കേരളത്തിനു രണ്ടാം തോല്‍വിയോടെ പുറത്തേക്കുള്ള വഴി, ജാര്‍ഖണ്ഡിനെ അഞ്ച് വിക്കറ്റ് ജയത്തിലേക്ക് നയിച്ച് സൗരഭ് തിവാരി

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാമത്തെ തോല്‍വി. ആനന്ദ് സിംഗും വിരാട് സിംഗും മികവ് പുലര്‍ത്തിയ മത്സരത്തില്‍ സൗരഭ് തിവാരിയാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. തോല്‍വിയോടെ കേരളം സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടാനാകാതെ പുറത്താകുകയായിരുന്നു. ഡല്‍ഹിയും ജാര്‍ഖണ്ഡും ഗ്രൂപ്പില്‍ നിന്ന് അടുത്ത റൗണ്ടിലേക്ക് കടന്നു. ഡല്‍ഹിയ്ക്കും ജാര്‍ഖണ്ഡിനും അഞ്ച് വിജയത്തോടെ 20 പോയിന്റ് നേടാനായപ്പോള്‍ കേരളത്തിനു 16 പോയിന്റാണ് നാല് മത്സരത്തില്‍ നിന്ന് നേടാനായത്. യോഗ്യത നേടിയ മറ്റു രണ്ട് ടീമുകളെക്കാള്‍ മികച്ച റണ്‍ റേറ്റ് കേരളത്തിനു സ്വന്തമാക്കാനായിരുന്നുവെങ്കിലും നിര്‍ണ്ണായക മത്സരത്തില്‍ ജയം കൈവിട്ടത് ടീമിനു തിരിച്ചടിയായി.

47 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ ആനന്ദ് സിംഗാണ് കേരളത്തിന്റെ 176 റണ്‍സ് എന്ന സ്കോറിനെ മറികടക്കുവാനുള്ള ജാര്‍ഖണ്ഡിന്റെ അടിത്തറ പാകിയത്. ഇഷാന്‍ കിഷനെ വേഗത്തില്‍ നഷ്ടമായെങ്കിലും വിരാട് സിംഗുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 71 റണ്‍സാണ് ജാര്‍ഖണ്ഡിനു ജയം ഒരുക്കിയത്.

വിരാട് സിംബ് 29 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ ആനന്ദ് സിംഗ് ബാറ്റിംഗ് സൗരഭ് തിവാരിയുമായി ചേര്‍ന്ന് ബാറ്റിംഗ് തുടര്‍ന്നു. മൂന്നാം വിക്കറ്റില്‍ 43 റണ്‍സ് കൂടി നേടിയ ശേഷം താരം പുറത്താകുമ്പോള്‍ അവസാന അഞ്ചോവറില്‍ ജാര്‍ഖണ്ഡിനു ജയിക്കുവാന്‍ 44 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അടുത്ത ഓവറില്‍ ഇഷാന്‍ ജഗ്ഗിയെയും അതിനടുത്ത ഓവറില്‍ കുമാര്‍ ദിയോബ്രതിനെയും ജാര്‍ഖണ്ഡിനു നഷ്ടമായെങ്കിലും സൗരഭ് തിവാരി ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. തിവാരി 24 പന്തില്‍ നിന്ന് 50 റണ്‍സ് നേടി അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ നേടി ജാര്‍ഖണ്ഡിന്റെ ജയം ഉറപ്പാക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി 36 റണ്‍സ് നേടിയ സച്ചിന്‍ ബേബി ടോപ് സ്കോറര്‍ ആവുകയായിരുന്നു. രോഹന്‍ എസ് കുന്നുമ്മല്‍ 34 റണ്‍സും വിഷ്ണു വിനോദ്(27), വിനൂപ് ഷീല മനോഹരന്‍(31) എന്നിവര്‍ക്കാര്‍ക്കും തന്നെ തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ സാധിച്ചിരുന്നില്ല. സല്‍മാന്‍ നിസാര്‍ 8 പന്തില്‍ നിന്ന് പുറത്താകാതെ 21 റണ്‍സ് നേടിയാണ് കേരളത്തിനെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 എന്ന സ്കോറിലേക്ക് എത്തിച്ചത്.