ബംഗള ടൈഗേഴ്സിന്റെ ടീം ഡയറക്ടറായി ലാന്‍സ് ക്ലൂസ്‍നര്‍ എത്തുന്നു

അബുദാബി ടി10 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ബംഗള ടൈഗേഴ്സിന്റെ ടീം ഡയറക്ടറായി ലാന്‍സ് ക്ലൂസ്‍നര്‍ എത്തുന്നു. നിലവില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ മുഖ്യ കോച്ച് കൂടിയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍. നവംബര്‍ 19-28 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കേണ്ടത്.

കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്ത് എത്തുവാന്‍ ബംഗള ടൈഗേഴ്സിന് സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെയും സിംബാബ്‍വേയുടെയും ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ക്ലൂസ്‍നര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാന്റെ കോച്ചായി പ്രവര്‍ത്തിച്ച് വരുന്നു. ബംഗള ടൈഗേഴ്സ് ടൂര്‍ണ്ണമെന്റിലെ ശക്തരായ ടീമായി മാറുവാനുള്ള ശ്രമമാണെന്നും അതിലേക്കുള്ള ഒരു ചുവടാണ് ലാന്‍സ് ക്ലൂസ്‍നറുടെ നിയമനമെന്നും ടീം ചെയര്‍മാന്‍ മുഹമ്മദ് യീസിന്‍ ചൗധരി വ്യക്തമാക്കി.