മഴ നിയമത്തിൽ കേരളത്തിന് ജയം

സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് ജയം. മഴ കളി തടസ്സപെടുത്തിയപ്പോൾ മഴ നിയമത്തിന്റെ പിൻബലത്തിൽ വെറും 1 റണ്ണിനാണ് കേരളം ഉത്തർപ്രദേശിനെ തോൽപ്പിച്ചത്.  കേരളം ഉയർത്തിയ 119 റൺസിന് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഉത്തർപ്രദേശ് 7 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് എടുത്തുനിൽക്കേയാണ് മഴ കളി മുടക്കിയത്.

തുടർന്നാണ് കേരളത്തെ വിജയികളായി പ്രഖ്യാപിച്ചത്. കേരളത്തിന് വേണ്ടി ജലജ് സക്‌സേന രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾഅക്ഷയ് ചന്ദ്രൻ ഒരു വിക്കറ്റ് വീഴ്ത്തി. ഉത്തർപ്രദേശിന് അക്ഷദീപ് നാഥ് 27 പന്തിൽ 30 റൺസ് എടുത്ത് പുറത്താവാതെ നിന്നു. നേരത്തെ സഞ്ജു സാംസന്റെ 38 റൺസിന്റെ പിൻബലത്തിലാണ് കേരളം 8 വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എടുത്തത്.

ബാറ്റിങ്ങിൽ പിഴച്ചു, മികച്ച സ്കോർ കണ്ടെത്താനാവാതെ കേരളം

സയ്ദ് മുഷ്‌താഖ്‌ ട്രോഫിയിൽ കേരളത്തെ ചെറിയ സ്‌കോറിൽ ഒതുക്കി ഉത്തർപ്രദേശ്. ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിൽ 20 ഓവറിൽ കേരളം 8 വിക്കറ്റ് നഷ്ടത്തിൽ വെറും 119 റൺസ് മാത്രമാണ് എടുത്തത്. കേരളത്തിന് വേണ്ടി 28 പന്തിൽ 38 റൺസ് എടുത്ത സഞ്ജു സാംസൺ മാത്രമാണ് മികച്ച ബാറ്റിംഗ് പുറത്തെടുത്തത്.

ഒരിക്കൽ കൂടി കേരളത്തിന് വേണ്ടി ഫോം കണ്ടെത്താൻ വിഷമിച്ച ക്യാപ്റ്റൻ ഉത്തപ്പ 2 റൺസിന് പുറത്താവുകയായിരുന്നു.  അവസാന ഓവറുകളിൽ സ്കോർ ഉയർത്താൻ മിഥുനും നിധീഷും ശ്രമിച്ചെങ്കിലും ഉത്തർപ്രദേശ് കേരളത്തിനെ 119ൽ ഒതുക്കുകയായിരുന്നു. കേരളത്തിന് വേണ്ടി അക്ഷയ് ചന്ദ്രൻ 18 റൺസും മിഥുൻ 8 പന്തിൽ 17 റൺസും ജലജ സക്‌സേന 14 റൺസുമെടുത്ത് പുറത്താവാതെ നിന്നു.

സഞ്ജുവിന് അര്‍ദ്ധ ശതകം, മികച്ച ഫോം തുടര്‍ന്ന് സച്ചിന്‍ ബേബി പക്ഷേ കേരളത്തിന് തോല്‍വി

രാജസ്ഥാനെതിരെ കേരളത്തിന് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ പരാജയം. കേരളത്തിനെതിരെ ഏഴ് വിക്കറ്റ് വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിത്. ആദ്യം ബാറ്റ് ചെയ്ത കേരള ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്‍ ലക്ഷ്യ 3 വിക്കറ്റ് നഷ്ടത്തില്‍ 17 ഓവറില്‍ മറികടന്നു. കേരളത്തിനായി സഞ്ജു സാംസണ്‍ 53 റണ്‍സ് നേടി മികച്ച ഫോമില്‍ ബാറ്റ് വീശി. 39 പന്തില്‍ നേരിട്ട സഞ്ജു റണ്ണൗട്ടാവുകയായിരുന്നു. മികച്ച ഫോമിലുള്ള സച്ചിന്‍ ബേബി 29 പന്തില്‍ നിന്ന് 47 റണ്‍സ് നേടി പുറത്തായി. 36 റണ്‍സ് നേടിയ ഓപ്പണര്‍ വിഷ്ണു വിനോദ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. രാജസ്ഥാന് വേണ്ടി ദീപക് ലോകേന്ദ്ര ചാഹ്ര, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

രാജസ്ഥാന് വേണ്ടി 51 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ രാജേഷ് ബിഷ്ണോയിയും 22 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ അര്‍ജിത് ഗുപ്തയും ആണ് ബാറ്റിംഗില്‍ തിളങ്ങിയത്. ഇരുവരും പുറത്താകാതെ നിന്ന് 17 ഓവറില്‍ ടീമിന്റെ ജയം ഉറപ്പാക്കുകയായിരുന്നു. 84 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് പുറത്താകാതെ ഇരുവരും ചേര്‍ന്ന് നേടിയത്. അങ്കിത് ലാംബ 19 പന്തില്‍ 35 റണ്‍സ് നേടി മികച്ച തുടക്കം രാജസ്ഥാന് നല്‍കി.

വിദര്‍ഭയ്ക്കെതിരെ 26 റണ്‍സിന്റെ വിജയം നേടി കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ന് വിദര്‍ഭയ്ക്കെതിരെ നടന്ന മത്സരത്തില്‍ മികച്ച വിജയവുമായി കേരളം. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 162/7 എന്ന സ്കോര്‍ നേടിയ കേരളം വിദര്‍ഭയെ 136/7 എന്ന സ്കോറിലേക്ക് ചുരുക്കുകയായിരുന്നു. സന്ദീപ് വാര്യറുടെ മൂന്ന് വിക്കറ്റ് നേട്ടമാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയായി മാറിയത്.

വിദര്‍ഭയുടെ മധ്യനിര ചെറുത്ത് നില്പ് നടത്തിയെങ്കിലും നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി കേരളം തിരിച്ചടിച്ചു. 29 റണ്‍സ് നേടിയ അക്ഷയ് വിനോദ് വാഡ്കര്‍ ആണ് വിദര്‍ഭയുടെ ടോപ് സ്കോറര്‍. അക്ഷയ് കാര്‍ണേവാര്‍ 28 റണ്‍സും റുഷഭ് രാജ്കുമാര്‍ റാഥോഡ് 23 റണ്‍സും നേടി വിദര്‍ഭയ്ക്കായി പൊരുതി നോക്കി.

നേരത്തെ റോബിന്‍ ഉത്തപ്പ(69*), സച്ചിന്‍ ബേബി(39) എന്നിവരുടെ മികവിലാണ് കേരളം 162 റണ്‍സ് നേടിയത്.

പുറത്താകാതെ 69 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെ മികവില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് 162 റണ്‍സ്

വിദര്‍ഭയ്ക്കെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ 162 റണ്‍സ് നേടി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 39 പന്തില്‍ നിന്ന് 69 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ റോബിന്‍ ഉത്തപ്പയും 39 റണ്‍സ് നേടിയ സച്ചിന്‍ ബേബിയുമാണ് കേരള നിരയില്‍ തിളങ്ങിയത്. റോബിന്‍ ഉത്തപ്പ 2 ഫോറും 5 സിക്സുമാണ് നേടിയത്.

വിദര്‍ഭയ്ക്കായി ദര്‍ശന്‍ നല്‍കണ്ടേ 3 വിക്കറ്റ് നേടി.

വിദര്‍ഭയെക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയെങ്കിലും വി ജയദേവന്‍ രീതിയില്‍ ഒരു റണ്‍സിന് തോല്‍വിയേറ്റ് വാങ്ങി രാജസ്ഥാന്‍

ദീപക് ചഹാറിന്റെ ഹാട്രിക്ക് നേട്ടത്തില്‍ വിദര്‍ഭയെ 99/9 എന്ന സ്കോറിന് ചെറുത്ത് നിര്‍ത്തിയ ശേഷം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് 13 ഓവറില്‍ നിന്ന് നേടിയെങ്കിലും രക്ഷയില്ലാതെ രാജസ്ഥാന്‍. മത്സരം മഴ മൂലം 13 ഓവറായി ചുരുക്കിയപ്പോള്‍ വി ജയദേവന്‍ രീതിയില്‍ 107 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ ടീമിന് ഒരു റണ്‍സിന്റെ തോല്‍വിയായിരുന്നു 13 ഓവറുകള്‍ക്ക് ശേഷം ഫലം.

ഓപ്പണര്‍ മനേന്ദര്‍ നരേന്ദര്‍ സിംഗ് 17 പന്തില്‍ നിന്ന് വെടിക്കെട്ട് പ്രകടനമായി 44 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണയില്ലാതെ പോയത് രാജസ്ഥാന് തിരിച്ചടിയായി. 6 സിക്സുക്‍ അടങ്ങിയതായിരുന്നു മനേന്ദറിന്റെ ഇന്നിംഗ്സ്. വിദര്‍ഭയ്ക്കായി അക്ഷയ് വാഖാരെ മൂന്ന് വിക്കറ്റ് നേടി ബൗളിംഗില്‍ തിളങ്ങി.

വീണ്ടും ഹാട്രിക്കുമായി ദീപക് ചഹാര്‍, ഇത്തവണ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍

ബംഗ്ലാദേശിനെതിരെയുള്ള ഹാട്രിക്ക് നേട്ടം സ്വന്തമാക്കി 48 മണിക്കൂറിനുള്ളില്‍ വീണ്ടുമൊരു ഹാട്രിക്കുമായി ദീപക് ചഹാര്‍. ഇന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ രാജസ്ഥാന് വേണ്ടി വിദര്‍ഭയ്ക്കെതിരെയാണ് ദീപക് ചഹാറിന്റെ ഈ നേട്ടം. തന്റെ മൂന്നോവറില്‍ 18 റണ്‍സിന് നാല് വിക്കറ്റ് നേടിയ ദീപക് ചഹാറിന്റെ മികവില്‍ 99/9 എന്ന നിലയില്‍ വിദര്‍ഭയെ പിടിച്ച് കെട്ടുവാന്‍ രാജസ്ഥാന് സാധിച്ചു. മഴ മൂലം 13 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു.

ഇന്നിംഗ്സിലെ അവസാന ഓവറിലെ അവസാന മൂന്ന് പന്തിലാണ് താരത്തിന്റെ ഹാട്രിക്ക് നേട്ടം. ദര്‍ശന്‍ നല്‍കണ്ടേ, ശ്രീകാന്ത് വാഗ്, അക്ഷയ് വാഡ്കര്‍ എന്നിവരെയാണ് ചഹാര്‍ പുറത്താക്കി ഹാട്രിക്ക് സ്വന്തമാക്കിയത്.

മണിപ്പൂരിനെ നിലംപരിശാക്കി കേരളം, വിജയം 75 റണ്‍സിന്

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മണിപ്പൂരിനെതിരെ 75 റണ്‍സിന്റെ വിജയം കുറിച്ച് കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 149/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മണിപ്പൂരിന് 20 ഓവറില്‍ 74/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. 4 വിക്കറ്റ് നേടിയ മിഥുന്‍ ആണ് കേരള നിരയില്‍ തിളങ്ങിയത്. തന്റെ നാലോവറില്‍ 5 റണ്‍സ് മാത്രം വിട്ട് നല്‍കിയ മിഥുന്‍ നാല് വിക്കറ്റ് വീഴ്ത്തി. മണിപ്പൂരിന് വേണ്ടി 27 റണ്‍സുമായി ഗാരിയാന്‍ബാം ജോണ്‍സണ്‍ സിംഗ് ടോപ് സ്കോറര്‍ ആയി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി 48 റണ്‍സ് നേടിയ സച്ചിന്‍ ബേബി ടോപ് സ്കോറര്‍ ആയപ്പോള്‍ വിഷ്ണു വിനോദ്(25), റോബിന്‍ ഉത്തപ്പ(29) എന്നിവരും റണ്‍സ് കണ്ടെത്തി. മണിപ്പൂര്‍ ബൗളര്‍മാരില്‍ തോമസ് സ്മിത്ത്, ബിശ്വോര്‍ജിത്ത് രാജേന്ദ്രോ എന്നിവര്‍ മൂന്നും ലാമാബം അജയ് സിംഗ് രണ്ട് വിക്കറ്റും നേടി.

ജലജ് സക്സേനയ്ക്ക് നാല് വിക്കറ്റ്, കേരളത്തിന് ത്രിപുരയ്ക്കെതിരെ 14 റണ്‍സ് വിജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ 14 റണ്‍സിന്റെ വിജയം കുറിച്ച് കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിന്‍ ബേബിയുടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 191 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ത്രിപുരയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് മാത്രമേ നേടാനായുള്ളു. മിലിന്ദ് കുമാര്‍ 36 പന്തില്‍ നിന്ന് 54 റണ്‍സ് നേടി ത്രിപുരയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിലെ ആദ്യ പന്തില്‍ താരത്തെ ബേസില്‍ തമ്പി പുറത്താക്കിയതോടെ ത്രിപുരയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.

കേരളത്തിന് വേണ്ടി ജലജ് സക്സേന നാല് വിക്കറ്റും ബേസില്‍ തമ്പി രണ്ട് വിക്കറ്റും വീഴ്ത്തി. ഉദിയന്‍ ഉത്തം കുമാര്‍ ബോസ്(27), മണി ശങ്കര്‍ മുര സിംഗ്(27) തന്മയ് മിശ്ര(25) എന്നിവരാണ് ത്രിപുര നിരയില്‍ പൊരുതി നോക്കിയ മറ്റു താരങ്ങള്‍.

സച്ചിന്‍ ബേബിയുടെ മികവില്‍ 191 റണ്‍സ് നേടി കേരളം, അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് ബേസില്‍ തമ്പിയും

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 191 റണ്‍സ്. നിശ്ചിത 20 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്. മുന്‍ നായകന്‍ സച്ചിന്‍ ബേബിയും 30 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മലുമാണ് കേരള നിരയില്‍ തിളങ്ങിയത്. സച്ചിന്‍ ബേബി 28 പന്തില്‍ നിന്ന് 58 റണ്‍സുമായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 24 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച സച്ചിന്‍ ബേബി ഇന്നിംഗ്സില്‍ 4 വീതം ഫോറും സിക്സും നേടി.

മുഹമ്മദ് അസ്ഹറുദ്ദീന്‍ 25 റണ്‍സ് നേടി പുറത്തായി. ത്രിപുരയ്ക്ക് വേണ്ടി അജയ് ശാന്തന്‍ സര്‍ക്കാര്‍, മുര സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. അവസാന ഓവറുകളില്‍ ബേസില്‍ തമ്പി അടിച്ച് തകര്‍ത്തതോടെയാണ് കേരളം 191 എന്ന സ്കോറിലേക്ക് എത്തിയത്. ബേസില്‍ തമ്പി 12 പന്തില്‍ നിന്ന് 22 റണ്‍സ് നേടി.

മുഷ്താഖ് അലി ട്രോഫി, ത്രിപുരയ്ക്കെതിരെ കേരളം ആദ്യം ബാറ്റ് ചെയ്യുന്നു

മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ കേരളത്തിന് ആദ്യ ബാറ്റിംഗ്. മത്സരത്തില്‍ ടോസ് നേടിയ ത്രിപുര ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കേരളം ആദ്യ മത്സരത്തില്‍ തമിഴ്നാടിനോട് പരാജയപ്പെട്ടിരുന്നു. 174/5 എന്ന സ്കോര്‍ നേടിയ തമിഴ്നാടിനെതിരെ കേരളത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമേ നേടാനായുള്ളു.

37 റണ്‍സിന്റെ വിജയമാണ് സെയിന്റ് സേവിയേഴ്സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തമിഴ്നാട് സ്വന്തമാക്കിയത്.

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള കേരളത്തിന്റെ ടീം പ്രഖ്യാപിച്ചു

സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റിനായുള്ള കേരളത്തിന്റെ സ്ക്വാഡ് പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫി കളിച്ച 15 അംഗ സംഘത്തില്‍ നിന്ന് സിജോമോന്‍ ജോസഫും, സല്‍മാന്‍ നിസാറും പുറത്ത് പോകുമ്പോള്‍ രോഹന്‍ കുന്നുമ്മല്‍ ടീമില്‍ എത്തുന്നു. വിനൂപ് മനോഹരനാണ് ടീമിലെത്തിയ മറ്റൊരു താരം. റോബിന്‍ ഉത്തപ്പയാണ് ടീമിന്റെ ക്യാപ്റ്റന്‍.

കേരളം: റോബിന്‍ ഉത്തപ്പ, ജലജ് സക്സേന, രാഹുല്‍ പി, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, ആസിഫ് കെഎം, നിധീഷ് എംഡി, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ , മിഥുന്‍ എസ്, അക്ഷയ് ചന്ദ്രന്‍, വിനൂപ് മനോഹരന്‍, രോഹന്‍ കുന്നുമ്മല്‍.

Exit mobile version