സീസണിലെ രണ്ടാം ശതകം ഭരത് ശങ്കറിനു, എന്നാല്‍ തൃച്ചിക്ക് ജയമില്ല

ടിഎന്‍പിഎല്‍ രണ്ടാം സീസണിലെ രണ്ടാം ശതകവും ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ മൂന്നാം ശതകത്തിനു ഭരത് ശങ്കര്‍ ഉടമയായെങ്കിലും മത്സരത്തില്‍ തൃച്ചി വാരിയേഴ്സ് കാരൈകുഡി കാളകളോട് തോല്‍ക്കുകയായിരുന്നു. തമിഴ്നാട് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് ആണ് ഇന്ന് ഡിണ്ടിഗലിലെ എന്‍പിആര്‍ കോളേജ് ഗ്രൗണ്ടിലെത്തിയ കാണികള്‍ക്ക് വീക്ഷിക്കാനായത്. ഭരത് ശങ്കര്‍ പുറത്താകാതെ നേടിയ 112 റണ്‍സിന്റെ പിന്തുണയോടെ ആദ്യം ബാറ്റ് ചെയ്ത തൃച്ചി 20 ഓവറില്‍ 190 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കാരൈകുഡിക്ക് 18.5 ഓവറില്‍ വിജയം സ്വന്തമാക്കി. 4 വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യമായ 191 റണ്‍സ് കാരൈകുഡി മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത തൃച്ചിയ്ക്ക് തുടക്കത്തിലെ തിരിച്ചടിയായിരുന്നു, എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഭരത് ശങ്കറും ആദിത്യ ഗിരിധറും(27) ചേര്‍ന്ന് ടീമിനെ ട്രാക്കിലാക്കി. 60 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ആദിത്യ(27) പുറത്തായെങ്കിലും പുതുതായി ക്രീസിലെത്തിയ അകില്‍ ശ്രീനാഥ് ഭരതിനു മികച്ച പിന്തുണ നല്‍കി. കാരൈകുഡി ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച് ഇരുവരും തൃച്ചിയെ കുറ്റന്‍ സ്കോറിലേക്ക് ഉയര്‍ത്തി. 105 റണ്‍സ് അപരാജിത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അകില്‍ 37 റണ്‍സ് നേടിയപ്പോള്‍ 7 സിക്സും 10 ബൗണ്ടറിയും അടക്കം 68 പന്തില്‍ നിന്ന് 112 റണ്‍സാണ് ഭരത് ശങ്കര്‍ നേടിയത്.

തിരികെ ബാറ്റിംഗിനിറങ്ങിയ കാളകള്‍ക്ക് ഭരത് ശങ്കറിന്റെ പോലെ ഒറ്റയാള്‍ പോരാട്ടങ്ങളില്ലായിരുന്നുവെങ്കിലും കൂട്ടായ പരിശ്രമത്തിലൂടെ ടീം 7 പന്തുകള്‍ ശേഷിക്കെ വിജയത്തിലേക്കടുക്കുകയായിരുന്നു. 60 റണ്‍സ് നേടിയ ശ്രീകാന്ത് അനിരുദ്ധ ടോപ് സ്കോറര്‍ ആയപ്പോള്‍ 19 പന്തില്‍ 40 റണ്‍സ് നേടിയ വിശാല്‍ വൈദ്യ ടീമിനു മിന്നുന്ന തുടക്കം നല്‍കി. ഇരുവരും 4 വീതം സിക്സറുകള്‍ തങ്ങളുടെ ഇന്നിംഗ്സില്‍ അടിച്ചു. ഇടയ്ക്ക് തുടരെ വിക്കറ്റുകള്‍ വീണത് ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം തൃച്ചിയില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. മുഹമ്മദ് ഷാജഹാന്‍(39*), ചന്ദ്രശേഖര്‍ ഗണപതി(9 പന്തില്‍ 20) എന്നിവരാണ് ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial