
ടി10 ക്രിക്കറ്റ് ലീഗിലെ ഗ്രൂപ്പ് ഘട്ടം അവസാനിച്ചതോടെ ഇന്ന് പ്ലേ ഓഫ് മത്സരങ്ങള്‍ അരങ്ങേറും. ഷാര്‍ജ്ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് മൂന്ന് മത്സരങ്ങളാണ് അരങ്ങേറുക. ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ ഗ്രൂപ്പ് എ യില്‍ മൂന്ന് ടീമുകളും ഓരോ ജയത്തോടെ അവസാനിച്ചുവെങ്കിലും കേരള കിംഗ്സ് മികച്ച റണ്‍ റേറ്റിന്റെ ബലത്തില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം പഞ്ചാബി ലെജന്‍ഡ്സ് നേടിയപ്പോള്‍ മൂന്നാമതായാണ് ബംഗാള്‍ ടൈഗേഴ്സ് ഫിനിഷ് ചെയ്തത്.
ഗ്രൂപ്പ് ബിയല്‍ പഖ്ത്തൂണ്‍സിന്റെ വ്യക്തമായ ആധിപത്യമാണ് കണ്ടത്. ഇരു മത്സരങ്ങളും ജയിച്ച് അവര്‍ നാല് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തി. വിരേന്ദര്‍ സേവാഗിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ മറാത്ത അറേബ്യന്‍സ് ഒരു ജയത്തോടെ രണ്ടാം സ്ഥാനത്തും ടീം ശ്രീലങ്ക പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്തുമാണ് നിലനില്‍ക്കുന്നത്.
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പഖ്ത്തൂണ്‍സ് ബംഗാള്‍ ടൈഗേഴ്സിനെ നേരിടും. ഇന്ത്യന്‍ സമയം വൈകുന്നേരം 5.30നാണ് പ്ലേ ഓഫ് മത്സരങ്ങളില്‍ ആദ്യത്തേത് അരങ്ങേറുക. 7.30നു രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ കേരള കിംഗ്സ് ടീം ശ്രീലങ്കയെ നേരിടും. പ്ലേ ഓഫുകളില്‍ അവസാന മത്സരത്തില്‍ മറാത്ത അറേബ്യന്‍സ് പഞ്ചാബി ലെജന്‍ഡ്സിനെ നേരിടും. രാത്രി 9.30നാണ് മത്സരം അരങ്ങേറുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial