അരവിന്ദന്‍ അശോകന്റെ ഇന്നിംഗ്സ് വിഫലം, 10 പന്തില്‍ 30 റണ്‍സുമായി ജലിന്‍ മണി ഫ്ലൈടെക്സ്റ്റിന്റെ വിജയശില്പി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജലിന്‍ മണിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ അടിത്തറയില്‍ വേ ബ്ലാസ്റ്റേഴ്സിനെതിരെ മിന്നും ജയം നേടി ടീം ഫ്ലൈടെക്സ്റ്റ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വേ ബ്ലാസ്റ്റേഴ്സ് എട്ടോവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സാണ് നേടിയത്. 21 പന്തില്‍ 45 റണ്‍സ് നേടിയ അരവിന്ദര്‍ അശോകന്റെയും 20 റണ്‍സ് നേടി പുറത്താകാതെ നിന്ന പീര്‍മുഹമ്മദിന്റെയും പ്രകടനത്തിലാണ് ടീം 87 റണ്‍സെന്ന മികച്ച സ്കോറിലേക്ക് എത്തിയത്. 4 സിക്സ് അടക്കം മികച്ച സ്ട്രൈക്ക്റേറ്റിലായിരുന്നു അരവിന്ദന്‍ അശോകന്റെ പ്രകടനം.

10 പന്തില്‍ നാല് സിക്സുകളുടെ സഹായത്തോടെ 30 റണ്‍സ് നേടിയ ജലിന്‍ മണിയാണ് മത്സരം ഫ്ലൈടെക്സ്റ്റിന് അനുകൂലമാക്കി മാറ്റി മറിച്ചത്. 18 പന്തില്‍ 47 എന്ന നിലയില്‍ നില്‍ക്കവെ ആറാം ഓവറില്‍ 14 റണ്‍സ് നേടുവാന്‍ ടീമിനെ ജലിന്‍ സഹായിച്ചു. 12 പന്തില്‍ 33 റണ്‍സെന്ന നിലയില്‍ പീര്‍മുഹമ്മദ് എറിഞ്ഞ ഏഴാമത്തെ ഓവറില്‍ മൂന്ന് സിക്സ് അടക്കം നേടിയാണ് ജലിന്‍ മത്സരം മാറ്റി മറിച്ചത്. അടുത്ത പന്തില്‍ താരം പുറത്തായെങ്കിലും ലക്ഷ്യം അവസാന ഓവറില്‍ പത്ത് റണ്‍സായി ചുരുങ്ങിയിരുന്നു.

കൃഷ്ണ റെഡ്ഢി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ നോബോള്‍ ഉള്‍പ്പെടെ ഏഴ് റണ്‍സാണ് പിറന്നത്. അടുത്ത പന്തില്‍ മൂന്ന് റണ്‍സ് നേടി ആദര്‍ശ് അശോക് ടീമിന്റെ വിജയം ഉറപ്പാക്കി. ആദര്‍ശ് അശോക് 2 പന്തില്‍ നിന്ന് 9 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബിശ്വരഞ്ജന്‍ ജെന 12 റണ്‍സും ശിവ കൃഷ്ണന്‍ 13 റണ്‍സും നേടി.

7.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഫ്ലൈ ടെക്സ്റ്റിന്റെ വിജയം. വേ ബ്ലാസ്റ്റേഴ്സിന് വേണ്ടി മെല്‍ബിന്‍ കെ ജോസഫ് 2 വിക്കറ്റ് വീഴ്ത്തി.