രണ്ടാം കിരീടം തേടി ടൂട്ടി പാട്രിയറ്റ്സ്, തടയാനായി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്

തമിഴ്നാട് പ്രീമിയര്‍ ലീഗ് രണ്ടാം സീസണില്‍ അപരാജിതരായി തുടരുന്ന ഏക ഒരു ടീമാണ് നിലവിലെ ചാമ്പ്യന്മാരായ ടൂട്ടി പാട്രിയറ്റ്സ്. അവരെ ഫൈനലില്‍ ഏറ്റുമുട്ടുന്നത് ടൂര്‍ണ്ണമെന്റില്‍ അവരോട് ഏറ്റുമുട്ടിയ രണ്ട് വട്ടവും പരാജയപ്പെട്ടുവെങ്കിലും ഫൈനല്‍ വരെ എത്തിയ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസും. കൂട്ടത്തില്‍ മുന്‍തൂക്കവും സാധ്യതയും ടൂട്ടി പാട്രിയറ്റ്സിനാണെങ്കിലും ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ ചെറുതായി കാണാനാകില്ല.

വാഷിംഗ്ടണ്‍ സുന്ദറും, കൗശിക് ഗാന്ധിയും എന്നും സ്വപ്നതുല്യമായ തുടക്കമാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ പാട്രിയറ്റ്സിനു നല്‍കിയിട്ടുള്ളത്. അഭിനവ് മുകുന്ദും ദിനേശ് കാര്‍ത്തിക്കും തിരിച്ചു ടീമില്‍ എത്തിയതോടു കൂടി ടീമിന്റെ ബാറ്റിംഗ് നിര കടലാസ്സില്‍ ശക്തമാണ്. ദിനേശ് കാര്‍ത്തിക്കിനും മധ്യനിരയ്ക്കും കാര്യമായി റണ്‍സ് കണ്ടെത്തേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല. ടീമിനെ പ്രതിസന്ധി ഘട്ടത്തിലെല്ലാം തന്നെ രക്ഷയ്ക്കെത്തീട്ടുള്ളവരാണ് സുബ്രഹ്മണ്യന്‍ ആനന്ദ്, എസ്പി നാഥന്‍, ആകാശ് സുമ്ര തുടങ്ങിയ ബാറ്റ്സ്മാന്മാര്‍.

ബൗളിംഗ് നിരയില്‍ ഗണേഷ് മൂര്‍ത്തി, അതിശയരാജ് ഡേവിഡ്സണ്‍ എന്നിവര്‍ക്കൊപ്പം ഐപിഎല്‍ താരം വാഷിംഗ്ടണ്‍ സുന്ദറും എത്തുന്നത് ടീമിനു ഏറെ ഗുണകരമാണ്. ലീഗ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങളും ജയിച്ച് വന്നതിന്റെ ആത്മവിശ്വാസത്തില്‍ തന്നെയാണ് ചെപ്പോക്കുമായുള്ള ആദ്യ ക്വാളിഫയറില്‍ ജയിക്കാനും ടൂട്ടിക്ക് തുണയായത്.

രണ്ടാം സീസണില്‍ ഇത് മൂന്നാം തവണയാണ് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് ടൂട്ടി പാട്രിയറ്റ്സുമായി ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും പിന്നീട് ആദ്യ ക്വാളിഫയറിലും പരാജയമായിരുന്നു ഫലമെങ്കിലും ഫൈനലില്‍ ഒരു വെടിക്കുള്ള മരുന്ന് തങ്ങളുടെ കൈയ്യിലുമുണ്ടെന്ന് തെളിയിക്കാനായാണ് ചെപ്പോക്ക് എത്തുന്നത്. ക്യാപ്റ്റന്‍ രാജഗോപാല്‍ സതീഷ് നയിക്കുന്ന ബൗളിംഗ് നിര തന്നെയാണ് കൂട്ടത്തില്‍ മെച്ചപ്പെട്ട പ്രകടനം ഗില്ലീസിനായി പുറത്തെടുത്തിട്ടുള്ളത്. ഉതിര്‍സാമി ശശിദേവ്, ആന്റണി ദാസ്, രവിശ്രീനിവാസന്‍ സായി കിഷോര്‍ എന്നിവര്‍ ഇതുവരെ ബാറ്റ് കൊണ്ടും ബോള് കൊണ്ടും ടീമിനായി നിര്‍ണ്ണായക സംഭാവന ചെയ്തിട്ടുണ്ട്.

പല ഘട്ടങ്ങളിലും ടീമിന്റെ രക്ഷയ്ക്കെത്തിയിട്ടുള്ള ഓപ്പണിംഗ് കൂട്ടുകെട്ടായ ഗോപിനാഥ്, തലൈവന്‍ സര്‍ഗുണം, കോവൈയ്ക്കെതിരെയുള്ള രണ്ടാം ക്വാളിഫയറില്‍ മികച്ച പ്രകടനം പുറത്തെടുത്ത എസ് കാര്‍ത്തിക് എന്നിവരുടെ പ്രകടനങ്ങളാവും മത്സരത്തില്‍ ചെപ്പോക്കിനു ഏറെ നിര്‍ണ്ണായകമാകുക. മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ടൂട്ടി പാട്രിയറ്റ്സിനെ തളയ്ക്കാന്‍ സൂപ്പര്‍ ഗില്ലീസിനാകുള്ളു. ബൗളിംഗില്‍ യോ മഹേഷും അലക്സാണ്ടറുമാവും പ്രധാന ശ്രദ്ധ കേന്ദ്രങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial