ഗോവയെ തകര്‍ത്ത് കേരളം, വിജയം 9 വിക്കറ്റിനു

തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം കേരളം വീണ്ടും വിജയവഴിയിലേക്ക്. ഗോവയെ 9 വിക്കറ്റിനു തകര്‍ത്ത് കേരളം സോണല്‍ മത്സരങ്ങളിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഗോവയ്ക്ക് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. സ്വപ്നില്‍ അസ്നോ‍‍ഡ്കര്‍ 12 പന്തില്‍ 23 റണ്‍സ്, 22 റണ്‍സ് നേടിയ കീനന്‍ എന്നിവര്‍ക്കു പുറമേ 17 റണ്‍സുമായി അമോഗ് ദേശായിയില്‍ നിന്നു മാത്രമേ ചെറുത്ത് നില്പ് ഉണ്ടായിരുന്നുള്ളു. 18.4 ഓവറില്‍ 86 റണ്‍സിനു ഗോവ ഓള്‍ഔട്ട് ആവുകയായിരുന്നു. ബേസില്‍ തമ്പി മൂന്ന് വിക്കറ്റ്, റൈഫി വിന്‍സെന്റ് ഗോമസ്, ജലജ് സക്സേന രണ്ട് വിക്കറ്റ് , സന്ദീപ് വാര്യര്‍, ഇക്ബാല്‍ അബ്ദുള്ള എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

വിഷ്ണു വിനോദിനൊപ്പം മുഹമ്മദ് അസ്ഹറുദ്ദീനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് കൊണ്ട് വന്നാണ് കേരളം ഇറങ്ങിയത്. മൂന്നാം ഓവറില്‍ വിഷ്ണു വിനോദിനെ നഷ്ടമാകുമ്പോള്‍ കേരളത്തിന്റെ ടീം സ്കോര്‍ 40 ആയിരുന്നു. 13 പന്തില്‍ 35 റണ്‍സ് നേടിയ വിഷ്ണുവിനെ ഋതുരാജ് രാജീവ് സിംഗാണ് പുറത്താക്കിയത്. 8ാം ഓവറില്‍ വിജയം സ്വന്തമാക്കുമ്പോള്‍ മുഹമ്മദ് അസഹ്റുദ്ദീന്‍ (22*), രോഹന്‍ പ്രേം (24*) എന്നിവരായിരുന്നു ക്രീസില്‍.

Previous articleനടക്കുന്നത് ചക്കളത്തിപ്പോര്, കുടുങ്ങുന്നത് കുട്ടികൾ
Next articleപരിമിതികളിലും തലയുയർത്തി എടവണ്ണ ഐ ഒ എച്ച് എസ് എസ് ; കേൾക്കേണ്ട കഥ