. 41 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ അലോകിനു വേണ്ടി 20 റണ്‍സ് നേടിയ എം റാഷിക് , 15 റണ്‍സ് നേടിയ കുമാര്‍ എന്നിവരായിരുന്നു ടീമിന്റെ വിജയശില്പികള്‍. ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത റാഷിക് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.

9 വിക്കറ്റ് വിജയവുമായാണ് ലാബ്‍ഗ്ലോ തങ്ങളുടെ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് പടയോട്ടം ആരംഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇ ടീം ഇന്‍ഫോര്‍മാറ്റിക്ക ഉയര്‍ത്തിയ 33 റണ്‍സ് വിജയലക്ഷ്യം ജയപാൽ ധര്‍മ്മമണിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ സഹായത്തോടെ(10 പന്തില്‍ 21 റണ്‍സ്) 3.3 ഓവറില്‍ മറികടക്കുകയായിരുന്നു ലാബ്‍ഗ്ലോ.

ദിവസത്തെ അവസാന മത്സരത്തില്‍ ബിജിഐ ബുഷ്റേഞ്ചേഴ്സിനെ 8 വിക്കറ്റിനാണ് 4സ്പോട്സ് തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബുഷ്റേഞ്ചേഴ്സ് 6 വിക്കറ്റ് നഷ്ട്ത്തില്‍ 53 റണ്‍സ് നേടുകയായിരുന്നു. അരുണ്‍ കുമാര്‍ 25 റണ്‍സായിരുന്നു ബുഷ്റേഞ്ചേഴ്സിന്റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ 4സ്പോട്സിനു വേണ്ടി കബീര്‍(18), ഷകീര്‍(16*), സോമന്‍(15*) എന്നിവരാണ് മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. 6ാം ഓവറില്‍ ലക്ഷ്യം മറികടക്കാന്‍ 4സ്പോട്സിനായി.

Score courtesy : മുരുകന്‍ ക്രിക്കറ്റ് ക്ലബ്ബ്