ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ വിജയം സ്വന്തമാക്കി ഡി+എച്ച് റെഡ്

2017 ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ 10 വിക്കറ്റ് വിജയം സ്വന്തമാക്കി ഡി+എച്ച് റെഡ് തങ്ങളുടെ പടയോട്ടം ആരംഭിച്ചു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഡി+എച്ച്-നെതിരെ ട്രൈസെന്‍സിനു 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് മാത്രമേ നേടാനായുള്ളു. ഡി+എച്ചിനു വേണ്ടി അര്‍ജ്ജുന്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ഹരിപ്രസാദിന്റെ 27 റണ്‍സിന്റെ (പുറത്താകാതെ) പിന്‍ബലത്തില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആറാം ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു ഡി+എച്ച്

അന്നേ ദിവസം(ജനുവരി 28) മറ്റു മത്സരങ്ങളില്‍ ലിവാരെസ്, നോക്മീ ടെക്നോളജീസ്, അലയന്‍സ് ബ്ലൂ, ബ്രില്ലിയണ്‍സ് എന്നീ ടീമുകളും വിജയം നേടിയിരുന്നു.

രണ്ടാം മത്സരത്തില്‍ എച്ച്ബിഎസ് സ്ട്രൈക്കേഴ്സിനെ ലിവാരെസ് 45 റണ്‍സിനു പരാജയപ്പെടുത്തി. 8 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സാണ് ലിവാരെസ് നേടിയത്. എആര്‍ ജസീല്‍(48*) ആയിരുന്നു ടോപ് സ്കോറര്‍. എച്ച്ബിഎസ് സ്ട്രൈക്കേഴ്സിനു 8 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് മാത്രമേ നേടാനായുള്ളു. മഹേഷ് (4) , ഷിഹാസ്(3) എന്നിവരായിരുന്നു ലിവാരെസിന്റെ പ്രധാന വിക്കറ്റ് വേട്ടക്കാര്‍.

രണ്ടാം ദിനത്തിന്റെ ആദ്യ മത്സരം ആവേശകരമായ ഒന്നായിരുന്നു. പല്‍നാര്‍ ട്രാന്‍സ്മീഡിയയെ 6 റണ്‍സിനു പരാജയപ്പെടുത്തി ലു റൂയി & കോ റേഞ്ചേഴ്സ് വിജയം കൊയ്തു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പല്‍നാര്‍ ട്രാന്‍സ് മീഡിയയ്ക്കെതിരെ എ ആനന്ദ് നേടിയ അര്‍ദ്ധ ശതകത്തിന്റെ(28 പന്തില്‍ 56) റേഞ്ചേഴ്സ് 73 റണ്‍സ് നേടി. 74 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ പല്‍നാറിന്റെ റണ്‍ ചേസിംഗ് ലക്ഷ്യത്തിനു ആറു റണ്‍സ് അകലെ അവസാനിച്ചു. ജി ആനന്ദ്(27), ഗോപിനാഥ്(29) എന്നിവരുടെ ബാറ്റിംഗ് ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു.

രണ്ടാം മത്സരത്തില്‍ ഫിഷര്‍ സിസ്റ്റത്തിനെ 4 പരാജയപ്പെടുത്തി മാവെറിക്സ് വിജയം കൈക്കലാക്കി. ടോസ് നേടിയ മാവെറിക്സ് ഫിഷറിനെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. 8 ഓവറില്‍ 35 റണ്‍സ് മാത്രമേ ഫിഷറിനു നേടാനായുള്ളു. ഫിഷറിനു വേണ്ടി ബൗളിംഗ് ദൗത്യം നല്ല രീതിയില്‍ നിറവേറ്റിയ സന്തോഷ് തന്റെ രണ്ടോവറില്‍ 8 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ നേടിയെങ്കിലും പി അനിരുദ്ധ് പുറത്താകാതെ നേടിയ 23 റണ്‍സ് മാവെറിക്സിനെ ചെറിയ ലക്ഷ്യം 5.2 ഓവറില്‍ മറികടക്കുവാന്‍ സഹായിച്ചു.

രണ്ടാം ദിവസത്തിലെ മറ്റു മത്സരങ്ങളില്‍ സൃഷ്ടി ആന്‍ഡ് ഫൗണ്ടിംഗ് മൈന്‍ഡ്സ്, ഏജിസ് ലിമിറ്റഡ്, ട്രിവ് ആന്‍ഡ് സിമ്പ്ലോജിക്സ്, ഡിഎന്‍എ ടെക്നോപാര്‍ക്ക്, ഐക്കണ്‍ ക്ലീനിക്കല്‍ റിസേര്‍ച്ച് എന്നീ ടീമുകളും വിജയം സ്വന്തമാക്കി.

Score courtesy : മുരുകന്‍ ക്രിക്കറ്റ് ക്ലബ്ബ്