ഫൈക്കണിനെ മറികടന്ന് അലോകിന്‍

ടിപിഎല്‍-ലെ ഏക വനിത ക്യാപ്റ്റനും കളിക്കാരിയുമായ ലക്ഷ്മി രാജുവിന്റെ നേതൃത്വത്തിലിറങ്ങുന്ന അലോകിനു നാല് റണ്‍സ് ജയം. ഫൈക്കണ്‍ പൈറേറ്റ്സിനെതിരെയാണ് അലോകിന്‍ വിജയം സ്വന്തമാക്കിയത്. ഋഷി എസ് കുമാര്‍, അഫീക് ഇബ്രാഹിം എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത അലോകിന്‍ 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് നേടി. 31 റണ്‍സാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും അടിച്ചെടുത്തത്. 25 റണ്‍സാണ് ഋഷി നേടിയത്. 17 റണ്‍സുമായി അഫീക് മികച്ച പിന്തുണ നല്‍കി. 9 റണ്‍സ് എക്സ്ട്രാസ് രൂപത്തില്‍ ഫൈക്കണ്‍ വഴങ്ങി.

ഫൈക്കണിനു വേണ്ടി നായകന്‍ അജിത്ത്, അരുണ്‍ എഎസ് എന്നിവര്‍ രണ്ട് വിക്കറ്റും ശിവദത്ത് ഒരു വിക്കറ്റും നേടി.

65 റണ്‍സ് തേടി ഇറങ്ങിയ ഫൈക്കണിനു രണ്ട് വിക്കറ്റ് മാത്രമേ നഷ്ടമായുള്ളുവെങ്കിലും ലക്ഷ്യത്തിനു 4 റണ്‍സ് അകലെ മാത്രമേ എത്തുവാന്‍ കഴിഞ്ഞുള്ളു. സന്ദീപ് 36 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റില്‍ 49 റണ്‍സാണ് സന്ദീപും നായകന്‍ അജിത്തും നേടിയത്. എന്നാല്‍ 4 പന്ത് ശേഷിക്കേ അജിത്ത് പുറത്തായത് ടീമിനു തിരിച്ചടിയായി. 12 റണ്‍സ് നേടിയെങ്കിലും അതിനായി 20 പന്ത് വേണ്ടി വന്നതും ഫൈക്കണിന്റെ ചേസിംഗിനെ ബാധിച്ചു.

അലോകിനു വേണ്ടി അഫീക്ക്, ഋഷി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.