കാഞ്ചി വീരന്‍സിനെ കീഴടക്കി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്

എന്‍എസ് ചതുര്‍വേദിന്റെയും എന്‍ ജഗദീഷന്റെയും ബാറ്റിംഗ് മികവില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനു ജയം. കാഞ്ചി വീരന്‍സിനെതിരെയുള്ള മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിബി കാഞ്ചി വീരന്‍സിന്റെ തുടക്കം മോശമായിരുന്നു. 27 റണ്‍സ് എടുക്കുന്നതിനു മുമ്പ് 4 വിക്കറ്റുകള്‍ നഷ്ടമായ ടീമിനെ അഞ്ചാം വിക്കറ്റില്‍ മോകിത് ഹരിഹരന്‍(77*)-ഫ്രാന്‍സിസ് റോകിന്‍സ്(64*) കൂട്ടുകെട്ട് നേടിയ 139 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 20 ഓവറില്‍ 166 റണ്‍സില്‍ എത്തിക്കുകയായിരുന്നു. അരുണ്‍ മൊഴി ഡ്രാഗണ്‍സിനു വേണ്ടി രണ്ട് വിക്കറ്റ് നേടി.

ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനു വേണ്ടി ഹരി നിശാന്തും(50) ജഗദീഷനും (41) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ മത്സരത്തിന്റെ ഗതി മാറ്റി 5 പന്ത് ശേഷിക്കെ ടീമിനെ വിജയത്തിലേക്ക് നയിച്ചത് 17 പന്തില്‍ 41 റണ്‍സ് നേടിയ ചതുര്‍വേദിന്റെ ഇന്നിംഗ്സായിരുന്നു. 19.1 ഓവറിലാണ് ഡ്രാഗണ്‍സ് 7 വിക്കറ്റ് ജയം സ്വന്തമാക്കിയത്. 27 റണ്‍സ് നേടി ബാലചന്ദര്‍ അനിരുദ്ധും മികവ് പുലര്‍ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാട്രിയറ്റ്സിനെ പരാജയപ്പെടുത്തി പാന്തേഴ്സ്

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മധുരൈ പാന്തേഴ്സിനു ഏഴ് വിക്കറ്റ് ജയം. ടൂട്ടി പാട്രിയറ്റ്സിനെതിരെയാണ് മികച്ച ജയം ഇന്ന് മധുരൈ പാന്തേഴ്സ് സ്വന്തമാക്കിയത്. ടോസ് നേടി ടൂട്ടി പാട്രിയറ്റ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും 20 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 165 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. സുബ്രമണ്യന്‍ ആനന്ദ്(44), അക്ഷയ് ശ്രീനിവാസന്‍(42), എസ് ദിനേശ്(35) എന്നിവര്‍ക്ക് പുറമേ രാജഗോപാല്‍ സതീഷ് 10 പന്തില്‍ 24 റണ്‍സ് നേടി പാട്രിയറ്റ്സ് നിരയില്‍ തിളങ്ങി. ബൗളിംഗ് ടീമിനു വേണ്ടി അഭിഷേക് തന്‍വര്‍ മൂന്ന് വിക്കറ്റ് നേടി. വരുണ്‍ ചക്രവര്‍ത്തി, ജഗദീഷന്‍ കൗശിക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ലക്ഷ്യം 18.4 ഓവറിലാണ് മധുരൈ പാന്തേഴ്സ് മറികടന്നത്. അരുണ്‍ കാര്‍ത്തിക് 59 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ജഗദീഷന്‍ കൗശിക് 38 റണ്‍സ് നേടി പുറത്താകാതെ ടീമിന്റെ വിജയം ഉറപ്പിച്ചു. നിര്‍ണ്ണായക ഇന്നിംഗ്സുകളുമായി രോഹിത്(28), ഷിജിത്ത് ചന്ദ്രന്‍(29) എന്നിവരും മികവ് പുലര്‍ത്തി.

പാട്രിയറ്റ്സിനു വേണ്ടി അതിശയരാജ് ഡേവിഡ്സണ്‍ രണ്ടും ഗണേഷ് മൂര്‍ത്തി ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൂപ്പര്‍ ഗില്ലീസിനെ വീഴ്ത്തി കാരൈകുഡി കാളൈ

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണിലെ പത്താം മത്സരത്തില്‍ 47 റണ്‍സ് ജയം സ്വന്തമാക്കി കാരൈകുഡി കാളൈ. ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 5 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടിയ ടീം മറുപടി ബാറ്റിംഗിനിറങ്ങിയ ഗില്ലീസിനെ 146 റണ്‍സില്‍ ചെറുത്ത് നിര്‍ത്തി. 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തിലാണ് ചെപ്പോക്ക് ഈ സ്കോര്‍ നേടിയത്.

ശ്രീകാന്ത് അനിരുദ്ധ(28 പന്തില്‍ 56), മാന്‍ ബാഫ്ന(31) എന്നിവരോടൊപ്പം ഷാജഹാനും(പുറത്താകാതെ 20 പന്തില്‍ 43) മികച്ച പ്രകടനം പുറത്തെടുത്തപ്പോളാണ് കാരൈകുഡി 193 എന്ന മികച്ച സ്കോറിലേക്ക് നീങ്ങിയത്. രണ്ട് വീതം വിക്കറ്റുമായി ഹരീഷ് കുമാര്‍, ബി അരുണ്‍ എന്നിവര്‍ക്കൊപ്പം അലക്സാണ്ടര്‍ ചെപ്പോക്കിനു വേണ്ടി ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങയി ചെപ്പോക്ക് നിരയില്‍ 47 റണ്‍സ് നേടി ഗോപിനാഥ് മാത്രമാണ് പൊരുതി നോക്കിയത്. മുരുഗന്‍ അശ്വിന്‍ 33 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഉതിര്‍സാമി ശശിദേവ് 23 റണ്‍സ് നേടി. യോ മഹേഷ്, മോഹന്‍ പ്രസാത്, രാജ് കുമാര്‍, വെളിഡി ലക്ഷമണ്‍, മാന്‍ ബാഫ്ന എന്നിവര്‍ കാളൈകള്‍ക്ക് വേണ്ടി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

11 റണ്‍സ് ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ്

ലൈക കോവൈ കിംഗ്സിനെതിരെ 11 റണ്‍സ് ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആവേശകരമായ വിജയമാണ് പാട്രിയറ്റ്സ് സ്വന്തമാക്കിയത്. അര്‍ദ്ധ ശതകം നേടിയ ടൂട്ടി ഓപ്പണര്‍ എസ് ദിനേശ് ആണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ടൂട്ടി പാട്രിയറ്റ്സ് 20 ഓവറില്‍ 182/7 എന്ന സ്കോറാണ് നേടിയത്. ദിനേശ് 59 റണ്‍സും കൗശിക് ഗാന്ധി 43 റണ്‍സും നേടുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 89 റണ്‍സ് നേടി മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ടൂട്ടി പാട്രിയറ്റ്സിനു നല്‍കിയത്. എന്നാല്‍ കൗശിക് ഗാന്ധിയെയും(25 പന്തില്‍ 43 റണ്‍സ്) സുബ്രമണ്യം ആനന്ദിനെയും തുടരെ നഷ്ടമായ ടീമിനെ അക്ഷയ് ശ്രീനിവാസന്‍(21 പന്തില്‍ 45)-ദിനേശ് കൂട്ടുകെട്ട് മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു. രാജഗോപാല്‍ സതീഷ് 9 പന്തില്‍ 18 റണ്‍സുമായി അവസാന ഓവറില്‍ മികച്ച പ്രകടനം നടത്തി.

അവസാന ഓവറുകള്‍ തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ 200നു മുകളിലുള്ള സ്കോര്‍ എന്ന പാട്രിയറ്റ്സ് മോഹം സാധ്യമായില്ല. ടി നടരാജന്‍, അജിത് റാം, പ്രശാന്ത് രാജേഷ് എന്നിവര്‍ കോവൈയ്ക്കായി 2 വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോവൈ ബാറ്റ്സ്മാന്മാര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോറിലേക്ക് മാറ്റുവാന്‍ സാധിക്കാതെ പോയതോടെ ലക്ഷ്യത്തിനു 11 റണ്‍സ് അകലെ വരെയെ ടീമിനു എത്തുവാന്‍ സാധിച്ചുള്ളു. അകില്‍ ശ്രീനാഥ് 35 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. ഷാരൂഖ് ഖാന്‍(23), അഭിനവ് മുകുന്ദ്(21), ആന്റണി ദാസ്(20), രവികുമാര്‍ രോഹിത്(25), പ്രശാന്ത് രാജേഷ്(21) എന്നിങ്ങനെ നിരവധി ബാറ്റ്സ്മാന്മാര്‍ ഇരുപതുകളില്‍ പുറത്തായതും ടീമിനു തിരിച്ചടിയായി.

പാട്രിയറ്റ്സിനു വേണ്ടി അതിശയരാജ് ഡേവിഡ്സണ്‍, ആകാശ് സുമ്ര എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമേ കോവൈയ്ക്ക് നേടാനായുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാഞ്ചി വീരന്‍സിനു തോല്‍വി, 8 വിക്കറ്റ് ജയം സ്വന്തമാക്കി കാരൈകുഡി കാളൈ

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ എട്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി കാരൈകുഡി കാളൈ(കെകെ). ഇന്നലെ നടന്ന മത്സരത്തില്‍ വിബി കാഞ്ചി വീരന്‍സിനെയാണ്(വികെവി) കാരൈകൂഡി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത വികെവി 20 ഓവറില്‍ 145 റണ്‍സ് നേടുകയായിരുന്നു. 8 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഈ സ്കോര്‍. വിശാല്‍ വൈദ്യ 40 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. സഞ്ജയ് യാദവ് 27 റണ്‍സും സുനില്‍ സാം(19), സുബ്രമണ്യ ശിവ(18), അശ്വത്(17) എന്നിവരുടെ ബാറ്റിംഗ് സംഭാവനകള്‍ കൂടി ചേര്‍ന്നപ്പോളാണ് സ്കോര്‍ 145ല്‍ എത്തിയത്.

കാരൈകുഡിയ്ക്ക് വേണ്ടി വെലിഡി ലക്ഷമണ്‍, മോഹന്‍ പ്രസാത് എന്നിവര്‍ രണ്ടും യോ മഹേഷ്, സ്വാമിനാഥന്‍, രാജ്കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കാരൈകുഡി ശ്രീകാന്ത് അനിരുദ്ധയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ (49 പന്തില്‍ നിന്ന് 93 റണ്‍സ് ) 16.3 ഓവറില്‍ വിജയം കൈവരിച്ചു. 2 വിക്കറ്റ് നഷ്ടത്തിലാണ് ഈ ജയം. ആദിത്യ(5), മാന്‍ ബാഫ്ന(24) എന്നിവര്‍ പുറത്തായപ്പോള്‍ 19 റണ്‍സുമായി രാജമണിി ശ്രീനിവാസന്‍ അനിരുദ്ധയ്ക്ക് മികച്ച പിന്തുണ നല്‍കി. 6 ബൗണ്ടറിയും 7 സിക്സുമാണ് അനിരുദ്ധ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയം തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, കോവൈ കിംഗ്സിനെതിരെ 8 വിക്കറ്റ് വിജയം

ലൈക്ക കോവൈ കിംഗ്സ് നേടിയ 185/5 എന്ന സ്കോറിനെ 14 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ ഡിണ്ടിഗലിലെ എന്‍പിആര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് സ്വന്തമാക്കിയ ഡിണ്ടിഗല്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 2018 സീസണ്‍ ടിഎന്‍പിഎലിലെ 7ാം മത്സരത്തില്‍ ഓപ്പണര്‍ ഷാരൂഖ് ഖാന്റെയും അഖില്‍ ശ്രീനാഥിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ കോവൈ കിംഗ്സ് 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടുകയായിരുന്നു.

ഷാരൂഖ് ഖാന്‍ 54 പന്തില്‍ 7 ബൗണ്ടറിയും നാല് സിക്സും സഹിതം 86 റണ്‍സ് നേടുകയായിരുന്നു. അഖില്‍ ശ്രീനാഥ് 54 റണ്‍സുമായി പുറത്താകാതെ നിന്നു. രവികുമാര്‍ രോഹിത് 16 പന്തില്‍ 26 റണ്‍സും നേടി. ഡ്രാഗണ്‍സ് ബൗളര്‍മാരില്‍ ജഗന്നാഥന്‍ കൗശിക്, എന്‍ മുഹമ്മദ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഓപ്പണര്‍ എന്‍ ജഗദീഷന്‍, എന്‍എസ് ചതുര്‍വേദ് എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഡ്രാഗണ്‍സിനെ ആധികാരിക ജയത്തിലേക്ക് നയിച്ചത്. 36 പന്തില്‍ നിന്ന് 72 റണ്‍സാണ് ചതുര്‍വേദ് ഇന്നലെ അടിച്ച് കൂട്ടിയത്. 6 സിക്സും 5 ബൗണ്ടറിയുമടക്കമാണ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ജഗദീഷന്‍ 66 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ബാലചന്ദര്‍ അനിരുദ്ധ് 11 പന്തില്‍ 25 റണ്‍സുമായി ജഗദീഷനു മികച്ച പിന്തുണ നല്‍കി. 9 പന്തില്‍ 19 റണ്‍സ് നേടിയ ഹരി നിശാന്ത് ആണ് പുറത്തായ മറ്റൊരു താരം.

17.4 ഓവറില്‍ ആണ് 8 വിക്കറ്റ് ജയം ഡ്രാഗണ്‍സ് സ്വന്തമാക്കിയത്. കൃഷ്ണമൂര്‍ത്തി വിഗ്നേഷ്, പ്രശാന്ത് രാജേഷ് എന്നിവര്‍ ഓരോ വിക്കറ്റ് കോവൈയ്ക്കായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മധുരൈ പാന്തേഴ്സിനു 26 റണ്‍സ് ജയം

ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ 26 റണ്‍സ് ജയം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്. രാഹില്‍ ഷാ മാന്‍ ഓഫ് ദി മാച്ച് ആയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മധുരൈ 153/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ ഗില്ലീസ് ഇന്നിംഗ്സിന്റെ അവസാന പന്തില്‍ 127 റണ്‍സിനു ഓള്‍ഔട്ട് ആയി. മൂന്ന് വിക്കറ്റ് നേടിയ രാഹില്‍ ഷാ ആണ് കളിയിലെ താരം.

നിലേഷ് സുബ്രമണ്യം(31), ജഗദീഷന്‍ കൗശിക്(37), ഷിജിത്ത് ചന്ദ്രന്‍(37) എന്നിവരുടെ ബാറ്റിംഗ് മികവില്‍ മധുരൈ 20 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 153 റണ്‍സ് നേടുകയായിരുന്നു. സൂപ്പര്‍ ഗില്ലീസിനായി മുരുഗന്‍ അശ്വിന്‍, സണ്ണി കുമാര്‍ സിംഗ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. സിദ്ധാര്‍ത്ഥിനു രണ്ട് വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെപ്പോക്കിനു വേണ്ടി എസ് കാര്‍ത്തിക്(28), ഗംഗ ശ്രീധര്‍ രാജു(24), മുരുഗന്‍ അശ്വിന്‍(22) എന്നിവരല്ലാതെ ആര്‍ക്കും 20നു മുകളിലുള്ള സ്കോര്‍ കണ്ടെത്താനായില്ല. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ ടീം 127 റണ്‍സിനു ഓള്‍ഔട്ട് ആയി. രാഹില്‍ ഷായ്ക്കൊപ്പം വരുണ്‍ ചക്രവര്‍ത്തി മൂന്നും കിരണ്‍ ആകാശ് രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആധികാരിക ജയവുമായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, റണ്‍റേറ്റിലും നേട്ടം

മധുരൈ പാന്തേഴ്സിനെതിരെ ആധികാരികമായ ജയം സ്വന്തമാക്കി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ആദ്യ മത്സരത്തില്‍ റൂബി തൃച്ചി വാരിയേഴ്സിനോട് പരാജയപ്പെട്ട ശേഷം മികച്ച തിരിച്ചുവരവാണ് ടൂര്‍ണ്ണമെന്റില്‍ ഡിണ്ടിഗല്‍ നടത്തിയിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സ് 20 ഓവറില്‍ 169/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ജയം സ്വന്തമാക്കിയത്.

അരുണ്‍ കാര്‍ത്തിക്(61), ഷിജിത്ത് ചന്ദ്രന്‍(35), എന്നിവര്‍ക്കൊപ്പം രോഹിത്(24), തലൈവന്‍ സര്‍ഗുണം(26) എന്നിവരും റണ്‍സ് കണ്ടെത്തിയപ്പോളാണ് 169 എന്ന താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്ക് പാന്തേഴ്സ് എത്തിയത്. രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡ്രാഗണ്‍സിനു ഹരി നിശാന്തിനെ(28) നഷ്ടമായെങ്കിലും ജഗദീഷന്‍, വിവേക് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ടീമിനെ 15.2 ഓവറില്‍ ലക്ഷ്യമായ 170 റണ്‍സ് നേടുവാന്‍ സഹായിച്ചു. 33 പന്തില്‍ നിന്ന് വിവേക് 70 റണ്‍സ് നേടിയപ്പോള്‍ 42 പന്തില്‍ നി്നനാണ് ജഗദീഷന്‍ തന്റെ 68 റണ്‍സ് കണ്ടെത്തിയത്. കിരണ്‍ ആകാശിനാണ് ഇന്നിംഗ്സില്‍ വീണ ഏക വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അവസാന ഓവറില്‍ 19 റണ്‍സ് നേടി റൂബി തൃച്ചി വാരിയേഴ്സ്, TNPLന് ആവേശകരമായ തുടക്കം

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണിനു ആവേശകരമായ തുടക്കം. ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരെ ടൂര്‍ണ്ണമെന്റ് ഉദ്ഘാടന മത്സരത്തില്‍ റൂബി തൃച്ചി വാരിയേഴ്സ് 4 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡ്രാഗണ്‍സ് 20 ഓവറില്‍ 172/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഒരു പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ വാരിയേഴ്സ് വിജയം കൊയ്യുകയായിരുന്നു.

ഹരി നിഷാന്ത്(41), രാമലിംഗം രോഹിത്(46), രവിചന്ദ്രന്‍ അശ്വിന്‍(42) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് വാരിയേഴ്സിനെ മുന്നോട്ട് നയിച്ചത്. മൂന്ന് ബാറ്റ്സ്മാന്മാരും 150നു മേലുള്ള സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. തൃച്ചിയ്ക്കായി കുമരന്‍, ലക്ഷ്മി നാരായണന്‍, എംഎസ് സഞ്ജയ് എന്നിവര്‍ രണ്ടും കണ്ണന്‍ വിഗ്നേഷ്, സോനു യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ തൃച്ചി വാരിയേഴ്സിനെ ഭരത് ശങ്കര്‍(39), സോനു യാദവ്(17 പന്തില്‍ 30) എന്നിവര്‍ക്കൊപ്പം 24 പന്തില്‍ നിന്ന് 45 റണ്‍സ് നേടി പുറത്താകാതെ നിന്ന സുരേഷ് കുമാര്‍ എന്നിവരുടെ ബാറ്റിംഗിനൊപ്പം ഒപ്പം എംഎസ് സഞ്ജയുടെ 5 പന്തില്‍ 11 റണ്‍സും കൂടിയായപ്പോള്‍ ജയം ഉറപ്പിക്കുകയായിരുന്നു.

ഒരു ഘട്ടത്തില്‍ 87/5 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ തൃച്ചിയെ ആറാം വിക്കറ്റഇല്‍ 60 റണ്‍സ് കൂട്ടുകെട്ടുമായി സോനു യാദവ്-സുരേഷ് കുമാര്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

അവസാന ഓവറില്‍ 19 റണ്‍സ് വേണ്ടിയിരുന്ന തൃച്ചിയ്ക്ക് ആദ്യ പന്തില്‍ ഒരു റണ്‍സ് മാത്രമേ നേടാനായുള്ളു. അടുത്ത പന്തില്‍ സിക്സര്‍ നേടി സഞ്ജയ് ആണ് തൃച്ചി ക്യാമ്പില്‍ വീണ്ടും പ്രതീക്ഷ കൊണ്ടുവന്നത്. നാലാം പന്തില്‍ വീണ്ടും സിക്സര്‍ നേടിയ സുരേഷ് കുമാര്‍ അഞ്ചാം പന്തില്‍ ഒരു സിക്സര്‍ കൂടി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

സുരേഷ് കുമാര്‍ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും. ഡ്രാഗണ്‍സിനു വേണ്ടി അശ്വിന്‍ രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സുപ്രീംകോടതി ഇടപ്പെട്ടു, തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മറ്റു സംസ്ഥാന താരങ്ങളില്ല

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ അന്യ സംസ്ഥാന താരങ്ങളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അറിയിച്ച് സുപ്രീം കോടതി. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരുടെ അറിയിപ്പ് പ്രകാരം നേരത്തെ ഇത്തരത്തില്‍ താരങ്ങളുടെ പങ്കെടുക്കല്‍ തടഞ്ഞിരുന്നു. ഇതിനെതിരെയാണ് ടിഎന്‍പിഎല്‍ ഭാരവാഹികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. അതാത് അസോസ്സിയേഷനുകളില്‍ നിന്ന് അനുമതി പത്രം വാങ്ങിച്ചതിനാല്‍ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നായിരുന്നു ടിഎന്‍പിഎലിനു വേണ്ട ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ബിസിസിഐ ഭരണഘടനയിലെ ഇതിന്മേലുള്ള നിയമാവലി ചൂണ്ടിക്കാണിച്ചാണ് സിഒഎ അഭിഭാഷകന്‍ എതിര്‍വാദം ഉന്നയിച്ചത്. ഇതിനെ സുപ്രീം കോടതി ശരി വയ്ക്കുകയായിരുന്നു. ഫ്രാഞ്ചൈസികള്‍ക്ക് രണ്ട് പുറം സംസ്ഥാന താരങ്ങളെ പങ്കെടുപ്പിക്കാമെന്ന് നേരത്തെ ടിഎന്‍പിഎല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടും കാര്യങ്ങള്‍ കുഴപ്പത്തിലാക്കി സിഒഎ, അന്യ സംസ്ഥാന താരങ്ങള്‍ക്ക് അനുമതിയില്ല

തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷനു ലഭിച്ച ബിസിസിഐ അനുമതിയെ വിലക്കി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ്. നേരത്തെ തന്നെ ഇത്തരത്തില്‍ അന്യ സംസ്ഥാന താരങ്ങള്‍ക്ക് അനുമതി നല്‍കി ടൂര്‍ണ്ണമെന്റ് നടത്തുകയാണെങ്കില്‍ അംഗീകൃതമല്ലാത്തതായി ടൂര്‍ണ്ണമെന്റിനെ പ്രഖ്യാപിക്കുമെന്ന താക്കീത് സിഒഎ നല്‍കിയിരുന്നു. എന്നാല്‍ തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഇതിനു ബിസിസിഐയ്ക്ക് നേരത്തെ തന്നെ കത്തയയ്ച്ചിരുന്നുവെന്നും ബിസിസിഐ അനുമതി ലഭിച്ചതാണെന്നുമാണ് അസോസ്സിയേഷന്‍ വാദിച്ചത്.

ഇപ്പോള്‍ ബിസിസിഐ നിയമങ്ങള്‍ പ്രകാരം ഇപ്രകാരം അനുമതി നല്‍കുക സാധ്യമല്ലെന്നു സിഒഎ തിരികെ ടിഎന്‍സിഎയ്ക്ക് കത്ത് നല്‍കി. താരങ്ങള്‍ക്ക് അനുമതി പത്രം നല്‍കിയ അസോസ്സിയേഷനുകളോട് അത് പിന്‍വലിക്കുവാനും സിഒഎ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ടിഎന്‍സിഎ തിങ്കളാഴ്ച നടക്കുന്ന ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ മാത്രമേ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയുള്ളു. അടുത്ത് കുറച്ച് കാലമായി പല വിഷയങ്ങളിലും ബിസിസിഐയും സിഒഎയും വിരുദ്ധ ചേരികളിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബിസിസിഐ അനുമതി, അന്യ സംസ്ഥാന താരങ്ങള്‍ക്ക് ടിഎന്‍പിഎലില്‍ കളിക്കാം

സിഒഎയുടെ താക്കീത് ഇമെയില്‍ ലഭിച്ച ഒരു ദിവസത്തിനുള്ളില്‍ തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്റെ ആവശ്യത്തിനു പച്ചക്കൊടി വീശി ബിസിസിഐ. തങ്ങള്‍ നേരത്തെ തന്നെ ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയെ ഇത് സംബന്ധിച്ച് അറിയിച്ചിരുന്നുവെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്റെ മറുപടി കഴിഞ്ഞ് ഏറെ വൈകുന്നതിനു മുമ്പാണ് ബിസിസിഐയുടെ അനുമതി ലഭിക്കുന്നത്.

അമിതാഭ് ചൗധരിയ്ക്കൊപ്പം പ്രസിഡന്റി സികെ ഖന്ന, ട്രഷറര്‍ അനിരുദ്ധ ചൗധരി എന്നിവരെയും ഇത് സംബന്ധിച്ച് എല്ലാം അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഇതു സംബന്ധിച്ച രേഖകളെല്ലാം തന്നെ സിഒഎയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

കഴിഞ്ഞ ദിവസം അനുമതിയില്ലാതെ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ ടൂര്‍ണ്ണമെന്റിനുള്ള അംഗീകാരം പിന്‍വലിക്കുമെന്ന് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ് ഭീഷണിപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version