പൃഥ്വി ഷാ മടങ്ങിയെത്തുന്നു, മുംബൈയുടെ സയ്യദ് മുഷ്താഖ് അലി ട്രോഫി സ്ക്വാഡില്‍

ഓസ്ട്രേലിയ പരമ്പരയുടെ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് ടീമിനു പുറത്ത് പോയ പൃഥ്വി ഷാ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തു്നു. സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റിനുള്ള സ്ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തി മുംബൈ തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ടീമിനെ ഇന്ത്യന്‍ ടെസ്റ്റ് ഉപ-നായകന്‍ അജിങ്ക്യ രഹാനെ നയിക്കും. ഫെബ്രുവരി 21നു ഇന്‍ഡോറിലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

മുംബൈയ്ക്കും പിന്നീട് ഇന്ത്യന്‍ ടീമിലേക്കും തിരികെ എത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പൃഥ്വി അറിയിച്ചു. ഏറെ മത്സരങ്ങള്‍ തനിക്ക് ഈ പരിക്ക് മൂലം നഷ്ടമായെങ്കിലും ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ താന്‍ റീഹാബ് നടപടിയുമായി ഏറെ സമയം ചെലവഴിച്ചിട്ടുണ്ടെന്നാണ് പൃഥ്വി ഷാ പറയുന്നത്. കഴിഞ്ഞ ദിവസം യോ-യോ ടെസ്റ്റ് വിജയിച്ചതോടെയാണ് മുംബൈ സെലക്ടര്‍മാര്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്.

ഒക്ടോബറില്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ താരം ശതകം നേടിയെങ്കിലും നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റിനു മുമ്പ് താരം പരിക്കേറ്റ് പുറത്താകുകയായിരുന്നു. പൃഥ്വി ഷാ ആദ്യ ടെസ്റ്റിനില്ലേലും പിന്നീടുള്ള മത്സരങ്ങളില്‍ പൂര്‍ണ്ണാരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് കരുതിയതെങ്കിലും അത് സംഭവിച്ചില്ല.

തനിക്ക് ആദ്യം ആ പരമ്പരയില്‍ പങ്കെടുക്കാനാകാതെ പോയത് ഏറെ സങ്കടമുണ്ടാക്കിയെന്ന് പറഞ്ഞ പൃഥ്വി തനിക്ക് ഇന്ത്യക്ക് വേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി. മികച്ചൊരു അനുഭവമായി മാറേണ്ടിയിരുന്ന പരമ്പരയായിരുന്നു അതെങ്കിലും സംഭവിച്ചതിന്മേല്‍ തനിക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് പൃഥ്വി ഷാ പറഞ്ഞു.

Exit mobile version