ആന്റണി ദാസിന്റെ വെടിക്കെട്ടിനെ അതിജീവിച്ച് 6 റണ്‍സ് വിജയം നേടി ടൂട്ടി പാട്രിയറ്റ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മഴ കാരണം 13 ഓവര്‍ മാത്രമാക്കി ചുരുക്കിയ ഇന്നലത്തെ തമിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ടൂട്ടി പാട്രിയറ്റ്സിന് 6 റണ്‍സിന്റെ ജയം. വി ജയദേവന്‍ രീതിയില്‍ ആണ് വിജയം തീരുമാനിക്കപ്പെട്ടത്. മഴ മൂലം വൈകി തുടങ്ങിയ മത്സരം 13 ഓവറാക്കി മാറ്റുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടൂട്ടി 13 ഓവറില്‍ 155/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ലൈക്ക കോവൈ കിംഗ്സിന് മറുപടി ബാറ്റിംഗില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് മാത്രമേ നേടാനായുള്ളു.

21 പന്തില്‍ 44 റണ്‍സ് നേടിയ വി സുബ്രമണ്യ ശിവ, 11 പന്തില്‍ 31 റണ്‍സ് നേടിയ അക്ഷയ് ശ്രീനിവാസന്‍, അഭിഷേക്(20), 12 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്ന വസന്ത് ശരവണന്‍ എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയപ്പോളാണ് 155/5 എന്ന സ്കോര്‍ പാട്രിയറ്റ്സ് നേടിയത്. കോവൈ കിംഗ്സിന് വേണ്ടി ആന്റണി ദാസ് മൂന്നും കൃഷ്ണമൂര്‍ത്തി വിഗ്നേഷ് രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോവൈയ്ക്ക് തുടക്കം മോശമായിരുന്നു. 13/3 എന്ന നിലയിലേക്ക് വീണ ടീമിന്റെ പ്രതീക്ഷയായി മാറിയത് ആന്റണി ദാസിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു. 7 സിക്സ് ഉള്‍പ്പെടെ 26 പന്തില്‍ നിന്ന് താരം 63 റണ്‍സ് നേടിയാണ് ലക്ഷ്യത്തിന് അടുത്ത് വരെ ടീമിനെ എത്തിച്ചത്. അകില്‍ ശ്രീനാഥ് 32 റണ്‍സ് നേടി. അതിശയരാജ് ഡേവിഡ്സണ്‍, തമിള്‍ കുമരന്‍ എന്നിവര്‍ പാട്രിയറ്റ്സിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

തോറ്റുവെങ്കിലും ആന്റണി ദാസ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 63 റണ്‍സും മൂന്ന് വിക്കറ്റും നേടിയതാണ് താരത്തിന് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിയ്ക്കുവാന്‍ കാരണം ആയത്.