പിറ്റ്സ് ബ്ലൂവിന് 5 വിക്കറ്റ് വിജയം

ടിപിഎലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മാക് സ്ട്രൈക്കേഴ്സിനെതിരെ 5 വിക്കറ്റ് വിജയവുമായി പിറ്റ്സ് ബ്ലൂ. ആദ്യം ബാറ്റ് ചെയ്ത മാക് സ്ട്രൈക്കേഴ്സിനെ 7 വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സില്‍ എറിഞ്ഞ് പിടിച്ച ശേഷം 6.4 ഓവറിലാണ് പിറ്റ്സ് ബ്ലൂവിന്റെ വിജയം. അര്‍ജ്ജുന്‍ കുമാര്‍(17*), മനോജ്(15) എന്നിവരാണ് പിറ്റ്സിന്റെ വിജയ ശില്പികള്‍.

പിറ്റ്സിനായി ബൗളിംഗില്‍ രഞ്ജിത്ത് ജോസ്, അര്‍ജ്ജുന്‍ ജഗദീഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. രഞ്ജിത്ത് 5 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് 2 വിക്കറ്റ് നേടിയത്. മാക് സ്ട്രൈക്കേഴ്സിന്റെ ടോപ് സ്കോറര്‍ 12 റണ്‍സ് നേടിയ മഹേഷ് മോഹനാണ്. അലോക് കൃഷ്ണ 11 റണ്‍സ് നേടി.

ട്രെന്‍സറിനെതിരെ 13 റണ്‍സ് വിജയവുമായി ആര്‍എം യുണൈറ്റഡ്

ടിപില്‍ 2020ല്‍ ഇന്ന് നടന്ന മത്സരത്തില്‍ 13 റണ്‍സ് വിജയവുമായി ആര്‍എം യുണൈറ്റഡ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍എം 6 വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ട്രെന്‍സിന് 8 വിക്കറ്റ് നഷ്ടത്തില്‍ എട്ടോവറില്‍ 55 റണ്‍സ് മാത്രമേ നേടാനായുള്ളു.

9 പന്തില്‍ 23 റണ്‍സ് നേടി അനുരാജ് ട്രെന്‍സറിന് പ്രതീക്ഷ നല്‍കിയെങ്കിലും സജീവ്(11) ഒഴികെ മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ ടീം തോല്‍വിയിലേക്ക് വീണു. അവസാന ഓവറിലെ ആദ്യ പന്തിലാണ് അനുരാജ് പുറത്തായത്. ആര്‍എം യുണൈറ്റഡിന് വേണ്ടി സുകേഷ്, എംപി വിനോദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആര്‍എം വിശാഖ്(21), സുജിത്ത്(5 പന്തില്‍ 13), സുകേഷ്(5 പന്തില്‍ പുറത്താകാതെ 11) എന്നിവരുടെ ബലത്തില്‍ 68/6 എന്ന സ്കോര്‍ നേടുകയായിരുന്നു. ട്രെന്‍സറിന് വേണ്ടി ദ്വാരകേഷ് നാല് വിക്കറ്റ് നേടി.

ഫിനസട്ര സ്ട്രൈക്കേഴ്സിനെതിരെ 10 റണ്‍സ് വിജയവുമായി മുത്തൂറ്റ് ടെക് & ഫിന്‍കോര്‍പ്

അനീഷിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ ഫിനസ്ട്രയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 86 റണ്‍സ് നേടിയ മുത്തൂറ്റ് ടെക് & കോര്‍പിന് 10 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റിന് വേണ്ടി അനീഷ് 28 പന്തില്‍ പുറത്താകാതെ 44 റണ്‍സും ബാനര്‍ജ്ജി രാജന്‍ പത്ത് പന്തില്‍ 21 റണ്‍സും നേടിയപ്പോള്‍ ആര്‍ജെ ആനന്ദ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. ആനന്ദ് 9 പന്തില്‍ നിന്ന് 18 റണ്‍സാണ് നേടിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആണ് മുത്തൂറ്റ് 86 റണ്‍സ് നേടിയത്.

മറുപടി ബാറ്റിംഗില്‍ ജിബിന്‍ ജെ ഫ്രെഡ്ഡിയും അജിത്തും ടീമിനായി പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ ഫിനസ്ട്രയുടെ പോരാട്ടം 76 റണ്‍സില്‍ ഒതുങ്ങി. 5 വിക്കറ്റാണ് ടീമിന് നഷ്ടമായത്. ജിബിന്‍ 23 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ അജിത്ത് 15 പന്തില്‍ നിന്ന് 21 റണ്‍സ് നേടി. വിനോദ് 3 പന്തില്‍ 7 റണ്‍സും നേടി.

അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ഫിനസ്ട്ര നേടേണ്ടിയിരുന്നത്. ക്രീസില്‍ ജിബിന്‍ നിന്നപ്പോള്‍ ടീമിന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും മൂന്നാം പന്തില്‍ താരത്തെ പുറത്താക്കി വിശാഖ് മത്സരത്തില്‍ നിര്‍ണ്ണായകമായ വിക്കറ്റ് നേടി മുത്തൂറ്റിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. വിനോദ് തന്റെ വരവ് സിക്സോടെയാണ് തുടങ്ങിയതെങ്കിലും പിന്നീടുള്ള രണ്ട് പന്തില്‍ വലിയ ഷോട്ട് ആ ബാറ്റില്‍ നിന്ന് പിറന്നില്ല.

6.2 ഓവറില്‍ വിജയം കൈവരിച്ച് ഫിനസ്ട്ര സ്ട്രൈക്കേഴ്സ്, ഇനാപ്പിനെ പരാജയപ്പെടുത്തിയത് 8 വിക്കറ്റിന്

ടിപിഎല്‍ 2020ല്‍ ഇന്ന് നടന്ന അവസാന മത്സരത്തില്‍ എട്ട് വിക്കറ്റ് വിജയം നേടി ഫിനസ്ട്ര സ്ട്രൈക്കേഴ്സ്. ഇന്ന് ഇനാപ് റെഡ്ബുള്‍സിനെയാണ് ഫിനസ്ട്ര പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇനാപ് 8 വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സാണ് നേടിയത്. ഓപ്പണര്‍ അരവിന്ദ് സഞ്ജീവ് 28 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മറ്റാര്‍ക്കും തന്നെ 5ന് മേലുള്ള സ്കോര്‍ നേടാനായില്ല. ഫിനസ്ട്രയ്ക്കായി അര്‍ജ്ജുന്‍ രാജ കൃഷ്ണന്‍ 3 വിക്കറ്റ് വീഴ്ത്തി. പ്രശാന്ത് ശിവന്‍ രണ്ടും വിക്കറ്റാണ് വീഴ്ത്തിയത്.

ബാറ്റിംഗില്‍ ഫിനസ്ട്രയ്ക്കായി 19 പന്തില്‍ 30 റണ്‍സ് നേടി പുറത്താകാതെ നിന്ന വിപിന്‍ നായരും 8 പന്തില്‍ 17 റണ്‍സ് നേടിയ വിപിന്‍ കൊല്ലാരത്തുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഇനാപ്പിനായി ബോബിന്‍ ലൂക്കോസ് രണ്ട് വിക്കറ്റ് നേടി. 6.2 ഓവറിലാണ് 8 വിക്കറ്റ് വിജയം ഫിനസ്ട്ര കരസ്ഥമാക്കിയത്.

ഐക്കണ്‍ ബ്ലാക്സിനെതിരെ 8 വിക്കറ്റ് വിജയവുമായി ആക്സിയന്‍സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2020ന്റെ രണ്ടാം ഘട്ട റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ആക്സിയന്‍സിന് ഇന്ന് 8 വിക്കറ്റ് വിജയം. എതിരാളികളായ ഐക്കണ്‍ ബ്ലാക്സിനെതിരെയാണ് ആക്സിയന്‍സിന്റെ മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത ഐക്കണ്‍ ബ്ലാക്സ് 7.4 ഓവറില്‍ 50 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 5 ഓവറില്‍ ആക്സിയന്‍സ് വിജയം ഉറപ്പാക്കി.

മൂന്ന് വീതം വിക്കറ്റ് നേടിയ അഖില്‍ ബാബു, അനീഷ് കുമാര്‍ എന്നിവര്‍ക്കൊപ്പം രണ്ട് വിക്കറ്റ് വീഴ്ത്തി പ്രേം കൃഷ്ണയും മികവ് പുലര്‍ത്തിയാണ് ഐക്കണിനെ എറിഞ്ഞൊതുക്കുവാന്‍ ആക്സിയന്‍സിന് സഹായകരമായത്. 12 റണ്‍സ് എക്സ്ട്രാസ് രൂപത്തില്‍ വന്നപ്പോള്‍ 10 വീതം റണ്‍സ് നേടി പ്രവീണ്‍, വൈഷ്ണവ് എന്നിവരാണ് ഐക്കണ്‍ ബ്ലാക്സിന്റെ ബാറ്റ്സ്മാന്മാരില്‍ രണ്ടക്ക സ്കോറിലേക്ക് എത്തി.

ആക്സിയന്‍സിനായി ബാറ്റിംഗില്‍ 19 പന്തില്‍ പുറത്താകാതെ 27 റണ്‍സ് നേടി ടിഎസ് ശ്രീനിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അനീഷ് കുമാര്‍ 9 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഹരീഷ് രാജ് 7 റണ്‍സ് നേടി.

ഐബിഎസിന് വേണ്ടി അനുലിന്റെ ഒറ്റയാള്‍ പോരാട്ടം, കെയര്‍സ്റ്റാക്ക് വൈറ്റിന് ജയം ഒരുക്കി വിഷ്ണുവും നിഖിലും

ഐബിഎസ് ബ്ലൂവിനെതിരെ 6 വിക്കറ്റ് വിജയവുമായി കെയര്‍സ്റ്റാക്ക് വൈറ്റ്. ഇന്ന് നടന്ന ടിപിഎല്‍ രണ്ടാം റൗണ്ട് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഐബിഎസ് ബ്ലൂവിന് വേണ്ടി 28 പന്തില്‍ 45 റണ്‍സുമായി അനുല്‍ പുറത്താക്കാതെ നിന്നപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ കാര്യമായ സംഭാവന ബാറ്റിംഗില്‍ ചെയ്യാനായില്ല. 4 പന്തില്‍ പുറത്താകാതെ 7 റണ്‍സ് നേടിയ ടാര്‍സന്‍ ബെനിറ്റ് ആണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. 8 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് ആണ് ഐബിഎസ് നേടിയത്.

കെയര്‍സ്റ്റാക്കിന്റെ തുടക്കം നിരാശാജനകമായിരുന്നു. കൃഷ്ണന്‍ ഉണ്ണി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാരായ റൂബന്‍ ചാക്കോയും അരുണ്‍ ദാസും തിരികെ മടങ്ങിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് പൂജ്യമായിരുന്നു. യദു കൃഷ്ണനും നിഖിലും രണ്ടാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടുകെട്ട് നേടി. 17 പന്തില്‍ 21 റണ്‍സാണ് നിഖില്‍ നേടിയത്. മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 34 റണ്‍സായിരുന്നു ടീം നേടേണ്ടിയിരുന്നത്.

ആറാം ഓവര്‍ എറിഞ്ഞ രഞ്ജിത്ത് കൃഷ്ണന്റെ ഓവറിലാണ് മത്സരം കെയര്‍സ്റ്റാക്ക് തിരിച്ച് പിടിച്ചത്. ആദ്യ പന്തില്‍ സിക്സ് നേടിയ ശേഷം ഓവറില്‍ നിഖിലിനെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ വിഷ്ണു എസ് നായര്‍ രണ്ട് സിക്സും ഒരു ഫോറും നേടിയപ്പോള്‍ ഓവറില്‍ നിന്ന് മാത്രം 24 റണ്‍സ് പിറന്നു.

അവസാന രണ്ടോവറില്‍ 10 റണ്‍സ് നേടേണ്ടിയിരുന്ന കെയര്‍സ്റ്റാക്കിന് യദുവിന്റെ(14) വിക്കറ്റ് നഷ്ടമായെങ്കിലും 7 പന്തില്‍ നിന്ന് 22 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു എസ് നായര്‍ ടീമിന്റ വിജയം ഉറപ്പാക്കി. ഐബിഎസിന് വേണ്ടി കൃഷ്ണന്‍ ഉണ്ണി മൂന്ന് വിക്കറ്റ് വീഴ്ത്തി.

12 പന്തില്‍ 35 റണ്‍സുമായി അജിത്ത്, അനായാസ വിജയവുമായി ജിഡിഎസ് ഇലവന്‍

ടിപിഎല്‍ 2020ന്റെ രണ്ടാം ഘട്ടത്തില്‍ മികച്ച വിജയം കരസ്ഥമാക്കി ജിഡിഎസ് ഇലവന്‍. ഇന്ന് നടന്ന മത്സരത്തില്‍ ട്രിവ് ആന്‍ഡ് സിംപ്ലോജിക്സിനെയാണ് ജിഡിഎസ് പരാജയപ്പെടുത്തിയത്. ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രിവ് ആന്‍ഡ് സിംപ്ലോജിക്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സാണ് നേടിയത്. നൗഷാദ്(17), സലീം രാജന്‍(13), വിശ്വനാഥ്(12) എന്നിവരാണ് ടീമിനായി ബാറ്റിംഗില്‍ തിളങ്ങിയത്. ബൗളിംഗില്‍ ജിഡിഎസിന് വേണ്ടി നിഖില്‍, ജിഎസ് അരുണ്‍, അരുണ്‍ എസ് നായര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ബാറ്റിംഗിനെത്തിയ ജിഡിഎസ് ലക്ഷ്യം 6.4 ഓവറിലാണ് സ്വന്തമാക്കിയത്. 12 പന്തില്‍ അഞ്ച് സിക്സ് സഹിതം 35 റണ്‍സുമായി പുറത്താകാതെ നിന്ന അജിത്താണ് ടീമിന്റെ വിജയ ശില്പി. ടോപ് ഓര്‍ഡറില്‍ ശ്രീകാന്ത് 19 റണ്‍സുമായും ജിഎസ് അരുണ്‍ 12 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ പങ്കാളിയായി.

കോഗ്നബിനെതിരെ 19 റണ്‍സ് വിജയവുമായി എച്ച്&ആര്‍ ബ്ലോക്ക് വൈറ്റ്സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ രണ്ടാം ഘട്ടത്തില്‍ 19 റണ്‍സ് വിജയം കരസ്ഥമാക്കി എച്ച്&ആര്‍ ബ്ലോക്ക് വൈറ്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ എതിരാളികളായ കോഗ്നബിനെയാണ് ടീം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത എച്ച്&ആര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സാണ് എട്ടോവറില്‍ നേടിയത്. 24 റണ്‍സുമായി പുറത്താകാതെ നിന്ന ജയന്‍ രഘു, 23 റണ്‍സ് നേടിയ ശരത്ത് എന്നിവരാണ് ടീമിനായി തിളങ്ങിയത്.

കോഗ്നബിന് വേണ്ടി ചന്ദ്രബോസ് 17 പന്തില്‍ പുറത്താകാതെ 31 റണ്‍സ് നേടിയപ്പോള്‍ മറ്റു താരങ്ങളില്‍ നിന്ന് സമാനമായൊരു ഇന്നിംഗ്സ് വരാതിരുന്നത് കോഗ്നബിന് തിരിച്ചടിയായി. 14 റണ്‍സ് നേടിയ കൃഷ്ണകുമാറാണ് മറ്റൊരു പ്രധാന സ്കോറര്‍. മിഥുന്‍ ലാല്‍ എച്ച്&ആര്‍ ബ്ലോക്കിന് വേണ്ടി രണ്ട് വിക്കറ്റഅ നേടി. കോഗ്നബ് 5 വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സാണ് നേടിയത്.

അമൃതിന്റെ ആദ്യ ഓവറില്‍ കളി കൈവിട്ട് സിഫി, 0/4 എന്ന നിലയില്‍ അനന്തുവിന്റെ മികവില്‍ പൊരുതാവുന്ന സ്കോറിലെത്തിയെങ്കിലും സിഫി തണ്ടറിനെ വീഴ്ത്തി നിസ്സാന്‍ ബ്രേവ്ഹാര്‍ട്സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ആദ്യ റൗണ്ടില്‍ മികച്ച വിജയവുമായി എത്തിയ സിഫി തണ്ടറിന് രണ്ടാം ഘട്ടത്തില്‍ രണ്ടാം തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ നിസ്സാന്‍ ബ്രേവ്ഹാര്‍ട്സ് ടീമിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിഫി 68/8 എന്ന സ്കോര്‍ നേടിയപ്പോള്‍ നിസ്സാന്‍ 6.1 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 70 റണ്‍സ് നേടിയാണ് വിജയം കുറിച്ചത്.

നിസ്സാന് വേണ്ടി മന്‍സൂര്‍ 10 പന്തില്‍ 23 റണ്‍സ് നേടി പുറത്താകാതെ ജയം ഉറപ്പിക്കുകയായിരുന്നു. പുരുഷോത്തം 14 റണ്‍സിന്റെ നിര്‍ണ്ണായക സംഭാവന നല്‍കി. സിഫിയ്ക്കായി അബു സാലി രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിഫി നിരയില്‍ 31 പന്തില്‍ 45 റണ്‍സ് നേടിയ അനന്തു മാത്രമാണ് പൊരുതി നിന്നത്. അമൃത് ജാ എറിഞ്ഞ ആദ്യ ഓവറില്‍ സ്കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍ പിറക്കുന്നതിന് മുമ്പ് മൂന്ന് വിക്കറ്റുകള്‍ സിഫിയ്ക്ക് നഷ്ടമായി. അടുത്ത ഓവറില്‍ അബു സാലിയെയും നഷ്ടമായപ്പോള്‍ ടീം 0/4 എന്ന പരിതാപകരമായ നിലയില്‍ ആയിരുന്നു.

പിന്നീട് 5 സിക്സ് അടക്കം നേടിയ അനന്തു പുറത്താകാതെ നിന്നാണ് സിഫിയെ 68 റണ്‍സിലേക്ക് എത്തിച്ചത്. അമൃത് ആദ്യ ഓവറിലെ മൂന്ന് വിക്കറ്റ് ഉള്‍പ്പെടെ നാല് വിക്കറ്റാണ് മത്സരത്തില്‍ നേടിയത്.

സൂപ്പര്‍ ഓവറില്‍ വിജയം ടീം യുണൈറ്റഡിന്

ടിപിഎല്‍ 2020ലെ ആദ്യ സൂപ്പര്‍ മത്സരത്തില്‍ വിജയം കരസ്ഥമാക്കി ടീം യുണൈറ്റഡ്. ഇന്ന് ഐസിഫോസിനെതിരെയുള്ള മത്സരത്തില്‍ ഇരു ടീമുകളും 86 റണ്‍സ് നേടി തുല്യത പാലിച്ചപ്പോള്‍ സൂപ്പര്‍ ഓവറില്‍ വിജയം യുണൈറ്റഡിനൊപ്പം നിന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം യുണൈറ്റഡ് 86/6 എന്ന സ്കോറാണ് എട്ടോവറില്‍ നിന്ന് നേടിയത്. 12 പന്തില്‍ 27 റണ്‍സ് നേടിയ റെജി, 9 പന്തില്‍ 21 റണ്‍സ് നേടി ദീപക് മോഹന്‍ എന്നിവര്‍ക്കൊപ്പം രഞ്ജു കുമാറും(18) ടീം യുണൈറ്റഡ് ബാറ്റിംഗില്‍ തിളങ്ങുകയായിരുന്നു. ഐസിഫോസിന് വേണ്ടി ശിവപ്രസാദ് മൂന്ന് വിക്കറ്റ് നേടി.

ഐസി ഫോസിന് വേണ്ടി പിഎം മനുവും പ്രദീപ് ഫ്രെഡ്ഡിയും തകര്‍ത്തടിച്ചപ്പോള്‍ ടീം യുണൈറ്റഡിന്റെ സ്കോറിനൊപ്പമെത്തുവാന്‍ ഐസിഫോസിനായി. മനു 28 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ പ്രദീപ് ഫ്രെഡ്ഡി 18 പന്തില്‍ നിന്ന് 28 റണ്‍സ് നേടി. അവസാന ഓവറില്‍ വിജയിക്കുവാന്‍ 18 റണ്‍സ് വേണ്ടിയിരുന്നു ഐസിഫോസിനായി ആദ്യ രണ്ട് പന്തുകളില്‍ സിക്സുമായി മനു ടീമിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. അടുത്ത പന്തില്‍ ഡബിള്‍ നേടിയതോടെ ലക്ഷ്യം വെറും 3 പന്തില്‍ നാലായി മാറിയെങ്കിലും അടുത്ത പന്തില്‍ മനു പുറത്തായത് ടീമിന് തിരിച്ചടിയായി. അവസാന പന്തില്‍ ജയിക്കുവാന്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്ന ഐസിഫോസിന് രണ്ട് റണ്‍സ് മാത്രമേ നേടാനായുള്ളു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഐസിഫോസിന് വെറും 7 റണ്‍സാണ് ഒരു വികക്റ്റ് നഷ്ടത്തില്‍ നേടാനായത്. വലിയ ഷോട്ട് ഒന്നും തന്നെ നേടുവാന്‍ താരങ്ങള്‍ക്കായില്ല. ബാറ്റിംഗിനിറങ്ങിയ ടീം യുണൈറ്റഡിന് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായെങ്കിലും അടുത്ത രണ്ട് പന്തുകളില്‍ ഒരു സിക്സും ഫോറും നേടി രഞ്ജു ടീമിനെ വിജയത്തിലേക്ക് നയിച്ചു.

അരവിന്ദന്‍ അശോകന്റെ ഇന്നിംഗ്സ് വിഫലം, 10 പന്തില്‍ 30 റണ്‍സുമായി ജലിന്‍ മണി ഫ്ലൈടെക്സ്റ്റിന്റെ വിജയശില്പി

ജലിന്‍ മണിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ അടിത്തറയില്‍ വേ ബ്ലാസ്റ്റേഴ്സിനെതിരെ മിന്നും ജയം നേടി ടീം ഫ്ലൈടെക്സ്റ്റ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വേ ബ്ലാസ്റ്റേഴ്സ് എട്ടോവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സാണ് നേടിയത്. 21 പന്തില്‍ 45 റണ്‍സ് നേടിയ അരവിന്ദര്‍ അശോകന്റെയും 20 റണ്‍സ് നേടി പുറത്താകാതെ നിന്ന പീര്‍മുഹമ്മദിന്റെയും പ്രകടനത്തിലാണ് ടീം 87 റണ്‍സെന്ന മികച്ച സ്കോറിലേക്ക് എത്തിയത്. 4 സിക്സ് അടക്കം മികച്ച സ്ട്രൈക്ക്റേറ്റിലായിരുന്നു അരവിന്ദന്‍ അശോകന്റെ പ്രകടനം.

10 പന്തില്‍ നാല് സിക്സുകളുടെ സഹായത്തോടെ 30 റണ്‍സ് നേടിയ ജലിന്‍ മണിയാണ് മത്സരം ഫ്ലൈടെക്സ്റ്റിന് അനുകൂലമാക്കി മാറ്റി മറിച്ചത്. 18 പന്തില്‍ 47 എന്ന നിലയില്‍ നില്‍ക്കവെ ആറാം ഓവറില്‍ 14 റണ്‍സ് നേടുവാന്‍ ടീമിനെ ജലിന്‍ സഹായിച്ചു. 12 പന്തില്‍ 33 റണ്‍സെന്ന നിലയില്‍ പീര്‍മുഹമ്മദ് എറിഞ്ഞ ഏഴാമത്തെ ഓവറില്‍ മൂന്ന് സിക്സ് അടക്കം നേടിയാണ് ജലിന്‍ മത്സരം മാറ്റി മറിച്ചത്. അടുത്ത പന്തില്‍ താരം പുറത്തായെങ്കിലും ലക്ഷ്യം അവസാന ഓവറില്‍ പത്ത് റണ്‍സായി ചുരുങ്ങിയിരുന്നു.

കൃഷ്ണ റെഡ്ഢി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ നോബോള്‍ ഉള്‍പ്പെടെ ഏഴ് റണ്‍സാണ് പിറന്നത്. അടുത്ത പന്തില്‍ മൂന്ന് റണ്‍സ് നേടി ആദര്‍ശ് അശോക് ടീമിന്റെ വിജയം ഉറപ്പാക്കി. ആദര്‍ശ് അശോക് 2 പന്തില്‍ നിന്ന് 9 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബിശ്വരഞ്ജന്‍ ജെന 12 റണ്‍സും ശിവ കൃഷ്ണന്‍ 13 റണ്‍സും നേടി.

7.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഫ്ലൈ ടെക്സ്റ്റിന്റെ വിജയം. വേ ബ്ലാസ്റ്റേഴ്സിന് വേണ്ടി മെല്‍ബിന്‍ കെ ജോസഫ് 2 വിക്കറ്റ് വീഴ്ത്തി.

ബാറ്റിംഗില്‍ തിളങ്ങി അമല്‍, ബൗളിംഗില്‍ ഹാട്രിക്കുമായി പ്രവീണ്‍, 7 റണ്‍സ് ജയം സ്വന്തമാക്കി എസ്ഐ കലിപ്സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ എസ്ഐ കലിപ്സിന് വിജയം. ഐഐഐടിഎം-കെയ്ക്കെതിരെയാണ് കലിപ്സിന്റെ 7 റണ്‍സ് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത എസ്ഐ കലിപ്സ് എട്ടോവറില്‍ 84/5 എന്ന സ്കോര്‍ നേടുകയായിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ പ്രവീണിനെ നഷ്ടമായ ടീമിനെ മുന്നോട്ട് നയിച്ചത് 24 പന്തില്‍ നിന്ന് 38 റണ്‍സ് നേടി അമലിന്റെ പ്രകടനമാണ്. രണ്ട് ഫോറും 3 സിക്സും സഹിതം അമല്‍ പുറത്താകാതെ നിന്നപ്പോള്‍ ടീമിന് 15 റണ്‍സ് എക്സ്ട്രാസ് ഇനത്തിലും ലഭിച്ചു. ഐഐഐടിഎം-കെയ്ക്ക് വേണ്ടി മാനുവല്‍ ജോണ്‍സ് 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനെത്തിയ ഐഐഐടിഎം-കെ ആദ്യ ഓവറില്‍ തന്നെ 18 റണ്‍സ് നേടി മികച്ച തുടക്കം സ്വന്തമാക്കിയെങ്കിലും വിടി പ്രവീണിന്റെ രണ്ടാം ഓവറില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. 1.3 ഓവറില്‍ 21 റണ്‍സ് നേടിയ ടീം പ്രവീണിന്റെ ഓവര്‍ കഴിഞ്ഞപ്പോള്‍ 22/3 എന്ന നിലയിലേക്ക് വീണു.

പിന്നീട് റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ ബാറ്റിംഗ് ടീമിന്റെ ലക്ഷ്യം അവസാന നാലോവറില്‍ 53 റണ്‍സായിരുന്നു. എല്‍ദോസ് ബാബു(19), അഭിജിത്ത് എം പിള്ളെ(16*) പൊരുതി നോക്കിയെങ്കിലും എട്ടോവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സേ ഐഐഐടിം-കെയ്ക്ക് നേടാനായുള്ളു.

പ്രവീണ്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കുവാന്‍ 19 റണ്‍സായിരുന്നു ഐഐഐടിഎം-കെ നേടേണ്ടിയിരുന്നത്. ഓവറില്‍ എക്സ്ട്രാസ് ഇനത്തില്‍ റണ്‍സ് വന്നുവെങ്കിലും കൂറ്റനടി വരാതിരുന്നപ്പോള്‍ 11 റണ്‍സ് മാത്രമേ ബാറ്റിംഗ് ടീമിന് നേടാനായുള്ളു.

Exit mobile version