എലിമിനേറ്ററില്‍ പത്ത് വിക്കറ്റ് വിജയം, നോര്‍ത്തേണ്‍ വാരിയേഴ്സ് ഫൈനലിലേക്ക്

- Advertisement -

7ഹാര്‍ദ്ദസ് വില്‍ജോയന്റെ ബൗളിംഗ് മികവില്‍ മറാത്ത അറേബ്യന്‍സിനെ 72 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷം ലക്ഷ്യം അഞ്ച് ഓവറില്‍ മറികടന്ന് ടി10 ലീഗിന്റെ ഫൈനലില്‍ കടന്ന് നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്ന് ഒന്നാം ക്വാളിഫയറില്‍ പഖ്ത്തൂണ്‍സിനോട് പരാജയപ്പെട്ടുവെങ്കിലും ഇപ്പോള്‍ പഖ്ത്തൂണ്‍സുമായി വീണ്ടും കലാശപ്പോരിനു അവസരം ലഭിച്ചിരിയ്ക്കുകയാണ് വാരിയേഴ്സിനു.

ഹാര്‍ദ്ദസ് വില്‍ജോയന്‍ തന്റെ രണ്ടോവറില്‍ ആറ് റണ്‍സ് മാത്രം നല്‍കി 3 വിക്കറ്റ് നേടിയപ്പോള്‍ വഹാബ് റിയാസ്, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 15 റണ്‍സ് നേടിയ ഹസ്രത്തുള്ള സാസായി ആണ് മറാത്ത അറേബ്യന്‍സിന്റെ ടോപ് സ്കോറര്‍. 13 റണ്‍സ് നേടിയ ഡ്വെയിന്‍ ബ്രാവോയാണ് രണ്ടക്കം കടന്ന മറ്റൊരു താരം. എട്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ നോര്‍ത്തേണ്‍ വാരിയേഴ്സ് നിക്കോളസ് പൂരന്‍(16 പന്തില്‍ 43 റണ്‍സ്), ലെന്‍ഡല്‍ സിമ്മണ്‍സ്(14 പന്തില്‍ 31) എന്നിവരുടെ അപരാജിതമായ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലക്ഷ്യം അഞ്ചോവറില്‍ മറികടക്കുകയായിരുന്നു.

Advertisement