മികച്ച വിജയവുമായി ആഡ്റോയട് റാപ്ടേഴ്സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 31 റണ്‍സിന്റെ മികച്ച വിജയവുമായി ആഡ്റോയട് റാപ്ടേഴ്സ്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ടീം ഇലവന്‍സിനെതിരെയാണ് ടീമിന്റെ ആധികാരിക വിജയം. ആദ്യം ബാറ്റ് ചെയ്ത റാപ്ടേഴ്സ് 74 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 15 പന്തില്‍ 23 റണ്‍സ് നേടിയ അജയ് രാജനും 13 റണ്‍സ് നേടിയ ഡെന്നി എബ്രഹാമും ആണ് മത്സരത്തില്‍ റാപ്ടേഴ്സിന് വേണ്ടി റണ്‍സ് കണ്ടെത്തിയത്. സുജിത്, അരുണ്‍ ഗോപി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുമായി ടീം ഇലവന്‍സ് ബൗളിംഗ് നിരയില്‍ തിളങ്ങി.

ടീം ഇലവന്‍സ് ബാറ്റിംഗില്‍ രണ്ടക്ക സ്കോറിലേക്ക് ആര്‍ക്കും കടക്കാനാകാതെ പോയപ്പോള്‍ ടീം 43/9 എന്ന സ്കോറിലേക്ക് ഒതുങ്ങുകയായിരുന്നു. 8 റണ്‍സ് നേടിയ എല്‍ദോ കുരിയാക്കോസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. റാപ്ടേഴ്സിന് വേണ്ടി അജയ് രാജന്‍ മൂന്നും പ്രശാന്ത് ശങ്കര്‍, ആദര്‍ശ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.