വിജയം ശീലമാക്കി ഏജിസ്, രണ്ട് ഫൈനലിലും വിജയികള്‍

ടിപിഎല്‍ 2017ല്‍ ഏറ്റവും അധികം മത്സരം ജയിച്ചത് ഏജിസ് തന്നെ. സുമിന്‍ സുനില്‍ നേതൃത്വം നല്കുന്ന ടീം രണ്ട് യോഗ്യത റൗണ്ട് കടന്ന് ചാമ്പ്യന്‍ഷിപ്പ് റൗണ്ടില്‍ എത്തിയെങ്കിലും അവിടെ അവര്‍ക്ക് ഏറെ മുന്നോട് പോകാനായില്ല. യുഎസ്ടിയ്ക്കെതിരെ മൂന്ന് റണ്‍സ് വിജയം നേടിയ അവര്‍ക്ക് രണ്ടാം മത്സരത്തില്‍ ഇന്‍ഫോസിസിനോട് 11 റണ്‍സിനു തോറ്റ് തുടര്‍ യോഗ്യത നേടാനായില്ല. ഗ്രൂപ്പില്‍ മൂന്ന് ടീമുകളും ഓരോ ജയം സ്വന്തമാക്കിയെങ്കിലും മികച്ച റണ്‍ ശരാശരിയില്‍ ഇന്‍ഫോസിസ് നോക്ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. എന്നാലും രണ്ട് യോഗ്യത റൗണ്ടുകളിലും മികച്ച പ്രകടനം നടത്തുക വഴി രണ്ട് റൗണ്ടുകളിലെയും ഫൈനല്‍ മത്സരത്തിലേക്ക് ഏജിസ് യോഗ്യത നേടിയിരുന്നു.
ഇന്ന് ഫൈനലിനു മുമ്പ് ആദ്യ യോഗ്യത റൗണ്ടിന്റെയും രണ്ടാം യോഗ്യത റൗണ്ടിലെയും വിജയികളായി മാറി ഏജിസ് തങ്ങളുടെ ക്രിക്കറ്റിംഗ് കരുത്ത് പ്രകടമാക്കുകയായിരുന്നു. ആദ്യ റൗണ്ട് ഫൈനലില്‍ മുത്തൂറ്റ് പാപ്പച്ചന് ടെക്നോളജീസും രണ്ടാം യോഗ്യത റൗണ്ട് ഫൈനലില്‍ സൃഷ്ടി & ഫൗണ്ടിംഗ് മൈന്‍ഡ്സ് ആയിരുന്നു ഏജിസിന്റെ എതിരാളികള്‍.
മുത്തൂറ്റ് പാപ്പച്ചന് ടെക്നോളജീസിനെ തകര്‍ത്തത് 9 വിക്കറ്റിനു
ആദ്യ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഏജിസിന്റെ ബൗളര്‍മാര്‍ അവര്‍ക്ക് ആധികാരിക ജയമൊരുക്കുകയായിരുന്നു. ക്യാപ്റ്റന്‍ സുമിന്‍ തന്നെ ബൗളിംഗ് നേതൃത്വമേറ്റെടുത്ത മത്സരത്തില്‍ 2 ഓവറില്‍ 2 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. മണികണ്ഠന്, ശ്രീജിത്ത് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി സിനു, രാജ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി. മുത്തൂറ്റിനു വേണ്ടി വിമല്‍ ചന്ദ്രന് 11 റണ്‍സോടെ ടോപ് സ്കോറര്‍ ആയി. 4 ബാറ്റ്സ്മാന്മാര് റണ്ണൊന്നുമെടുക്കാതെ പവലിയനിലേക്ക് മടങ്ങി.
3.3 ഓവറില്‍ വിജയം സ്വന്തമാക്കി ഏജിസ് തങ്ങളുടെ അടുത്ത ഫൈനലിനു തയ്യാറായിക്കഴിഞ്ഞിരുന്നു. 12 റണ്‍സ് നേടി സിജു, 6 റണ്‍സുമായി ലിജുരാജ് എന്നിവരാണ് 9 വിക്കറ്റ് വിജയം ഏജിസിനു സമ്മാനിച്ചത്. ഷൈജു(6) ആണ് പുറത്തായ ബാറ്റ്സ്മാന്. റിയാസിനാണ് ഏക വിക്കറ്റ് ലഭിച്ചത്.
സൃഷ്ടി & ഫൗണ്ടിംഗ് മൈന്ഡ്സിനെ വരിഞ്ഞു കെട്ടിയത് 22 റണ്‍സിനു
രണ്ടാമത്തെ ഫൈനലില്‍ ടോസ് നഷ്ടമായ ഏജിസിനെ സൃഷ്ടി & ഫൗണ്ടിംഗ് മൈന്‍ഡ്സ് ബാറ്റിംഗിനയയ്ക്കുകയായിരുന്നു. സിജു 15 പന്തില്‍ 23 റണ്‍സ് നേടി. ഓപ്പണര്‍മാര്‍ നല്കിയ മികച്ച തുടക്കം തുടരാനാകാതെ പോയ ഏജിസിനു 8 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് മാത്രമേ നേടാനായുള്ളു. 33/0 എന്ന നിലയില്‍ നിന്ന് 36/3 എന്ന നിലയിലേക്ക് വീണ ഏജിസിനെ ശ്രീജിത്ത്, ലിജുരാജ് എന്നിവര്‍ ചേര്‍ന്ന് 50 എന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. സൂര്യജിത്ത്, സുധീഷ് എന്നിവരാണ് ബൗളിംഗ് ടീമിനായി വിക്കറ്റുകള്‍ കൊയ്തത്. സുധീഷ് തന്റെ രണ്ടോവറില്‍ വെറും 4 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
51 എന്ന ലക്ഷ്യം തേടി ഇറങ്ങിയ സൃഷ്ടി & ഫൗണ്ടിംഗ് മൈന്‍ഡ്സ് എന്നാല്‍ ഏജിസിന്റെ സിനു റോബിനു മുന്നില്‍ തകരുന്ന കാഴ്ചയാണ് കണ്ടത്. സിനു എറിഞ്ഞ ആദ്യ ഓവറില്‍ നാല് ബാറ്റ്സ്മാന്മാരാണ് മടങ്ങിയത്. രണ്ട് തവണ ഹാട്രിക്കിന്റെ വക്കിലെത്തിയ സിനു തീപാറുന്ന ബൗളിംഗ് ആണ് കാഴ്ചവെച്ചത്. പകുതി ടീം പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ടിപിഎല്‍-ലെ തന്നെ ഏറ്റവും വലിയ നാണക്കേടാണ് സൃഷ്ടി & ഫൗണ്ടിംഗ് മൈന്ഡ്സിനെ കാത്തിരുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ ലല്ലു ചന്ദ്രന്റെ ബാറ്റിംഗാണ് ടീമിനെ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. 6/2 എന്ന നിലയില്‍ നിന്ന് ഏഴാം വിക്കറ്റില്‍ 15 റണ്‍സ് കൂട്ടിചേര്‍ത്ത് ലല്ലുവും മിഥുനും സ്കോര്‍ 20 കടത്തിയെങ്കിലും ഏജിസ് ബൗളിംഗിനു മുന്നില്‍ 28 റണ്‍സിനു 7.4 ഓവറില്‍ അവര്‍ ഓള്‍ഔട്ടായി. ലല്ലു 16 റണ്‍സുമായി പുറത്താകാതെ നിന്നു.
1.4 ഓവറില്‍ 4 റണ്‍സ് വിട്ടുനല്‍കി സിനു റോബിന് 6 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, സുമിന്‍ രണ്ടും ശ്രീജിത്ത് ഒരു വിക്കറ്റും സ്വന്തമാക്കി.