ഗോവയ്ക്ക് കടിഞ്ഞാണിട്ട് കേരളം, ആസിഫിനു അഭിഷേകിനും മൂന്ന് വിക്കറ്റ്

Sports Correspondent

മൂന്ന് തോല്‍വികള്‍ക്ക് ശേഷം നാലാം മത്സരത്തില്‍ ഗോവയെ കടിഞ്ഞാണിട്ട് കേരള ബൗളര്‍മാര്‍. ഇന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ നാലാം മത്സരത്തിനിറങ്ങിയ കേരളം ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യതയോടെ പന്തെറിഞ്ഞ കേരള ബൗളര്‍മാര്‍ ഗോവയ്ക്ക് റണ്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുകയായിരുന്നു. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഗോവ നേടിയത്.

ഗോവന്‍ നിരയില്‍ കീനന്‍ 36 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. 28 റണ്‍സ് നേടിയ സഗുണ്‍ കാമത്ത്, ദര്‍ശന്‍ മിസാല്‍(23) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. മറ്റു ബാറ്റ്സ്മാന്മാര്‍ക്ക് നിലയുറപ്പിക്കുവാനാകാതെ പോയതും ഗോവയ്ക്ക് തിരിച്ചടിയായി. അവസാന അഞ്ചോവറിലാണ് അമ്പതിനടുത്ത് റണ്‍സ് നേടി ഗോവ പൊരുതാവുന്ന സ്കോറിലേക്ക് എത്തിയത്. 11.3 ഓവറില്‍ 64/4 എന്ന നിലയില്‍ നിന്നാണ് 138/8 റണ്‍സ് എന്ന ഭേദപ്പെട്ട സ്കോറിലേക്ക് ഗോവ എത്തിയത്.

കേരളത്തിനായി ആസിഫും അഭിഷേക് മോഹനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ഫാബിദ് അഹമ്മദിനും ബേസില്‍ തമ്പിയ്ക്കും ഒരു വിക്കറ്റ് വീതം ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial