വീണ്ടുമൊരു സൂപ്പര്‍ ഓവര്‍, ഇത്തവണ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍

ലോകകപ്പ് ഫൈനലിലെ സൂപ്പര്‍ ഓവറിന് ശേഷം തമിഴ്നാട് പ്രീമിയര്‍ ലീഗിലും സൂപ്പര്‍ ഓവര്‍ ആസ്വദിക്കാന്‍ ഭാഗ്യം സിദ്ധിച്ച് ക്രിക്കറ്റ് കാണികള്‍. ഇന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ റൂബി തൃച്ചി വാരിയേഴ്സും കാരൈക്കുഡി കാളൈകളും തമ്മിലുള്ള പോരാട്ടം നിശ്ചിത സമയത്ത് ഇരു ടീമുകളും 171 റണ്‍സ് നേടി ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ സൂപ്പര്‍ ഓവറില്‍ വിജയം കാരൈക്കുഡിയ്ക്കൊപ്പം നിന്നു. 11 റണ്‍സിന് സൂപ്പര്‍ ഓവറില്‍ തൃച്ചിയെ തളച്ച ശേഷം ക്യാപ്റ്റന്‍ ശ്രീകാന്ത് അനിരുദ്ധയുടെ മികവില്‍ ടീം 4 പന്തില്‍ നിന്ന് വിജയം സ്വന്തമാക്കുകയായിരുന്നു.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 11 റണ്‍സ് നേടേണ്ടിയിരുന്ന ടീമിന് ഓവറിലെ ആദ്യ മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും നാലാം പന്ത് സിക്സിന് പറത്തി മണി ഭാരതി ലക്ഷ്യം 2 പന്തില്‍ നിന്ന് നാല് റണ്‍സാക്കി മാറ്റി. അടുത്ത പന്തില്‍ നിന്ന് ഒരു റണ്‍സ് നേടിയ തൃച്ചിയുടെ വിജയ ലക്ഷ്യം അവസാന പന്തില്‍ മൂന്ന് റണ്‍സായിരുന്നുവെങ്കിലും ടീമിന് രണ്ട് റണ്‍സ് മാത്രമേ നേടാനായുള്ളു. മുരളി വിജയ് ക്രീസില്‍ നിന്നിരുന്നപ്പോള്‍ അനായാസം വിജയം കരസ്ഥമാക്കുവാന്‍ തൃച്ചിയ്ക്കാകുമെന്നാണ് കരുതിയതെങ്കിലും അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ തിരിച്ചുവരുവാന്‍ കാരൈക്കുഡി കാളൈകള്‍ക്കായിരുന്നു. മുരളി വിജയ് 56 പന്തില്‍ നിന്നാണ് 81 റണ്‍സ് നേടിയത്. മാരുതി രാഘവ്(22), ചന്ദ്രശേഖര്‍ ഗണപതി(21) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ബൗളിംഗ് ടീമിനായി സുനില്‍ സാം രണ്ട് വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത കാരൈകുഡി ശ്രീകാന്ത് അനിരുദ്ധ(58), രാജമണി ശ്രീനിവാസന്‍(37*), മാന്‍ ബാഫ്ന(30) എന്നിവരോടൊപ്പം 13 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയ ആര്‍ രാജ്കുമാറിന്റെയും മികവിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സിലേക്ക് നീങ്ങിയത്.