കോവൈ കിംഗ്സിനെ തകർത്ത് ചെപോക് സൂപ്പർ ഗില്ലീസ്

തമിഴ്‌നാട് പ്രീമിയർ ലീഗിൽ കോവൈ കിംഗ്സിന് പരാജയം. ചെപോക് സൂപ്പർ ഗില്ലീസ് 9 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ കോവൈ കിംഗ്സിനു 115 റൺസ് എടുക്കുന്നതിനിടെ 9 വിക്കറ്റുകൾ നഷ്ടമായി. മറുപടി ബാറ്റിംഗിനിറങ്ങിയ സൂപ്പർ ഗില്ലീസ് 13.3 ഓവറിൽ ലക്ഷ്യം കണ്ടു.

ഹരീഷ് കുമാർ,രാജു (31) എന്നിവരാണ് സൂപ്പർ ഗില്ലീസിനെ ജയത്തിലേക്ക് നയ്യിച്ചത്. ആന്റണി ധാസനാണ് 82 റൺസ് നേടിയ ഗോപിനാഥിന്റെ വിക്കറ്റെടുത്തത്. കോവൈ നിരയിൽ ആകെ ചെറുത്ത് നിൽപ്പ് നടത്തിയത് ഓപ്പണിങ് കൂട്ട്കെട്ട് ഷാരുഖ് ഖാനും(22) മുകുന്ദുമാണ് (22). ബാക്കി കോവൈ നിരയെ എറിഞ്ഞു വീഴ്ത്തിയത് ഹരീഷ് കുമാറാണ്. അദ്ദേഹം 4 വിക്കറ്റ് നേടി. മുരുകൻ അശ്വിൻ, ജി പെരിയസ്വാമി എന്നിവർ 2 വിക്കറ്റുകൾ വീതവും വീഴ്ത്തി.

5 വിക്കറ്റുമായി സിലമ്പരസൻ, മധുരൈ പാന്തേഴ്സിനെ തകർത്ത് കാഞ്ചി വീരൻസ്

തമിഴ്നാട് പ്രീമിയർ ലീഗിൽ 7 വിക്കറ്റ് ജയം സ്വന്തമാക്കി കാഞ്ചി വീരൻസ്. സിലമ്പരസന്റെ 5 വിക്കറ്റ് സ്പെല്ലാണ് കാഞ്ചിക്ക് തുണയായത്. മധുരൈ പാന്തേഴ്സിനെ അക്ഷരാർഥതിൽ ഞെട്ടിച്ചാണ് കാഞ്ചി വീരൻസ് ജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത മധുരൈ പാന്തേഴ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കാഞ്ചി വീരൻസ് ഒരു ഓവർ ബാക്കി നിൽക്കെ ജയം കണ്ടു. ലോകേശ്വറും (51) സതീഷുമാണ് (22) പുറത്താവാതെ നിന്നത്. കാഞ്ചി വീരൻസ് നിരയിൽ നിന്നും ക്യാപ്റ്റൻ അപരാജിത് (44) റൺസെടുത്തു. സിദ്ദാർഥ് 14ഉം വിഷാൽ വൈദ്യ 6 റൺസും നേടി. കിരൺ ആകാശ്, മിഥുൻ, കൗശിക് എന്നിവർ കാഞ്ചി വീരൻസിന്റെ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത മധുരൈ പാന്തേഴ്സിനെ സിലമ്പരസൻ എറിഞ്ഞിടുകയായിരുന്നു. ക്യാപ്റ്റൻ ഷിജിത് ചന്ദ്രൻ (39) കൗശിക് (22) അഭിഷേക് തന്വാർ (19) എന്നിവരാണ് ആകെ പിടിച്ച് നിന്നത്. സിലമ്പരസന് പുറമേ താമരൈകണ്ണൻ ഒന്നും സതീഷ് 2ഉം വിക്കറ്റുകൾ വീഴ്ത്തി.

തൃച്ചി വാറിയേഴ്സിനെ തകർത്ത് കോവൈ കിംഗ്സ്

തമിഴ്നാട് പ്രീമിയർ ലീഗിൽ കോവൈ കിംഗ്സിന് വമ്പൻ ജയം. ആദ്യ ബാറ്റ് ചെയ്ത കോവൈ കിംഗ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ തൃച്ചി വാറിയേഴ്സ് ഒരോവർ ബാക്കിനിൽക്കെ 135 റൺസിന് പുറത്തായി.

ടി.നടരാജന്റെ തകർപ്പൻ സ്പെല്ലാണ് തൃച്ചി വാറിയേഴ്സിന് തിരിച്ചടിയായത്. കോവൈ കിംഗ്സിന് വേണ്ടി നടരാജൻ നാലും വിഗ്നേഷ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ബരുവ(27) ,ഗണേഷ്(24), അരവിന്ദ് (21) എന്നിവരാണ് തൃച്ചിക്ക് വേണ്ടിപ്പൊരുതിയത്. 32 റൺസും ഒരു വിക്കറ്റും നേടിയ കോവൈ കിംഗ്സിന്റെ ആന്റണി ദാസാണ് മാൻ ഓഫ് ദ് മാച്ച്. അഖിൽ ശ്രീനാഥ്(36), പ്രദോഷ് രഞ്ജൻ(34) രംഗരാജൻ(22) എന്നിവർ കോവൈ കിംഗ്സിന് വേണ്ടിപ്പൊരുതി.

രോഹിത്തിന് ഹാട്രിക്ക്, പാട്രിയറ്റ്സിനെ തകർത്ത് അപരാജിത കുതിപ്പ് തുടർന്ന് ഡിണ്ടിഗൽ ഡ്രാഗൺസ്

തമിഴ്നാട് പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടർന്ന് ഡിണ്ടിഗൽ ഡ്രാഗൺസ്. 40 റൺസിനാണ് ഡ്രാഗൺസ് ടുട്ടി പാട്രിയറ്റ്സിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗൽ ഡ്രാഗൺസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടിയത്.

ഡ്രാഗൺസിന് വേണ്ടി എൻ. ജഗദീശൻ 53 റൺസും 28 പന്തിൽ 52 റൺസെന്ന വെടിക്കെട്ട് ഇന്നിംഗ്സുമായി അശ്വിനും പടനയിച്ചു. സുമന്ത് ജയിനും(26) രോഹിത്തും(9) അവസാന ഓവറുകളിൽ ഡ്രാഗൺസിന്റെ രക്ഷക്കെത്തി. ടുട്ടി പാട്രിയറ്റ്സിനായി സെന്തിൽനാഥനും തമിൽകുമരനും ഗണേഷ് മൂർത്തിയും 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി പാട്രിയറ്റ്സിന് 9 വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുക്കാനേ സാധിച്ചുള്ളൂ. രോഹിത്തിന്റെ ഹാട്രിക്കാണ് ടുട്ടി പാട്രിയറ്റ്സിന്റെ പ്രതീക്ഷകൾ തകർത്തത്. വാലറ്റക്കാർ മാത്രമാണ് പാട്രിയറ്റ്സിന് വേണ്ടി ചെറുത്ത് നിൽപ്പ് നടത്തിയത്. സെന്തിൽ നാഥൻ (38) ഗണേഷ് മൂർത്തി (35) എന്നിവരാണ് ചെറുത്ത് നിൽപ്പ് നടത്തിയത്. കമലേഷ്(19) അക്ഷയ് ശ്രീനിവാസൻ (16) എന്നിവരും മാത്രമാണ് രണ്ടക്കം കടന്നത്. അശ്വിൻ,കൗശിക്ക്, ത്രിലോക് നാഗ് എന്നിവർ 2 വിക്കറ്റ് വീതം ഡ്രാഗൺസിന് വേണ്ടി വീഴ്ത്തി.

പെരിയസ്വാമിയുടെ മാസ്മരിക സ്പെല്‍, 54 റണ്‍സ് വിജയവുമായി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മികച്ച വിജയവുമായി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെപ്പോക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കാരൈകുഡി കാളൈകള്‍ 121/8 എന്ന സ്കോര്‍ മാത്രമേ നേടിയുള്ളു. മത്സരത്തില്‍ 54 റണ്‍സിന്റെ വിജയമാണ് സൂപ്പര്‍ ഗില്ലീസ് സ്വന്തമാക്കിയത്. വിജയികള്‍ക്കായി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ഗംഗ ശ്രീധര്‍ രാജു(54), ഗോപിനാഥ്(55) എന്നിവര്‍ അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങി.

ഒന്നാം വിക്കറ്റില്‍ 108 റണ്‍സ് നേടിയ കൂട്ടുകെട്ട് 11.2 ഓവറിലാണ് തകര്‍ക്കപ്പെട്ടത്. കൗശിക് ഗാന്ധിയും 32 റണ്‍സുമായി തിളങ്ങിയെങ്കിലും പിന്നീട് വന്ന താരങ്ങള്‍ വേഗത്തില്‍ പുറത്തായപ്പോള്‍ ചെപ്പോക്കിന് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. കാരൈകുഡിയ്ക്ക് വേണ്ടി സുനില്‍ സാം, മോഹന്‍ പ്രസാദ്, രാജ്കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കാരൈകുഡിയ്ക്ക് ഇന്നിംഗ്സില്‍ ഒരിക്കലും ചെപ്പോക്കിന് വെല്ലുവിളി ഉയര്‍ത്തുവാനായില്ല. ഓപ്പണര്‍മാരെ രണ്ട് പേരെയും വീഴ്ത്തിയ പെരിയസ്വാമിയുടെ സ്പെല്ലാണ് മത്സരത്തെ മാറ്റി മറിച്ചത്. തന്റെ മൂന്നോവറില്‍ 9 റണ്‍സിനാണ് താരം രണ്ട് വിക്കറ്റ് നേടിയത്. ഈ പ്രകടനത്തിന് താരത്തിനെ മാന്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു. 27 റണ്‍സ് നേടിയ ഷാജഹാന്‍ ആണ് കാരൈകുഡിയുടെ ടോപ് സ്കോറര്‍. യോ മഹേഷ് 22 റണ്‍സും സ്വാമിനാഥന്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു.

ആന്റണി ദാസിന്റെ വെടിക്കെട്ടിനെ അതിജീവിച്ച് 6 റണ്‍സ് വിജയം നേടി ടൂട്ടി പാട്രിയറ്റ്സ്

മഴ കാരണം 13 ഓവര്‍ മാത്രമാക്കി ചുരുക്കിയ ഇന്നലത്തെ തമിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ടൂട്ടി പാട്രിയറ്റ്സിന് 6 റണ്‍സിന്റെ ജയം. വി ജയദേവന്‍ രീതിയില്‍ ആണ് വിജയം തീരുമാനിക്കപ്പെട്ടത്. മഴ മൂലം വൈകി തുടങ്ങിയ മത്സരം 13 ഓവറാക്കി മാറ്റുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടൂട്ടി 13 ഓവറില്‍ 155/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ലൈക്ക കോവൈ കിംഗ്സിന് മറുപടി ബാറ്റിംഗില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് മാത്രമേ നേടാനായുള്ളു.

21 പന്തില്‍ 44 റണ്‍സ് നേടിയ വി സുബ്രമണ്യ ശിവ, 11 പന്തില്‍ 31 റണ്‍സ് നേടിയ അക്ഷയ് ശ്രീനിവാസന്‍, അഭിഷേക്(20), 12 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്ന വസന്ത് ശരവണന്‍ എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയപ്പോളാണ് 155/5 എന്ന സ്കോര്‍ പാട്രിയറ്റ്സ് നേടിയത്. കോവൈ കിംഗ്സിന് വേണ്ടി ആന്റണി ദാസ് മൂന്നും കൃഷ്ണമൂര്‍ത്തി വിഗ്നേഷ് രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോവൈയ്ക്ക് തുടക്കം മോശമായിരുന്നു. 13/3 എന്ന നിലയിലേക്ക് വീണ ടീമിന്റെ പ്രതീക്ഷയായി മാറിയത് ആന്റണി ദാസിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു. 7 സിക്സ് ഉള്‍പ്പെടെ 26 പന്തില്‍ നിന്ന് താരം 63 റണ്‍സ് നേടിയാണ് ലക്ഷ്യത്തിന് അടുത്ത് വരെ ടീമിനെ എത്തിച്ചത്. അകില്‍ ശ്രീനാഥ് 32 റണ്‍സ് നേടി. അതിശയരാജ് ഡേവിഡ്സണ്‍, തമിള്‍ കുമരന്‍ എന്നിവര്‍ പാട്രിയറ്റ്സിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

തോറ്റുവെങ്കിലും ആന്റണി ദാസ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 63 റണ്‍സും മൂന്ന് വിക്കറ്റും നേടിയതാണ് താരത്തിന് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിയ്ക്കുവാന്‍ കാരണം ആയത്.

പടുകൂറ്റന്‍ വിജയവുമായി കാഞ്ചി വീരന്‍സ്

കാരൈകൂഡി കാളൈകളെ 110 റണ്‍സിന് പരാജയപ്പെടുത്തി തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏഴാം മത്സരത്തില്‍ വമ്പന്‍ വിജയം കൈവശപ്പെടുത്തി വിബി കാഞ്ചി വീരന്‍സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരന്‍സ് 177/4 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ വെറും 67 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. രാജഗോപാല്‍ സതീഷിന്റെ ഓള്‍റൗണ്ട് പ്രകടനം താരത്തിന് മാന്‍ ഓഫ് ദി മാച്ച് പട്ടം നല്‍കുകയായിരുന്നു. 14 പന്തില്‍ 31 റണ്‍സും 4 വിക്കറ്റുമാണ് രാജഗോപാല്‍ സതീഷ് സ്വന്തമാക്കിയത്.

60 പന്തില്‍ 95 റണ്‍സ് നേടിയ സഞ്ജയ് യാദവ്, വിശാല്‍ വൈദ്യ(27), ബാബ അപരാജിത്(19) എന്നിവര്‍ക്കൊപ്പം 31 റണ്‍സുമായി പുറത്താകാതെ നിന്ന രാജഗോപാല്‍ സതീഷും ആണ് കാഞ്ചി വീരന്‍സ് ബാറ്റിംഗില്‍ തിളങ്ങിയത്. കാരൈകുഡിയ്ക്കായി സുനില്‍ സാം രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കാരൈകുഡിയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി 14.4 ഓവറില്‍ 67 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് കാഞ്ചി വീരന്‍സ് വമ്പന്‍ വിജയം കൈവശമാക്കിയത്. 4 ഓവറില്‍ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രാജഗോപാല്‍ സതീഷ് ബൗളിംഗിലും തിളങ്ങി.

9 റണ്‍സിന് അഞ്ച് വിക്കറ്റുമായി അലക്സാണ്ടര്‍, ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിന് 41 റണ്‍സ് വിജയം

റൂബി ത്രിച്ചി വാരിയേഴ്സിനെതിരെ 41 റണ്‍സിന്റെ വിജയം കൊയ്ത് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടിയപ്പോള്‍ റൂബി ത്രിച്ചി വാരിയേഴ്സ് 107/9 എന്ന സ്കോര്‍ മാത്രം നേടി ചേസിംഗ് അവസാനിപ്പിച്ചു. ഹരീഷ് കുമാര്‍(37), ഗോപിനാഥ്(37), ഗംഗ ശ്രീധര്‍ രാജു(26) എന്നിവരാണ് സൂപ്പര്‍ ഗില്ലീസിന്റെ ബാറ്റിംഗില്‍ തിളങ്ങിയത്. തൃച്ചി വാരിയേഴ്സിന് വേണ്ടി സരവണ്‍ കുമാര്‍ 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ തൃച്ചിയുടെ ടോപ് സ്കോറര്‍ 29 റണ്‍സ് നേടിയ ആദിത്യ ബറൂഹ് ആയിരുന്നു. സരവണ്‍ കുമാര്‍ 22 റണ്‍സ് നേടി പുറത്താകാതെ നിന്നുവെങ്കിലും ചേസിംഗിന്റെ ഒരു ഘട്ടത്തിലും റൂബി തൃച്ചി വാരിയേഴ്സ് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിന് ഒരു വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല. ആര്‍ അലക്സാണ്ടര്‍ അഞ്ച് വിക്കറ്റുമായി സൂപ്പര്‍ ഗില്ലീസിന് വേണ്ടി അവിസ്മരണീയ പ്രകടനമാണ് പുറത്തെടുത്തത്. തന്റെ നാലോവറില്‍ 9 റണ്‍സ് വിട്ട് നല്‍കിയാണ് ഈ നേട്ടം അലക്സാണ്ടര്‍ കൈവരിച്ചത്.

മധുരൈ പാന്തേഴ്സിനെതിരെ 30 റണ്‍സിന്റെ വിജയം കൊയ്ത് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ബാറ്റിംഗില്‍ ജഗദീഷ്, ബൗളിംഗില്‍ വീണ്ടും തിളങ്ങി സിലമ്പരസന്‍

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ 30 റണ്‍സിന്റെ മികച്ച വിജയം നേടി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കുകയായിരുന്നു ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്ന് ഓപ്പണര്‍മാരായ ഹരി നിഷാന്തും എന്‍ ജഗദീഷനും നല്‍കിയ സ്വപ്ന തുല്യ തുടക്കത്തിന് ശേഷം 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നേടിയത്.

ഒന്നാം വിക്കറ്റില്‍ 104 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇതില്‍ 57 റണ്‍സ് നേടിയ ഹരിയുടെ വിക്കറ്റാണ് ഡിണ്ടിഗലിന് ആദ്യം നഷ്ടമായത്. അതേ സമയം 51 പന്തില്‍ നിന്ന് പുറത്താകാതെ 87 റണ്‍സുമായി ജഗദീഷ് ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് വീശി. മധുരൈയ്ക്ക് വേണ്ടി രാഹില്‍ ഷാ മൂന്നും കിരണ്‍ ആകാശ് രണ്ടും വിക്കറ്റ് നേടി.

എന്നാല്‍ മറുപടി ബാറ്റിംഗിനെത്തിയ മധുരൈ പാന്തേഴ്സ് നിരയിലെ താരങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും അവ വലിയ സ്കോറിലേക്ക് മാറ്റുവാന്‍ ടീമിന് കഴിഞ്ഞില്ല. ഒന്നാം വിക്കറ്റില്‍ ടീം 50 റണ്‍സ് നേടിയെങ്കിലും അരുണ്‍ കാര്‍ത്തിക്കിനെ(24) നഷ്ടമായതിന് ശേഷം വന്ന താരങ്ങള്‍ക്ക് ലഭിച്ച തുടക്കം തുടരാനാകാതെ പോയത് വലിയ തിരിച്ചടിയായി മാറി ടീമിന്. ശരത്ത് രാജ്(26), ജഗദീഷന്‍ കൗശിക്(17), അഭിഷേക് തന്‍വാര്‍(24), ആര്‍ മിഥുന്‍(20) എന്നിവരുടെ ചെറുത്ത്നില്പിന്റെ ബലത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ടീം 152 റണ്‍സാണ് നേടിയത്.

സിലമ്പരസന്‍ രണ്ടാം മത്സരത്തിലും നാല് വിക്കറ്റ് നേടിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റും നേടി വിജയികള്‍ക്കായി ബൗളിംഗ് മികവ് കണ്ടെത്തി.

അഭിനവ് മുകുന്ദിന്റെ മിന്നും പ്രകടനത്തിന്റെ ബലത്തില്‍ കോവൈ കിംഗ്സിന് 8 വിക്കറ്റ് വിജയം

കാഞ്ചി വീരന്‍സിനെതിരെ എട്ട് വിക്കറ്റ് വിജയം കരസ്ഥമാക്കി കോവൈ കിംഗ്സ്. ഇന്ന് നടന്ന ഏക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരന്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം വെറും 2 വിക്കറ്റ് നഷ്ടത്തില്‍ 15.2 ഓവറില്‍ മറികടന്നാണ് കോവൈ കിംഗ്സ് ഇന്ന് വിജയം കരസ്ഥമാക്കിയത്. ക്യാപ്റ്റന്‍ അഭിനവ് മുകുന്ദ് 44 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 70 റണ്‍സിനൊപ്പം ഷാരൂഖ് ഖാന്‍ 21 പന്തില്‍ 40 റണ്‍സ് നേടിയതും അനിരുദ്ധ് സീത റാം നേടിയ 22 റണ്‍സുമാണ് കോവൈ കിംഗ്സിന് തുണയായത്. കാഞ്ചി വീരന്‍സിന് വേണ്ടി രംഗരാജ് സുതീഷ് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരന്‍സിന് വേണ്ടി സുരേഷ് ലോകേഷ്വര്‍ 41 പന്തില്‍ 51 റണ്‍സ് നേടിയപ്പോള്‍ 23 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ സഞ്ജയ് യാദവ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. ബാബ അപരാജിത്(25) റണ്‍സ് നേടിയപ്പോള്‍ 3 സിക്സ് അടക്കം 7 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ ഫ്രാന്‍സിസ് റോകിന്‍സ് ആണ് ടീമിനെ 150 എന്ന സ്കോര്‍ നേടുവാന്‍ സഹായിച്ച പ്രധാന താരം.

കോവൈ കിംഗ്സിന് വേണ്ടി എസ് മണികണ്ഠന്‍ മൂന്നും ടി നടരാജന്‍ രണ്ട് വിക്കറ്റും നേടി.

അനായാസ വിജയവുമായി മധുരൈ പാന്തേഴ്സ്, വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി അരുണ്‍ കാര്‍ത്തിക്

ടൂട്ടി പാട്രിയറ്റ്സിനെതിരെ അനായാസ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ മധുരൈ പാന്തേഴ്സ്. ഇന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ടൂട്ടി പാട്രിയറ്റ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റ് വേഗത്തില്‍ നഷ്ടമായ ശേഷം ടീമിനെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ അക്ഷയ് ശ്രീനിവാസന്‍(55)-സുബ്രമണ്യ ശിവ(28) കൂട്ടുകെട്ട് മികച്ച സ്കോറിലേക്ക് നയിക്കുമെന്ന തോന്നിപ്പിച്ചുവെങ്കിലും പിന്നീട് അപ്രതീക്ഷിതമാം വിധത്തില്‍ ടീം തകരുകയായിരുന്നു.

74 റണ്‍സ് നേടി 9.4 ഓവറില്‍ ടീമിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ക്കപ്പെടുമ്പോള്‍ ടൂട്ടി നേടിയത് 79 റണ്‍സായിരുന്നു. പിന്നീട് ടീമിന് 45 റണ്‍സ് കൂടി മാത്രമാണ് ശേഷിക്കുന്ന ഓവറുകളില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും വേണ്ടത്ര വേഗത്തില്‍ സ്കോറിംഗ് നടത്താനായിരുന്നില്ല. ആര്‍ മിഥുനും കിരണ്‍ ആകാശും 3 വീതം വിക്കറ്റാണ് മധുരൈയ്ക്കായി നേടിയത്.

എന്നാല്‍ ടൂട്ടിയുടെ ബാറ്റിംഗിന് നേരെ വിപരീതമായ ബാറ്റിംഗ് പ്രകടനമാണ് മധുരൈ പാന്തേഴ്സ് പുറത്തെടുത്തത്. അരു‍ണ്‍ കാര്‍ത്തിക്കും ശരത് രാജും യഥേഷ്ടം സ്കോര്‍ ചെയ്ത് ഒന്നാം വിക്കറ്റില്‍ 95 റണ്‍സ് നേടിയ ശേഷം 33 റണ്‍സ് നേടിയ ശരത്തിനെ മധുരൈയ്ക്ക നഷ്ടമായെങ്കിലും 12.2 ഓവറില്‍ ടീം 9 വിക്കറ്റ് വിജയത്തിലേക്ക് നീങ്ങി. 42 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക് ആണ് നിലവിലെ ചാമ്പ്യന്മാരെ അനായാസ വിജയത്തിലേക്ക് നയിച്ചത്.

വീണ്ടുമൊരു സൂപ്പര്‍ ഓവര്‍, ഇത്തവണ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍

ലോകകപ്പ് ഫൈനലിലെ സൂപ്പര്‍ ഓവറിന് ശേഷം തമിഴ്നാട് പ്രീമിയര്‍ ലീഗിലും സൂപ്പര്‍ ഓവര്‍ ആസ്വദിക്കാന്‍ ഭാഗ്യം സിദ്ധിച്ച് ക്രിക്കറ്റ് കാണികള്‍. ഇന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ റൂബി തൃച്ചി വാരിയേഴ്സും കാരൈക്കുഡി കാളൈകളും തമ്മിലുള്ള പോരാട്ടം നിശ്ചിത സമയത്ത് ഇരു ടീമുകളും 171 റണ്‍സ് നേടി ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ സൂപ്പര്‍ ഓവറില്‍ വിജയം കാരൈക്കുഡിയ്ക്കൊപ്പം നിന്നു. 11 റണ്‍സിന് സൂപ്പര്‍ ഓവറില്‍ തൃച്ചിയെ തളച്ച ശേഷം ക്യാപ്റ്റന്‍ ശ്രീകാന്ത് അനിരുദ്ധയുടെ മികവില്‍ ടീം 4 പന്തില്‍ നിന്ന് വിജയം സ്വന്തമാക്കുകയായിരുന്നു.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 11 റണ്‍സ് നേടേണ്ടിയിരുന്ന ടീമിന് ഓവറിലെ ആദ്യ മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും നാലാം പന്ത് സിക്സിന് പറത്തി മണി ഭാരതി ലക്ഷ്യം 2 പന്തില്‍ നിന്ന് നാല് റണ്‍സാക്കി മാറ്റി. അടുത്ത പന്തില്‍ നിന്ന് ഒരു റണ്‍സ് നേടിയ തൃച്ചിയുടെ വിജയ ലക്ഷ്യം അവസാന പന്തില്‍ മൂന്ന് റണ്‍സായിരുന്നുവെങ്കിലും ടീമിന് രണ്ട് റണ്‍സ് മാത്രമേ നേടാനായുള്ളു. മുരളി വിജയ് ക്രീസില്‍ നിന്നിരുന്നപ്പോള്‍ അനായാസം വിജയം കരസ്ഥമാക്കുവാന്‍ തൃച്ചിയ്ക്കാകുമെന്നാണ് കരുതിയതെങ്കിലും അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ തിരിച്ചുവരുവാന്‍ കാരൈക്കുഡി കാളൈകള്‍ക്കായിരുന്നു. മുരളി വിജയ് 56 പന്തില്‍ നിന്നാണ് 81 റണ്‍സ് നേടിയത്. മാരുതി രാഘവ്(22), ചന്ദ്രശേഖര്‍ ഗണപതി(21) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ബൗളിംഗ് ടീമിനായി സുനില്‍ സാം രണ്ട് വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത കാരൈകുഡി ശ്രീകാന്ത് അനിരുദ്ധ(58), രാജമണി ശ്രീനിവാസന്‍(37*), മാന്‍ ബാഫ്ന(30) എന്നിവരോടൊപ്പം 13 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയ ആര്‍ രാജ്കുമാറിന്റെയും മികവിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സിലേക്ക് നീങ്ങിയത്.

Exit mobile version