ടിപിഎലില്‍ ഇനി സൂപ്പര്‍ സിക്സ് പോരാട്ടം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് അവസാന ഘട്ടത്തിലേക്ക്. ഫേസ് 1, ഫേസ് 2 മത്സരങ്ങളും ചാമ്പ്യന്‍സ് റൗണ്ടും കഴിഞ്ഞ് ആറ് ടീമുകള്‍ സൂപ്പര്‍ സിക്സ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ എച്ച്&ആര്‍ ബ്ലോക്ക് ബ്ലൂ, റണ്ണേഴ്സപ്പ് ആയ അലയന്‍സ് വൈറ്റ്സ് എന്നിവര്‍ക്കൊപ്പം ക്യുബര്‍സ്റ്റ് റെഡ്, ഗൈഡ് ഹൗസ് ബ്ലൂ, കെയര്‍സ്റ്റാക്ക് ബ്ലൂ, ഇവൈ വൈറ്റ് എന്നിവരാണ് സൂപ്പര്‍ സിക്സിലേക്ക് യോഗ്യത നേടിയത്.

ഏപ്രിൽ ആദ്യവാരം മുതൽ സൂപ്പര്‍ സിക്സ് മത്സരങ്ങള്‍ ആരംഭിയ്ക്കും. ഏപ്രിൽ 9ന് ആണ് ടിപിഎലിന്റെയും ടെക്നോപാര്‍ക്ക് വനിത ക്രിക്കറ്റ് ലീഗിന്റെയും ഫൈനൽ മത്സരങ്ങള്‍ നടക്കുക.

156 ടീമുകളാണ് ടിപിഎൽ 2023ൽ പങ്കെടുത്തത്. മുരുഗന്‍ ക്രിക്കറ്റ് ക്ലബ് ആണ് സംഘാടകര്‍. TWCLൽ 21 വനിത ടീമുകളാണ് പങ്കെടുക്കുന്നത്.

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ഒന്നാം ഘട്ടം അവസാനിക്കുന്നു, ഇനി എലിമിനേഷന്‍ റൗണ്ട്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഒന്നാം ഘട്ട മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 33 ടീമുകള്‍ ഗ്രൂപ്പ് ജേതാക്കളായി എലിമിനേഷന്‍ റൗണ്ടിന് യോഗ്യത നേടി. ജനുവരി 26ന് ആരംഭിയ്ക്കുന്ന എലിമിനേഷന്‍ റൗണ്ടിൽ നിന്ന് 8 ടീമുകള്‍ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടും.

രണ്ടാം ഘട്ട റൗണ്ടിൽ 40 ടീമുകളാണ് കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇടം പിടിച്ചിരിക്കുന്നത്. അവര്‍ക്കൊപ്പം ഒന്നാം ഘട്ടത്തിൽ നിന്ന് യോഗ്യത നേടിയ 8 ടീമുകളും മാറ്റുരയ്ക്കും. ഫെബ്രുവരി 2ന് ആണ് രണ്ടാം ഘട്ട മത്സരങ്ങള്‍ ആരംഭിയ്ക്കുന്നത്.

ഡോ. എപിജെ പാര്‍ക്ക് ടിപിഎൽ 2023 ഡിസംബര്‍ 8ന് ആരംഭിയ്ക്കും

ടെക്നോപാര്‍ക്ക് കമ്പനികള്‍ തമ്മിലുള്ള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റായ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന് ഡിസംബര്‍ 8ന് തുടക്കം. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റിൽ 149 ടീമുകളാണ് പങ്കെടുക്കുന്നത്. ആദ്യ ഘട്ട മത്സരങ്ങളിൽ 93 ടീമുകള്‍ മാറ്റുരയ്ക്കും. ആദ്യ ഘട്ടത്തിലെ 42 മത്സരങ്ങളുടെ ഫിക്സ്ച്ചറുകളാണിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

രണ്ടാം ഘട്ടത്തിൽ 40 ടീമുകളാണ് മത്സരിക്കുന്നത്. ഇവര്‍ക്ക് പുറമെ ആദ്യ ഘട്ടത്തില്‍ നിന്ന് യോഗ്യത നേടിയെത്തുന്ന 8 ടീമുകളും ഈ ഘട്ടത്തിൽ പോരാട്ടത്തിനിറങ്ങും. മൂന്നാം ഘട്ടത്തെ ചാമ്പ്യന്‍സ് റൗണ്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. പേര് പോലെ തന്നെ കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണ്ണമെന്റിലെ ആദ്യ 16 സ്ഥാനക്കാരും രണ്ടാം റൗണ്ടിൽ നിന്ന് യോഗ്യത നേടുന്ന എട്ട് ടീമുകളുമാണ് ഈ ഘട്ടത്തിൽ മത്സരത്തിനിറങ്ങുക.

 

കാത്തിരിപ്പിന് അവസാനം, ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രജിസ്ട്രേഷന്‍ ആരംഭിച്ചു

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2023-24ന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ടെക്നോപാര്‍ക്കുമായി ചേര്‍ന്ന് മുരുഗന്‍ ക്രിക്കറ്റ് ക്ലബ് ആണ് ഐടി ജീവനക്കാരുടെ ആവേശമായ ടൂര്‍ണ്ണമെന്റിന്റെ സംഘാടകര്‍. നവംബര്‍ 17 ആണ് രജീസ്ട്രേഷന്റെ അവസാന തീയ്യതി. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി നൂറിലധികം കമ്പനികളിൽ നിന്നുള്ള ടീമുകള്‍ ടെക്നോപാര്‍ക്കിന്റെ ക്രിക്കറ്റ് മാമാങ്കത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡോ. എപിജെ പാര്‍ക്ക് ആണ് ഈ വര്‍ഷത്തെ ടൈറ്റിൽ സ്പോൺസര്‍മാര്‍.

കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ അലയന്‍സ് വൈറ്റ്സിനെ പരാജയപ്പെടുത്തി H&R ബ്ലോക്ക് ആണ് ചാമ്പ്യന്മാരായത്. രജിസ്ട്രേഷന് വേണ്ടി https://murugancricketclub.com/dr-apj-park-tpl-2023/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.

 

മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിനെക്കുറിച്ച്

മുന്‍ വര്‍ഷങ്ങളിലെന്ന പോലെ തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബാണ് ടെക്നോപാര്‍ക്കിനു വേണ്ടി, 110ഓളം കമ്പനികളില്‍ നിന്നുള്ള 130ല്‍ പരം ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് നടത്തുന്നത്. മൂന്ന് മുതൽ നാല്  മാസത്തോളം നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റ് വിജയിക്കുക എന്നത് ടെക്നോപാര്‍ക് കമ്പനികളുടെ അഭിമാനപ്പോരാട്ടമായാണ് കണക്കാക്കപ്പെടുന്നത്.

അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവനന്തപുരം പുത്തന്‍ തെരുവിലെ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് തങ്ങളുടെ ക്രിക്കറ്റ് അഭിരുചി വളര്‍ത്തുന്നതിനായി ഒത്തുകൂടുകയും, 1967ല്‍ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബ് എന്ന പേരിലൊരു ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിക്കുകയും ചെയ്യുകയായിരുന്നു.

1977 തിരുവനന്തപുരം എ ഡിവിഷനില്‍ കളിക്കുവാനാരംഭിച്ച ക്ലബ്ബ് പിന്നീടങ്ങോട്ട് കേരളത്തങ്ങോളമിങ്ങോളം നിരവധി ടൂര്‍ണ്ണമെന്റുകളില്‍ തങ്ങളുടെ മികവ് തെളിയിക്കുകയും ഒട്ടേറെ മികച്ച താരങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്യുകയുണ്ടായി.
1983 അട്ടക്കുളങ്ങര ഗവ. ഹൈസ്കൂളില്‍ മാറ്റിംഗ് വിക്കറ്റില്‍ പരിശീലനമാരംഭിച്ച ക്ലബ്ബിനു പക്ഷേ 1989ല്‍ ചില സാങ്കേതിക കാരണത്താല്‍ അനുമതി നിഷേധിക്കപ്പെടുകയും മറ്റൊരു സ്ഥലം കണ്ടെത്തേണ്ടതായും വരുകയായിരുന്നു. 1997 സ്വന്തമായി സ്ഥലം വാങ്ങിയ ക്ലബ്ബ് ഒട്ടനവധി ചെറുപ്പക്കാര്‍ക്ക് പരിശീലനത്തിനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു.

അവസാന ഓവറിൽ പോളസിന്റെ ഹൃദയം തകര്‍ത്ത് ശ്രീകാന്ത്, GDISന് ഒരു വിക്കറ്റ് വിജയം

അവസാന ഓവറിൽ വിജയത്തിനായി GDIS നേടേണ്ടിയിരുന്നത് 24 റൺസായിരുന്നു. കൈവശം ഉണ്ടായിരുന്നത് ഏക വിക്കറ്റ്. എന്നാൽ ഓവറിൽ നിന്ന് മൂന്ന് സിക്സും രണ്ട് ബൗണ്ടറിയും ശ്രീകാന്ത് നേടിയപ്പോള്‍ അവിശ്വസനീയമായ ആവേശ വിജയം GDIS സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത പോളസ് 48/6 എന്ന സ്കോര്‍ നേടിയപ്പോള്‍ അഖിൽ 12 പന്തിൽ 20 റൺസും കൃഷ്ണദാസ് 12 റൺസും നേടിയാണ് സ്കോര്‍ബോര്‍ഡ് 48 റൺസിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തിൽ 13/6 എന്ന നിലയിലേക്ക് പോളസ് വീണ ശേഷമാണ് 48 റൺസ് ടീം നേടിയത്. GDISനായി ജിതേഷ്, സന്തോഷ്, ആദര്‍ശ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനറങ്ങിയ GDISനും തുടക്കം മോശമായിരുന്നു. 2 റൺസ് നേടുന്നതിനിടെ ടീമിന് 4 വിക്കറ്റാണ് നഷ്ടമായത്. പിന്നീട് ജിതേഷ് ടീം സ്കോര്‍ 22ലേക്ക് എത്തിച്ചുവെങ്കിലും അഖിൽ ഹാട്രിക്ക് നേട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ജിഡിഐഎസ് 22/7 എന്ന നിലയിലേക്ക് വീണു. എബി പൊന്നച്ചന്‍ എറിഞ്ഞ ഏഴാം ഓവറിൽ വെറും മൂന്ന് റൺസ് പിറന്ന് രണ്ട് വിക്കറ്റ് നഷ്ടമായപ്പോള്‍ ജിഡിഐഎസ് 25/9 എന്ന നിലയിലായിരുന്നു.

വിജയം പോളസ് ഉറപ്പിച്ച നിമിഷത്തിലാണ് ശശികുമാര്‍ എറിഞ്ഞ അവസാന ഓവറിൽ കാര്യങ്ങള്‍ കീഴ്മേൽ മറിഞ്ഞത്. ശ്രീകാന്ത് ആദ്യ രണ്ട് പന്തുകളും സിക്സര്‍ പറത്തിയപ്പോള്‍ മൂന്നാം പന്തിൽ ശ്രീകാന്ത് ബീറ്റൺ ആവുകയായിരുന്നു.

അടുത്ത പന്തിൽ സിക്സും തൊട്ടടുത്ത രണ്ട് പന്തുകളിൽ ബൗണ്ടറി നേടി ശ്രീകാന്ത് 20 പന്തിൽ പുറത്താകാതെ 31 റൺസ് നേടിയപ്പോള്‍ അവിശ്വസനീയ വിജയം ആണ് GDIS നേടിയത്. വൺ ഡൗൺ ആയി ഇറങ്ങിയ ശ്രീകാന്ത് ഒരു വശത്ത് നിൽക്കുമ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ വീഴുകയായിരുന്നുവെങ്കിലും അവസാന ഓവറില്‍ താന്‍ നേരിട്ട ആറ് പന്തിൽ കളി മാറ്റി മറിക്കുന്ന ഇന്നിംഗ്സാണ് താരം പുറത്തെടുത്തത്. 18 റൺസ് നേടിയ ക്യാപ്റ്റന്‍ ജിതേഷ് ആണ് വിജയികളുടെ മറ്റൊരു പ്രധാന സ്കോറര്‍. അഞ്ച് വിക്കറ്റ് നേടിയ അഖിൽ ആണ് പോളസ് ബൗളിംഗിൽ തിളങ്ങിയത്.

ക്വസ്റ്റ് ഗ്ലോബൽ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ആദ്യ ഘട്ട നോക്ക്ഔട്ട് ഫിക്സ്ച്ചറുകള്‍ തയ്യാര്‍

ക്വസ്റ്റ് ഗ്ലോബൽ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ആദ്യ ഘട്ട നോക്ക്ഔട്ട് ഫിക്സ്ച്ചറുകള്‍ തയ്യാര്‍. മുരുഗന്‍ ക്രിക്കറ്റ് ക്ലബ് നടത്തിയ ആദ്യ ഘട്ട മത്സരങ്ങളിൽ 88 ടീമുകള്‍ മാറ്റുരച്ചതിൽ നിന്ന് 29 ടീമുകള്‍ ആണ് നോക്ക് ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.

ഇവരിൽ നിന്ന് 16 ടീമുകള്‍ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടും. ജനുവരി 26, 28, 29 തീയ്യതികളിലായാണ് ആദ്യ ഘട്ട നോക്ക്ഔട്ട് മത്സരങ്ങള്‍ നടക്കുക.

തകര്‍പ്പന്‍ ജയം നേടി പ്രസ് ഗേനി, യുണൈറ്റഡ് ലാബ്സിനെ തകര്‍ത്തത് 76 റൺസിന്

ക്വസ്റ്റ് ഗ്ലോബൽ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിൽ 76 റൺസിന്റെ പടുകൂറ്റന്‍ വിജയവുമായി  പ്രസ് ഗേനി ഇലവന്‍. ഇന്ന് ടൂര്‍ണ്ണമെന്റിന്റെ ഒന്നാം റൗണ്ട് മത്സരത്തിൽ യുണൈറ്റഡ് ലാബ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പ്രസ് ഗേനി 107 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നിന്ന് 8 ഓവറിൽ നേടിയത്.

അലക്സ് കെ കനകരാജ് 17 പന്തിൽ 39 റൺസ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ദീപു ജയകുമാര്‍ 13 പന്തിൽ 25 റൺസുമായി പുറത്താകാതെ നിന്നു. 5 പന്തിൽ 20 റൺസ് നേടി ടോണി പോളും പുറത്താകാതെ നിന്നപ്പോള്‍ 107 റൺസെന്ന മികച്ച സ്കോറിലേക്ക് പ്രസ് ഗേനി ഇലവന്‍ എത്തി.

8 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ യുണൈറ്റഡ് ലാബ്സ് വെറും 31 റൺസ് മാത്രം നേടിയപ്പോള്‍ 76 റണസിന്റെ മികച്ച വിജയം പ്രസ് ഗേനി സ്വന്തമാക്കി. ബൗളിംഗിൽ ടോണി പോള്‍, അലക്സ് കനകരാജ്, ശ്രീറാം, ശ്രീജിത്ത് കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസ് ഗേനിയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

അനായാസ വിജയവുമായി സിഡാക് സ്ട്രൈക്കേഴ്സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഒന്നാം ഘട്ട മത്സരത്തിൽ ബാറ്റ് ബ്രേക്കേഴ്സിനെതിരെ തകര്‍പ്പന്‍ വിജയവുമായി സിഡാക് സ്ട്രൈക്കേഴ്സ്. 9 വിക്കറ്റിന്റെ വിജയം ആണ് സിഡാക് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബാറ്റ് ബ്രേക്കേഴ്സ് 8 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് നേടിയപ്പോള്‍ വെറും 3.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ സിഡാക് തങ്ങളുടെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി.

നാല് വിക്കറ്റുമായി അനൂപ് വിജയയും 3 വിക്കറ്റ് നേടി മനു മോഹനും ആണ് സിഡാക്കിനായി ബൗളിംഗിൽ തിളങ്ങിയത്. 12 റൺസ് നേടിയ അമൽ മോഹന്‍ ആണ് ബാറ്റ് ബ്രേക്കേഴ്സിന്റെ ടോപ് സ്കോറര്‍.

ബാറ്റിംഗിൽ അനൂപ് വിജയ് (4 പന്തിൽ പുറത്താകാതെ 16 റൺസ്), ഡിഎസ് ഷൈന്‍(6 പന്തിൽ പുറത്താകാതെ 12 റൺസ്), അന്‍ഷാദ്(10 പന്തിൽ 15 റൺസ്) എന്നിവരാണ് സിഡാക് വിജയം വേഗത്തിലാക്കിയത്.

പ്രസ്സ് ഗേനി ഇലവന് വിജയം, ക്രൂസേഡേഴ്സിന് പരാജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഭാഗമായി നടക്കുന്ന മത്സരത്തിൽ പ്രസ്സ് ഗേനി ഇലവന് ആദ്യ മത്സരത്തിൽ വിജയം. ഫയ ടൈറ്റന്‍സിനെതിരെ 5 വിക്കറ്റ് വിജയം ആണ് ടീം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സിനെ 8 ഓവറിൽ 46/7 എന്ന നിലയിൽ ഒതുക്കിയ ശേഷം 6 ഓവറിലാണ് ടീമിന്റെ വിജയം. അഞ്ച് വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഫയയുടെ അജിത്ത് കുമാര്‍ പ്രസ്സ് ഗേനിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. 7 റൺസ് നേടുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ടീമിനെ 12 പന്തിൽ 24 റൺസ് നേടിയ ജിഷ്ണുവിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത്.

മറ്റൊരു മത്സരത്തിൽ പ്രസ്സ് ഗേനി ക്രൂസേഡേഴ്സിന് പരാജയം ആയിരുന്നു ഫലം. ക്രൂസേഡേഴ്സിനെതിരെ എഫ്ടിഐയന്‍സ് 9 വിക്കറ്റ് വിജയം ആണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ക്രൂസേഡേഴ്സ് 42/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 3.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ എതിരാളികള്‍ വിജയം കൊയ്തു.

എഫ്ടിഐയന്‍സിന് വേണ്ടി അനിൽ കെ വര്‍ഗീസ് 3 വിക്കറ്റും ശ്രീജിത്ത് 2 വിക്കറ്റും നേടിയപ്പോള്‍ ബാറ്റിംഗിൽ ദര്‍ശന്‍ ബി നായര്‍ 15 പന്തിൽ 20 റൺസും ജയേഷ് കുമാര്‍ പുറത്താകാതെ 12 റൺസും നേടി വിജയം ഉറപ്പാക്കി.

ക്വസ്റ്റ് ഗ്ലോബൽ ടെക്നോപാർക്ക് പ്രീമിയർ ലീഗ് തുടങ്ങി

ടെക്നോപാർക്ക് കമ്പനികളിലെ ക്രിക്കറ്റ് ടീമുകളുടെ വാർഷിക മത്സരമായ ടെക്നോപാർക്ക് ക്രിക്കറ്റ് ലീഗ് 2022 ഡിസംബർ 10ന് ആരംഭിച്ചു. 2003 മുതൽ നടന്നുവരുന്ന ടൂർണമെന്റിൽ ഇക്കുറി 152 ടീമുകളാണ് പങ്കെടുക്കുന്നത്.മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ടൂർണ്ണമെൻറ് നടത്തുന്നത്. മുൻവർഷത്തെ പ്രകടനമികവനുസരിച്ച് ചാമ്പ്യന്മാരായ ആർ ആർ ഡൊണലി റണ്ണറപ്പായ യു എസ് ടി ഗ്ലോബൽ എന്നിവരടക്കം ആദ്യ 32 ടീമുകൾ നേരിട്ട് ചാമ്പ്യൻസ് റൗണ്ടിൽ ഇടം പിടിച്ചിട്ടുണ്ട്.

രണ്ടാംഘട്ടത്തിൽ 33 മുതൽ 64 വരെ സ്ഥാനത്തുള്ള ടീമുകൾ നേരിട്ട് പ്രവേശനം നേടിയിട്ടുണ്ട് .മറ്റു 88 ടീമുകൾ ആദ്യ റൗണ്ടിൽ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ മൽസരിച്ച് ഏറ്റവും മുകളിൽ വരുന്ന 16 ടീമുകൾ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കും. രണ്ടാംഘട്ടത്തിലെ ലീഗ് കം നോക്കൗട്ട് മത്സരങ്ങളുടെ അടിസ്ഥാനത്തിൽ 16 ടീമുകൾ ചാമ്പ്യൻസ് റൗണ്ടിലേക്ക് പ്രവേശിക്കും. ചാമ്പ്യൻസ് റൗണ്ട് മത്സരങ്ങൾ മാർച്ച് മാസം കൊണ്ട് പൂർത്തിയാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ടെന്നീസ് ബോളിൽ 8 ഓവർ വീതമുള്ള മാച്ചുകളാണ് നടക്കുന്നത് വെള്ളി ശനി ഞായർ ദിവസങ്ങളിൽ മാത്രമാണ് മത്സരം.ഇംപാക്ട് പ്ലയർ അടക്കമുള്ള എല്ലാ നിയമങ്ങളും ഉൾപ്പെടുത്തിയാണ് ടൂർണമെൻ്റ് നടക്കുക. മുൻ നിര IT company ആയ Quest global ആണ് ടൂർണമെൻ്റിൻ്റെ Title sponsor. തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് സംഘാടകരായ മുരുകൻ ക്രിക്കറ്റ് ആണ് ടൂർണ്ണമെൻറ് നടത്തുന്നത്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രജിസ്ട്രേഷന്‍ ആരംഭിച്ചു

ടെക്നോപാര്‍ക്കുമായി ചേര്‍ന്ന് മുരുഗന്‍ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ഉടന്‍ ആരംഭിയ്ക്കുന്നു. ടൂര്‍ണ്ണമെന്റിന് പങ്കെടുക്കുന്നതിന് വേണ്ടിയുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചുവെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. നവംബര്‍ 10 ആണ് രജിസ്ട്രേഷനുള്ള അവസാന തീയ്യതി.

കൂടുതൽ വിവരങ്ങള്‍ക്കായി http://murugancricketclub.com/tpl2022/ എന്ന ലിങ്ക് സന്ദര്‍ശിക്കുക. മുന്‍ വര്‍ഷങ്ങളിൽ 100ലധികം കമ്പനികളിൽ നിന്നായി 130ലധികം ടീമുകളാണ് ടെക്നോപാര്‍ക്കിന്റെ ക്രിക്കറ്റ് മാമങ്കത്തിൽ പങ്കെടുത്തത്.  ഇത്തവണത്തെ ടൂര്‍ണ്ണമെന്റിന്റെ ഫോര്‍മാറ്റും ഫിക്സ്ച്ചറുകളും വരുംദിവസങ്ങളിൽ സംഘാടകര്‍ പുറത്ത് വിടും.  

ആവേശപ്പോര്, ശ്രീനിലിന്റെ മികവിൽ ആര്‍ആര്‍ഡി കോബ്രാസിന് അവസാന പന്തിൽ കിരീടം

9 പന്തിൽ 27 റൺസ് നേടിയ ശ്രീനിലിന്റെ മികവിൽ യുഎസ്ടി ബ്ലൂവിനെ അവസാന പന്തിൽ മറികടന്ന് ആര്‍ആര്‍ഡി കോബ്രാസിന് ടിപിഎൽ 2020 കിരീടം. ആദ്യം ബാറ്റ് ചെയ്ത യുഎസ്ടി മനീഷ് സുകുമാരന്‍ നായര്‍ നേടിയ 34 റൺസിന്റെ ബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 8 ഓവറിൽ 68 റൺസ് നേടിയപ്പോള്‍ അവസാന പന്തിലാണ് 6 വിക്കറ്റ് വിജയം ആര്‍ആര്‍ഡി കോബ്രാസ് നേടിയത്.

രണ്ടോവര്‍ അവശേഷിക്കവെ 29 റൺസ് വേണ്ടിയിരുന്ന ആര്‍ആര്‍ഡി കോബ്രാസിന് വേണ്ടി ശ്രീനിൽ ഉതിര്‍ത്ത രണ്ട് സിക്സുകള്‍ ലക്ഷ്യം 9 പന്തിൽ 16 ആക്കി കുറച്ചു. ഇതിന് ശേഷം 3 റൺസ് കൂടി വന്നപ്പോള്‍ അവസാന ഓവറിൽ 13 ആയി മാറി ലക്ഷ്യം.

ശ്രീനില്‍ അവസാന ഓവറിലെ ആദ്യ പന്തിൽ ബീറ്റൺ ആയപ്പോള്‍ അടുത്ത പന്തിൽ സിക്സും അതിന്റെ അടുത്ത പന്തിൽ സിംഗിളും ശ്രീനിൽ നേടിയപ്പോള്‍ ലക്ഷ്യം 3 പന്തിൽ ആറായി. ശരത് മോഹന്‍ അടുത്ത പന്ത് ബൗണ്ടറി നേടിയപ്പോള്‍ 2 പന്തിൽ രണ്ടായി മാറി. അടുത്ത പന്തിൽ ശരത് മോഹന്‍ റണ്ണൗട്ടായപ്പോള്‍ ലക്ഷ്യം അവസാന പന്തിൽ 2 റൺസായി.

ശ്രീനിൽ നൽകിയ അവസരം യുഎസ്ടി ബ്ലൂ കൈവിട്ടപ്പോള്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുവാന്‍ ആര്‍ആര്‍ഡി കോബ്രാസിന് സാധിച്ചു. ആര്‍ആര്‍ഡിയ്ക്ക് വേണ്ടി വൈശാഖ് 15 റൺസും അന്‍വര്‍ഷാ 11 റൺസും നേടിയപ്പോള്‍ ശ്രീനിൽ രാജിന്റെ എണ്ണം പറഞ്ഞ 4 സിക്സുകളാണ് മത്സരം മാറ്റി മറിച്ചത്.

സെമി ഫൈനൽ മത്സരങ്ങള്‍ ആര്‍ആര്‍ഡി കോബ്രാസ് അലയന്‍സ് വൈറ്റ്സിനെതിരെ 7 വിക്കറ്റ് വിജയം നേടിയപ്പോള്‍ യുഎസ്ടി ബ്ലൂ അലയന്‍സ് ബ്ലൂവിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്.

 

Exit mobile version