
വിജയ് ഹസാരെ ചാമ്പ്യന്മാരായ തമിഴ്നാടിനു ദിയോദര്‍ ട്രോഫിയും. ഇന്ന് വിശാഖപട്ടണത്തിലെ വൈ.എസ്. രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ബി ടീമിനെ 42 റണ്‍സിനു പരാജയപ്പെടുത്തിയാണ് തമിഴ്നാട് ട്രോഫി സ്വന്തമാക്കിയത്. 91 പന്തില്‍ ദിനേശ് കാര്‍ത്തിക് നേടിയ 126 റണ്‍സാണ് തമിഴ്നാടിനെ 303 റണ്‍സ് ടോട്ടലിലെത്തിക്കാന്‍ സഹായിച്ചത്. ദിനേശ് കാര്‍ത്തിക് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.
39/3 എന്ന നിലയിലേക്ക് തകര്‍ന്ന തമിഴ്നാടിനെ നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ജഗദീഷന്-ദിനേശ് കാര്‍ത്തിക് സഖ്യമാണ് കരകയറ്റിയത്. 136 റണ്‍സ് കൂട്ടുകെട്ടിനു അന്ത്യം സംഭവിച്ചത് ജഗദീഷന്(55) പുറത്തായപ്പോളാണ്. ഇരുവര്‍ക്കും പുറമേ വിജയ് ശങ്കര്‍(21), ബാബ ഇന്ദ്രജിത്ത്(31*) എന്നിവരും മികച്ച സംഭാവനകള്‍ തമിഴ്നാടിനു നല്കി. നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ തമിഴ്നാട് 303 റണ്‍സ് നേടുകയായിരുന്നു.
ഇന്ത്യ ബിയ്ക്ക് വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി 5 വിക്കറ്റ് വീഴ്ത്തി. അശോക് ദിന്‍ഡ, ചാമ മിലിന്ദ്, അക്സര്‍ പട്ടേല്‍, ഹര്‍പ്രീത് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനറങ്ങിയ ഇന്ത്യ ബിയ്ക്ക് നാലാം ഓവറില്‍ നായകന് പാര്‍ത്ഥിവ് പട്ടേലിനെ നഷ്ടമായി. മനീഷ് പാണ്ഡേ(32) ശിഖര്‍ ധവാന്(45) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും കൂറ്റന്‍ ഇന്നിംഗ്സ് കാഴ്ചവയ്ക്കാന്‍ ഇന്ത്യ ബി ബാറ്റ്സ്മാന്മാര്ക്ക് സാധിക്കാതെ വന്നത് അവര്‍ക്ക് തിരിച്ചടിയായി. ഹര്‍പ്രീത് സിംഗ്(36), ഗുര്‍കീരത് സിംഗ് മന്(64), അക്ഷയ് കാരണവര്‍(29) എന്നിവരും റണ്ണുകള്‍ കണ്ടെത്തിയെങ്കിലും ഇന്ത്യ ബിയെ ലക്ഷ്യത്തിലെത്തിയ്ക്കാന്‍ സാധിച്ചില്ല. 46.1 ഓവറില്‍ 261 റണ്‍സിനു ബാറ്റിംഗ് ടീം ഓള്‍ഔട്ട് ആവുകയായിരുന്നു.
രാഹില്‍ ഷാ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ്, രവിശ്രീനിവാസന്‍ സായി കിഷോര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. വിജയ് ശങ്കര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുരുകന് അശ്വിന് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.