തമീം ഇക്ബാലിനു പിഴ

ധാക്ക ടെസ്റ്റിനിടെ മോശം പെരുമാറ്റത്തിനു തമീം ഇക്ബാലിനു മാച്ച് ഫീസിന്റെ 15 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും. ധാക്ക ടെസ്റ്റിലെ നാലാം ദിനമാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ അടിക്കടി ഗ്ലൗവുകള്‍ മാറ്റിയപ്പോള്‍ അതിനെ സംബന്ധിച്ച് അമ്പയര്‍മാരുമായി കയര്‍ത്തതും മാത്യു വെയിഡ് പുറത്തായപ്പോള്‍ താരത്തോട് ഗ്രൗണ്ടിനു വെളിയിലേക്ക് പോകുവാന്‍ ആംഗ്യം കാണിച്ചതുമാണ് നടപടിക്ക് ഇടയാക്കിയത്.

നേരത്തെ ഈ വര്‍ഷം മാര്‍ച്ചില്‍ ശ്രീലങ്കയോടുള്ള ടെസ്റ്റ് പരമ്പരയ്ക്കിടയിലും തമീമിനു പിഴ ലഭിച്ചിരുന്നു. അന്ന് തമീമിനു ഒരു ഡീമെറിറ്റ് പോയിന്റ് ശിക്ഷയായി വിധിച്ചു. നിലവില്‍ 2 ‍ഡീമെറിറ്റ് പോയിന്റുകള്‍ ഉള്ള തമീം 2 ഡീമെറിറ്റ് പോയിന്റ് കൂടി നേടുകയാണെങ്കില്‍ അത് സസ്പെന്‍ഷന്‍ പോയിന്റായി മാറും. അലീം ദാര്‍, നിഗെല്‍ ലോംഗ്, ഇയാന്‍ ഗൗള്‍ഡ്(മൂന്നാം അമ്പയര്‍), അനിസുര്‍ റെഹ്മാന്‍(നാലാം അമ്പയര്‍) എന്നിവരാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാഞ്ചസ്റ്റർ സിറ്റിയുടെ വണ്ടർ കിഡ് ഡോർട്ട്മുണ്ടിൽ
Next articleജൈത്രയാത്ര തുടരാൻ ജർമ്മനിയിറങ്ങുന്നു