സ്വന്തം കുഴിതോണ്ടി കേരളം, ഹൈദ്രബാദിനോട് 5 റണ്‍സ് തോല്‍വി

അനായാസമായി സ്വന്തമാക്കാനാകുന്ന വിജയം കൈവിട്ട് സയ്യദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റില്‍ കേരളത്തിനു രണ്ടാം തോല്‍വി. ഹൈദ്രാബാദ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ പിന്‍ബലത്തില്‍ 99/1 എന്ന ശക്തമായ നിലയിലേക്ക് എത്തിയ കേരളം, എന്നാല്‍ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി കേരളം 5 റണ്‍സിനു പരാജയപ്പെടുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദ്രാബാദിനു ബാറ്റിംഗ് തകര്‍ച്ചയായിരുന്നു നേരിടേണ്ടി വന്നത്. ആദ്യ ഓവറില്‍ അക്ഷത് റെഡ്ഡിയെയും രണ്ടാം ഓവറില്‍ തന്മയ് അഗര്‍വാലിനെയും നഷ്ടപ്പെട്ട അവര്‍ 36/4 എന്ന നിലയിലേക്ക് വീണു. നായകന്‍ സുബ്രഹ്മണ്യം ബദ്രിനാഥ്(29), സുമന്ത് കൊല്ല പുറത്താകാതെ നേടിയ 46 റണ്‍സ്, മെഹ്ദി ഹസന്‍ എന്നിവയുടെ സ്കോറിംഗ് മികവില്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഹൈദ്രാബാദ് 126 റണ്‍സ് നേടുകയായിരുന്നു. മെഹ്ദി ഹസ്സനും(25), സുമന്തും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 55 റണ്‍സ് കൂട്ടുകെട്ടാണ് ഹൈദ്രാബാദിനെ നൂറ് റണ്‍സ് കടക്കാന്‍ സഹായിച്ചത്. കേരളത്തിനു വേണ്ടി ഫാബിദ് അഹമ്മദ് മൂന്ന് വിക്കറ്റും, ജലജ് സക്സേന, സന്ദീപ് വാര്യര്‍, വിനോദ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

99/1 എന്ന നിലയില്‍ നിന്ന് 106/5 എന്ന നിലയിലേക്ക് തകര്‍ന്ന കേരളം ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു. ഓപ്പണര്‍മാരായ വിഷ്ണു വിനോദ്(37), ജലജ് സക്സേന(34), സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ അനായാസ വിജയം നേടുമെന്ന് കരുതിയ കേരളം അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ നഷ്ടമാക്കി സ്വയം സമ്മര്‍ദ്ദത്തിലകപ്പെടുകയായിരുന്നു. അവസാന മൂന്നോവറില്‍ 22 റണ്‍സ് വേണ്ടിയിരുന്ന കേരളം മത്സരം കൈവിടുകയായിരുന്നു. അവസാന ഓവറില്‍ വിജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരുന്ന കേരളത്തിനു 8 റണ്‍സ് മാത്രമേ നേടാനായുള്ളു. 20 ഓവറുകളില്‍ കേരളത്തിനു 7 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് മാത്രമേ നേടാനായുള്ളു.