അഭിനവ് മുകുന്ദിന്റെ മിന്നും പ്രകടനത്തിന്റെ ബലത്തില്‍ കോവൈ കിംഗ്സിന് 8 വിക്കറ്റ് വിജയം

കാഞ്ചി വീരന്‍സിനെതിരെ എട്ട് വിക്കറ്റ് വിജയം കരസ്ഥമാക്കി കോവൈ കിംഗ്സ്. ഇന്ന് നടന്ന ഏക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരന്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം വെറും 2 വിക്കറ്റ് നഷ്ടത്തില്‍ 15.2 ഓവറില്‍ മറികടന്നാണ് കോവൈ കിംഗ്സ് ഇന്ന് വിജയം കരസ്ഥമാക്കിയത്. ക്യാപ്റ്റന്‍ അഭിനവ് മുകുന്ദ് 44 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 70 റണ്‍സിനൊപ്പം ഷാരൂഖ് ഖാന്‍ 21 പന്തില്‍ 40 റണ്‍സ് നേടിയതും അനിരുദ്ധ് സീത റാം നേടിയ 22 റണ്‍സുമാണ് കോവൈ കിംഗ്സിന് തുണയായത്. കാഞ്ചി വീരന്‍സിന് വേണ്ടി രംഗരാജ് സുതീഷ് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരന്‍സിന് വേണ്ടി സുരേഷ് ലോകേഷ്വര്‍ 41 പന്തില്‍ 51 റണ്‍സ് നേടിയപ്പോള്‍ 23 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ സഞ്ജയ് യാദവ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. ബാബ അപരാജിത്(25) റണ്‍സ് നേടിയപ്പോള്‍ 3 സിക്സ് അടക്കം 7 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ ഫ്രാന്‍സിസ് റോകിന്‍സ് ആണ് ടീമിനെ 150 എന്ന സ്കോര്‍ നേടുവാന്‍ സഹായിച്ച പ്രധാന താരം.

കോവൈ കിംഗ്സിന് വേണ്ടി എസ് മണികണ്ഠന്‍ മൂന്നും ടി നടരാജന്‍ രണ്ട് വിക്കറ്റും നേടി.