ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് നാളെ ആരംഭിക്കുന്നു!!!

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് തിരികെ എത്തുന്നു. നാളെയാണ് കോവിഡ് കാരണം നിര്‍ത്തിവെച്ച ടൂര്‍ണ്ണമെന്റിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ പുനരാരംഭിയ്ക്കുന്നത്. മാര്‍ച്ച് 2020ൽ കോവിഡ് നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ നിര്‍ത്തിവെച്ച ടൂര്‍ണ്ണമെന്റ് പുനരാരംഭിക്കുവാനുള്ള നടപടി സംഘാടകരായ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടായെങ്കിലും കോവിഡിന്റെ രണ്ടാം, മൂന്നാം തരംഗം, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, കമ്പനികളുടെ വര്‍ക്ക് ഫ്രം ഹോം സംവിധാനം എല്ലാം ഈ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു.

ഇപ്പോള്‍ കോവിഡ് സാഹര്യങ്ങള്‍ മെച്ചപ്പെടുകയും നിയന്ത്രങ്ങളിൽ ഇളവ് വരികയും ചെയ്തതോടെ ടെക്നോപാര്‍ക്ക് അധികാരികള്‍ ടൂര്‍ണ്ണമെന്റ് പുനരാരംഭിക്കുവാനുള്ള അനുമതി നല്‍കിയതോടെ വീണ്ടും ടെക്നോപാര്‍ക്കിൽ ക്രിക്കറ്റ് ആരവം ഉയരുകയാണ്.

മിക്ക കമ്പനികളുടെയും പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയിലായിലെങ്കിലും ടൂര്‍ണ്ണെന്റുമായി സഹകരിക്കുവാന്‍ സന്നദ്ധത അവര്‍ അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. ലഭ്യമായ കളിക്കാരുമായി ടൂര്‍ണ്ണമെന്റ് വിജയകരമായി പൂര്‍ത്തിയാക്കുവാനാണ് ഇവരുടെ ശ്രമം.

ഏപ്രിലിലെ കൊടു ചൂടിനെ അതിജീവിക്കേണ്ട വലിയ കടമ്പ ടെക്കികളെ കാത്തിരിക്കുമ്പോള്‍ ഈ ചൂടിന്റെ കാഠിന്യത്തെയും വര്‍ക്ക് ഫ്രം ഹോമിലുള്ള താരങ്ങള്‍ക്ക് ഏറ്റവും കുറച്ച് നാള്‍ ടൂര്‍ണ്ണമെന്റിനായി തലസ്ഥാന നഗരിയിൽ തങ്ങേണ്ട രീതിയിലാണ് മുരുഗന്‍ ക്രിക്കറ്റ് ക്ലബ് അവശേഷിക്കുന്ന ഫിക്സ്ച്ചറുകള്‍ തയ്യാറാക്കിയിട്ടുള്ളത്.

റസ്സല്‍ മോഡില്‍ ഷിഹാസ്, ടിപിഎല്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി യുണൈറ്റഡ് വാരിയേഴ്സ്, ഹൈ സ്കോറിംഗ് മത്സരത്തില്‍ ജയം 21 റണ്‍സിന്

ഓപ്പണര്‍ എഎസ് ഷിഹാസിന്റെ തകര്‍പ്പന്‍ അടികള്‍ കണ്ട മത്സരത്തില്‍ ജിഡിഎസിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി യുണൈറ്റഡ് വാരിയേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുണൈറ്റഡ് വാരിയേഴ്സിന് വേണ്ടി 23 പന്തില്‍ നിന്ന് 77 റണ്‍സാണ് ഷിഹാസ് നേടിയത്. 4 ഫോറും 8 സിക്സും അടക്കം ഷിഹാസ് മികവ് പുലര്‍ത്തിയപ്പോള്‍ അരുണ്‍ ബോസ്, അസ്ലാജ് എന്നിവര്‍ 17 റണ്‍സ് വീതം നേടി. 4 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് യുണൈറ്റഡ് വാരിയേഴ്സ് നേടിയത്.

മറുപടി ബാറ്റിംഗില്‍ ജിഡിഎസും ബാറ്റിംഗ് മികവ് കാണിച്ചുവെങ്കിലും പടുകൂറ്റന്‍ സ്കോര്‍ ചേസ് ചെയ്യുന്നതിനിടയില്‍ കാലിടറി 21 റണ്‍സിന്റെ തോല്‍വിയിലേക്ക് ടീം വീണു. പുറത്താകാതെ 16 പന്തില്‍ 31 റണ്‍സ് നേടിയ അജിന്‍ ആണ് ജിഡിഎസിന്റെ ടോപ് സ്കോറര്‍. അജിത്ത് 19 റണ്‍സ് നേടി. 17 റണ്‍സ് ടീമിന് എക്സ്ട്രാസ് ഇനത്തിലും ലഭിച്ചു.

യുണൈറ്റഡ് വാരിയേഴ്സിന് വേണ്ടി അല്‍വാര്‍നോസ് , ഷിഹാസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അരുണ്‍ ബോസ് 3 വിക്കറ്റ് നേടി.

എട്ട് റണ്‍സ് ജയം സ്വന്തമാക്കി എക്സ്പീറിയണ്‍ ഡെവിള്‍സ്, പൊരുതി വീണ് പിറ്റ്സ് ബ്ലൂ

അവസാന ഓവറില്‍ 25 റണ്‍സ് വിജയത്തിനായി നേടേണ്ടിയിരുന്ന പിറ്റ്സ് ബ്ലൂ 16 റണ്‍സ് ഓവറില്‍ നിന്ന് നേടിയെങ്കിലും മത്സരം 8 റണ്‍സിന് വിജയിച്ച് ഗ്രൂപ്പ് ജേതാക്കളായി എക്സ്പീറിയണ്‍ ഡെവിള്‍സ്. ഇന്ന് ടിപിഎലില്‍ ആദ്യം ബാറ്റ് ചെയ്ത ഡെവിള്‍സ് 16 പന്തില്‍ 32 റണ്‍സ് നേടിയ പ്രവീണ്‍ , 6 പന്തില്‍ 18 റണ്‍സ് നേടിയ മെഹ്താബ്, അജീഷ്(13), വിനീത്(13) എന്നിവരുടെ പ്രകടന മികവിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ 8 ഓവറില്‍ നിന്ന് 90 റണ്‍സ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പിറ്റ്സ് ബ്ലൂവിന് 8 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് മാത്രമേ നേടാനായുള്ളു. 21 പന്തില്‍ 31 റണ്‍സ് നേടിയ അര്‍ജ്ജുന്‍, 6 പന്തില്‍ പുറത്താകാതെ 13 റണ്‍സ് നേടിയ ജിതേഷ് എന്നിവര്‍ക്ക് പുറമെ അര്‍ജ്ജുന്‍ ജഗദീഷ്(14), ഷിനോജ്(10) എന്നിവരും പൊരുതി നോക്കിയെങ്കിലും പിറ്റ്സ് ബ്ലൂവിന് കാലിടറി.

അവസാന ഓവറില്‍ 12 റണ്‍സ് ലക്ഷ്യം നേടി ടൂണ്‍സിനെ വീഴ്ത്തി ക്വസ്റ്റ്

ടിപിഎല്‍ 2020ന്റെ രണ്ടാം ഘട്ട മത്സരത്തില്‍ ഇന്ന് ക്വസ്റ്റ് ഗ്രീനിന് വിജയം. ടൂണ്‍സ് ഗ്രീനിനെതിരെ 4 വിക്കറ്റ് വിജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൂണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ് നേടിയതെങ്കില്‍ ലക്ഷ്യം രണ്ട് പന്ത് അവശേഷിക്കെ 4 വിക്കറ്റ് വിജയം ക്വസ്റ്റ് ഉറപ്പാക്കി.

അവസാന രണ്ടോവറില്‍ 23 റണ്‍സെന്ന ലക്ഷ്യം അവസാന ഓവറില്‍ 12 ആക്കി മാറ്റിയ ക്വസ്റ്റിന് വേണ്ടി ഡി കുമാര്‍ നേടിയ സിക്സും ഫോറുമാണ് മത്സരം ടീമിനൊപ്പമാക്കിയത്. 5 പന്തില്‍ 11 റണ്‍സാണ് ഡി കുമാര്‍ നേടിയത്. 14 റണ്‍സ് എക്സ്ട്രാസ് ഇനത്തി്‍ വഴങ്ങിയതും ടൂണ്‍സിന് വിനയായി. 15 റണ്‍സ് നേടിയ പ്രിന്‍സാണ് ടീമിന്റെ ടോപ് സ്കോറര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ക്വസ്റ്റിന് വേണ്ടി 12 പന്തില്‍ 25 റണ്‍സ് നേടിയ റോബിനും 19 റണ്‍സ് നേടിയ രാജേഷ് ലാഥിയുമാണ് പ്രധാന സ്കോറര്‍മാര്‍. തന്റെ 19 റണ്‍സിനായി രാജേഷ് 23 പന്താണ് നേരിട്ടത്.

ട്രൈസന്‍സിനെതിരെ ജെമിനി ബ്ലാസ്റ്റേഴ്സിന് 13 റണ്‍സ് വിജയം

ടിപിഎല്‍ 2020ല്‍ 13 റണ്‍സ് വിജയവുമായി ജെമിനി ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജെമിനി 9 വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ എതിരാളികളായ ട്രൈസന്‍സിനെ 39 റണ്‍സില്‍ എറിഞ്ഞ് പിടിച്ചാണ് ടീമിന്റെ വിജയം. ജെമിനിയ്ക്കായി ദീപക് ശിവ(16), ആനന്ദ്(14*) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ട്രൈസന്‍സിന് വേണ്ടി ശ്രീരാജ് ശശീന്ദ്രന്‍ നാലും കരോള്‍ മൂന്നും വിക്കറ്റ് നേടി.

ചേസിംഗില്‍ 12 റണ്‍സ് നേടിയ പിഎം മനാഫ് മാത്രമാണ് ട്രൈസന്‍സിനായി തിളങ്ങിയത്. അരുണ്‍ ദേവ് 8 റണ്‍സ് നേടി. അവസാന ഓവറില്‍ വിജയിക്കുവാന്‍ 18 റണ്‍സ് വേണ്ടിയിരുന്ന ടീമിന് 3 വിക്കറ്റ് നഷ്ടത്തില്‍ 4 റണ്‍സേ നേടാനായുള്ളു. എട്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ 39 റണ്‍സില്‍ ട്രൈസന്‍സ് ഒതുങ്ങുകയായിരുന്നു.

പിറ്റ്സ് ബ്ലാക്കിന് 15 റണ്‍സ് വിജയം

ടിസിഎസ് ഡോയന്‍സിനെതിരെ 15 റണ്‍സ് വിജയം നേടി പിറ്റ്സ് ബ്ലാക്ക്. ആദ്യം ബാറ്റ് ചെയ്ത ടീമിന് വേണ്ടി സൂരജ്(20), ശ്രീജേഷ്(12) എന്നിവര്‍ തിളങ്ങിയപ്പോള്‍ പിറ്റ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് മാത്രമാണ് നേടിയത്. മറ്റു താരങ്ങളിലാര്‍ക്കും വേണ്ടത്ര മികവ് പുലര്‍ത്താനാകാതെ പോയതും വലിയ സ്കോറെന്ന പിറ്റ്സ് മോഹത്തിന് തിരിച്ചടിയായി. ടിസിഎസിന് വേണ്ടി വൈശാഖ് പ്രേം മൂന്നും അരുണ്‍ ദിലീപ് രണ്ടും വിക്കറ്റ് നേടി.

ചേസിംഗിനിറങ്ങിയ ടിഎസിനും തുടക്കം മോശമായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാരെ രണ്ട് പേരെയും ജിബിന്‍ ജോസഫ് പുറത്താക്കി. സെറോഷ് വിക്രമനും(11), വാലറ്റത്തില്‍ അജിത് കുമാറും(9) മാത്രമാണ് ടിസിഎസ് നിരയില്‍ തിളങ്ങിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പിറ്റ്സ് എതിരാളികളെ 7.5 ഓവറില്‍ 40 റണ്‍സിന് പുറത്താക്കി.

പിറ്റ്സ് ബ്ലാക്കിന് വേണ്ടി ബൗളിംഗില്‍ രാഹുല്‍ ആര്‍ എല്‍ മൂന്ന് വിക്കറ്റും ജിബിന്‍ ജോസഫ്, വിഷ്ണു നായര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ജയം 34 റണ്‍സിന്, ഒറാക്കിളിനെ വീഴ്ത്തി എസ്ഐ കലിപ്സ്

ഒറാക്കിളിനെതിരെ 34 റണ്‍സിന്റെ മികച്ച വിജയവുമായി എസ്ഐ കലിപ്സ്. ഇന്ന് ടിപിഎല്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എസ്ഐ കലിപ്സ് ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സാണ് നേടിയത്. 15 പന്തില്‍ 25 റണ്‍സ് നേടിയ ബോബി രാജും 6 പന്തില്‍ നിന്ന് 17 റണ്‍സ് നേടിയ വിടി പ്രവീണും ആണ് കലിപ്സ് നിരയില്‍ തിളങ്ങിയത്. ഒറാക്കിളിനായി രാഹുല്‍ കെ പിള്ള, വിജിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഒറാക്കിള്‍ 7.5 ഓവറില്‍ 49 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഫൈസല്‍ എസ് ഐ കലിപ്സിന് വേണ്ടി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അമല്‍, ബോബി രാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 11 റണ്‍സ് നേടിയ അരുണ്‍ ദത്ത് ആണ് ഒറാക്കിളിന്റെ ടോപ് സ്കോറര്‍.

അവസാന ഓവറില്‍ 16 റണ്‍സ് നേടി വിജയം കുറിച്ച് ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ ബ്ലൂ

ടിപിഎലില്‍ ആവേശം അവസാന പന്ത് വരെ നീണ്ട് നിന്ന മത്സരത്തില്‍ വിവെന്‍സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ ബ്ലൂ. ഇന്ന് 92 റണ്‍സെന്ന ശ്രമകരമായ ദൗത്യം ചേസ് ചെയ്തിറങ്ങിയ ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും വിക്കറ്റുകളുമായി വിവെന്‍സ് മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു.

അവസാന ഓവറില്‍ ജയത്തിനായി 16 റണ്‍സ് നേടേണ്ടിയിരുന്ന ഇന്നൊവേഷന് വേണ്ടി 5 പന്തില്‍ 13 റണ്‍സ് നേടി പുറത്താകാതെ നിന്ന ബാഹുല്‍ ബി കൃഷ്ണനാണ് ടീമിന്റെ വിജയ ശില്പി. ആദ്യ മൂന്ന് പന്തും ബൗണ്ടറി പായിച്ച ശേഷം അടുത്ത പന്തില്‍ ബാഹുല്‍ സിംഗിള്‍ നേടിയപ്പോള്‍ രണ്ട് പന്തില്‍ മൂന്ന് റണ്‍സായിരുന്നു ടീമിന്റെ ലക്ഷ്യം. എന്നാല്‍ അടുത്ത പന്തില്‍ 28 റണ്‍സ് നേടിയ ഓപ്പണര്‍ വിബിന്‍ ജോണ്‍ പുറത്തായതോടെ ബ്ലൂവിന്റെ നില പരുങ്ങലിലായി.

അവസാന പന്തില്‍ ജയത്തിനായി മൂന്ന് റണ്‍സ് വേണ്ടിയിരുന്ന ടീമിന് ബൈ ഇനത്തില്‍ ഈ റണ്‍സ് ലഭിയ്ക്കുകയായിരുന്നു. 8 പന്തില്‍ 23 റണ്‍സ് നേടിയ ജിതേഷും വിബിനും ചേര്‍ന്ന് ഇന്നൊവേഷന് 2.3 ഓവറില്‍ 41 റണ്‍സെന്ന സ്വപ്ന തുല്യമായ തുടക്കമാണ് നല്‍കിയത്. പിന്നീട് തുടരെ വിക്കറ്റുകള്‍ വീഴ്ത്തി വിവെന്‍സ് മത്സരത്തിലേക്ക് തിരികെ എത്തിയെങ്കിലും അവസാനം വിജയം കൈവിടുകയായിരുന്നു. വിവെന്‍സിനായി രഞ്ജിത്ത് മോഹന്‍, എച്ച് വിഷ്ണു എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിവെന്‍സിന് വേണ്ടി 20 പന്തില്‍ പുറത്താകാതെ 38 റണ്‍സ് നേടിയ നിജാസും 14 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്ന ഒവി വിഷ്ണുവും ആണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. ഇവരുടെ മികവില്‍ എട്ടോവറില്‍ നിന്ന് ടീം 91 റണ്‍സാണ് നേടിയത്. അശ്വിന്‍ ഇന്നൊവേഷനായി തുടരെ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ വിവെന്‍സ് 45/5 എന്ന നിലയിലേക്ക് വീണിരുന്നു. പിന്നീടാണ് നിജാസ്-വിഷ്ണു കൂട്ടുകെട്ട് മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചത്. എന്നാല്‍ ബൗളര്‍മാര്‍ക്ക് ഈ ലക്ഷ്യം പ്രതിരോധിക്കുവാന്‍ സാധിച്ചില്ല.

ടെക് വാരിയേഴ്സിന് 12 റണ്‍സ് വിജയം

ടിപിഎലില്‍ കോഗ്നബിനെതിരെ 12 റണ്‍സ് വിജയം കരസ്ഥമാക്കി ടെക് വാരിയേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടെക് വാരിയേഴ്സ് 83 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 10 പന്തില്‍ 23 റണ്‍സ് നേടിയ സെല്‍വ ഗണേഷിനൊപ്പം അരുണ്‍ രാജ്(9 പന്തില്‍ പുറത്താകാതെ 17), രാഹുല്‍ രാജഗോപാല്‍(13) എന്നിവര്‍ തിളങ്ങിയപ്പോളാണ് വാരിയേഴ്സിന് മികച്ച സ്കോര്‍ നേടാനായത്. കോഗ്നബിന് വേണ്ടി ചന്ദ്രബോസ് 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോഗ്നബിന് 5 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സേ നേടാനായുള്ളു. വിവേക് എം വിജയ്(20) ടോപ് സ്കോറര്‍ ആയപ്പോള്‍ ബിജിന്‍(14), ബിന്‍ഷാദ്(13) എന്നിവരാണ് ടീമിനായി പൊരുതി നോക്കിയത്.

ബാറ്റിംഗില്‍ രഞ്ജിത്ത്, ബൗളിംഗില്‍ മഹേഷ്, 14 റണ്‍സ് വിജയം നേടി ഐഡൈനാമിക്സ്

ടിപിഎലില്‍ ഇന്ന് ട്രൈസന്‍സിനെതിരെ 14 റണ്‍സിന്റെ മികവാര്‍ന്ന വിജയം കരസ്ഥമാക്കി ഐ ഡൈനാമിക്സ്. ആദ്യം ബാറ്റ് ചെയ്ത് 71/9 എന്ന സ്കോര്‍ നേടിയ ഐഡൈനാമിക്സ് എതിരാളികളെ 57 റണ്‍സില്‍ ഒതുക്കിയാണ് വിജയം കരസ്ഥമാക്കിയത്. 10 പന്തില്‍ 25 റണ്‍സ് നേടിയ ട്രൈസന്‍സ് താരം ഷൈന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് ഐഡൈനാമിക്സിന്റെ വിജയം. കരോള്‍ 13 റണ്‍സ് നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും മികവ് പുലര്‍ത്താനായില്ല. എട്ട് വിക്കറ്റാണ് ടീമിന് നഷ്ടമായത്. ഐഡൈനാമിക്സിന് വേണ്ടി മഹേഷ് മൂന്നും വിനോദ് ഗോപകുമാര്‍ രണ്ടും വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഐഡൈനാമിക്സിന് വേണ്ടി രഞ്ജിത്ത് 13 പന്തില്‍ 22 റണ്‍സ് നേടി. വിപിന്‍ ജോണ്‍(11), ജെബ ഓസ്റ്റിന്‍(10) എന്നിവരും രണ്ടക്ക സ്കോറിലേക്ക് എത്തി. ട്രൈസന്‍സിന് വേണ്ടി കരോളും ശ്രീരാജ് ശശീന്ദ്രനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

ഏരീസ് എപിക്ക ടൈറ്റന്‍സിന് 32 റണ്‍സ് വിജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഐക്കണ്‍ ബ്ലാക്സിനെ പരാജയപ്പെടുത്തി ഏരീസ് എപിക്ക ടൈറ്റന്‍സ്. 32 റണ്‍സിന്റെ വിജയമാണ് ടീം ഇന്ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സിന് വേണ്ടി എ രാജീവ് 15 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷൈന്‍ ബോസ്(13), കെ രാജീവ്(11) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 15 റണ്‍സ് എക്സ്ട്രാസ് ഇനത്തിലും ലഭിച്ചപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ എട്ടോവറില്‍ നിന്ന് ടൈറ്റന്‍സ് 68 റണ്‍സാണ് നേടിയത്. ഐക്കണ്‍ ബ്ലാക്സിന് വേണ്ടി അഭിഷേകും മുഹമ്മദ് ഹിലാലും മൂന്ന് വീതം വിക്കറ്റാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഐക്കണ്‍ ബ്ലാക്സിന് വേണ്ടി ആര്‍ക്കും തന്നെ വേഗത്തില്‍ സ്കോറിംഗ് നടത്തുവാന്‍ സാധിച്ചിരുന്നില്ല. 8 റണ്‍സുമായി പുറത്താകാതെ നിന്ന നിധീഷ് ടോപ് സ്കോറര്‍ ആയപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വെറും 36 റണ്‍സാണ് ടീം നേടിയത്. കെ രാജീവ് ഏരീസിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

വെടിക്കെട്ട് പ്രകടനവുമായി ജിഷ്ണുവും കൂട്ടരും , ബൈനറി അവഞ്ചേഴ്സിന് വമ്പന്‍ വിജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ബൈനറി അവഞ്ചേഴ്സ്. ഈ പ്രകടനത്തിന്റെ ബലത്തില്‍ സൂന്‍ഡിയയ്ക്കെതിരെ 57 റണ്‍സ് വിജയമാണ് ഇന്ന് ടീം സ്വന്തമാക്കിയത്.

സൂന്‍ഡിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ബൈനറി 8 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 115 എന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അക്ഷയ് രാജീവിനെ നഷ്ടമായ ടീം പിന്നീട് മികച്ച ബാറ്റിംഗ് വിരുന്നാണ് ഒരുക്കിയത്. രണ്ടാം വിക്കറ്റില്‍ അലക്സും ജിഷ്ണുവും ചേര്‍ന്ന് നേടിയ 59 റണ്‍സ് കൂട്ടുകെട്ടിന്റെ ചുവട് പിടിച്ച് മറ്റു ബാറ്റ്സ്മാന്മാരും മികവ് പുലര്‍ത്തിയപ്പോള്‍ ടീം ടൂര്‍ണ്ണമെന്റിന്റെ ഈ സീസണിലെ തന്നെ വലിയ സ്കോറിലൊന്നിലേക്ക് എത്തുകയായിരുന്നു.

ജിഷ്ണു 20 പന്തില്‍ നിന്ന് 46 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ അലക്സ് 13 പന്തില്‍ 26 റണ്‍സ് നേടി. അലക്സിന്റെ വിക്കറ്റ് നഷ്ടമായ ശേഷം ജിഷ്ണുവിന് കൂട്ടായി എത്തിയ കൃഷ്ണാനന്ദ് 7 പന്തില്‍ നിന്ന് മൂന്ന് സിക്സുകളുടെ സഹായത്തോടെ 20 റണ്‍സാണ് നേടിയത്. ടോണി പോള്‍ 7 പന്തില്‍ നിന്ന് 14 റണ്‍സ് നേടി. തങ്ങളുടെ ഇന്നിംഗ്സില്‍ ബൈനറി 11 സിക്സാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സൂന്‍ഡിയയ്ക്ക് 8 ഓവറില്‍ നിന്ന് 58 റണ്‍സ് മാത്രമേ നേടിയുള്ളു. ബൈനറിയുടെ ശ്രീഹരി മൂന്ന് വിക്കറ്റ് നേടിയാണ് സൂന്‍ഡിയയ്ക്ക് കാര്യങ്ങള്‍ കടുപ്പത്തിലാക്കിയത്.6 വിക്കറ്റാണ് സൂന്‍ഡിയയ്ക്ക് നഷ്ടമായത്. സൂന്‍ഡിയയ്ക്കായി 9 പന്തില്‍ 16 റണ്‍സ് നേടിയ ലിബിന്‍ ഇടിക്കുളയാണ് ടോപ് സ്കോറര്‍.

Exit mobile version