അജയ്യരായി ടൂട്ടി പാട്രിയറ്റ്സ്, ആദ്യ ക്വാളിഫയറില്‍ ജയിച്ച് ഫൈനലിലേക്ക്

ഗ്രൂപ്പ് ഘട്ടത്തിലെ കളി മികവ് ആദ്യ ക്വാളിഫയറിലും പുറത്തെടുത്ത് ടൂട്ടി പാട്രിയറ്റ്സ്. ഇന്ന് നടന്ന ആദ്യ ക്വാളിഫയറില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ 8 വിക്കറ്റിന്റെ ജയമാണ് ടൂട്ടി പാട്രിയറ്റ്സ് സ്വന്തമാക്കിയത്. 73 റണ്‍സ് നേടി പുറത്താകാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറും 33 റണ്‍സുമായി അഭിനവ് മുകുന്ദുമാണ് പാട്രിയറ്റ്സിനെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ ആദ്യം ബാറ്റിംഗ് ആരംഭിച്ച സൂപ്പര്‍ ഗില്ലീസ് 114 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറാണ് കളിയിലെ താരം.

33 റണ്‍സ് നേടിയ എസ് കാര്‍ത്തികും ആന്റണി ദാസ്(27), യോ മഹേഷ്(17*) എന്നിവര്‍ക്ക് മാത്രമാണ് ചെപ്പോക്കിനായി റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞത്. നാല് വിക്കറ്റ് നേടിയ അതിശയരാജ് ഡേവിഡ്സണ്‍ ആണ് ചെപ്പോക്കിനു തിരിച്ചടി നല്‍കിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി മറ്റു ടൂട്ടി ബൗളര്‍മാരും അതിശയ രാജിനു മികച്ച പിന്തുണ നല്‍കി. വാഷിംഗ്ടണ്‍ സുന്ദര്‍ തന്റെ മൂന്നോവറില്‍ 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടൂട്ടിയ്ക്കായി വാഷിംഗ്ടണ്‍ സുന്ദര്‍ ടിഎന്‍പിഎല്‍-ലെ അതിവേഗ അര്‍ദ്ധ ശതകം നേടി മികച്ച തുടക്കം നല്‍കി. 64 റണ്‍സില്‍ ആദ്യ വിക്കറ്റ് വീണപ്പോള്‍ കൗശിക് ഗാന്ധി 9 റണ്‍സ് മാത്രമാണ് നേടിയത്. അടുത്ത പന്തില്‍ ദിനേശ് കാര്‍ത്തികിനെയും നഷ്ടമായെങ്കിലും വാഷിംഗ്ടണ്‍ സുന്ദര്‍-അഭിനവ് മുകുന്ദ് കൂട്ടുകെട്ട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial