
കര്‍ണ്ണാടകയ്ക്കെതിരായ സയ്യദ് മുഷ്താഖ് അലി ടി20 മത്സരത്തില്‍ കേരളത്തിനു പരാജയം. കര്‍ണ്ണാടക ഉയര്‍ത്തിയ 193 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനു 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് മാത്രമേ നേടാനായുള്ളു. വിഷ്ണു വിനോദ്, രോഹന് പ്രേം എന്നിവര്‍ ആയിരുന്നു കേരളത്തിനു വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കര്‍ണ്ണാടകയ്ക്ക് വേണ്ടി അര്‍ദ്ധ ശതകങ്ങളോടു കൂടി മയാംഗ് അഗര്‍വാല്‍, കെ ഗൗതം എന്നിവരും മികവ് പുലര്‍ത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക മികച്ച ടോട്ടലാണ് പടുത്തുയര്‍ത്തിയത്. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിയ അവര്‍ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സമര്‍ത്ഥിനെ നഷ്ടമായെങ്കിലും 102 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് മയാംഗ് അഗര്‍വാലും, കെ ഗൗതമും ചേര്‍ന്ന് നേടിയത്. 29 പന്തില്‍ 60 റണ്‍സ് നേടിയ ഗൗതമിനെ ജലജ് സക്സേനയാണ് പുറത്താക്കിയത്. മയാംഗ് അഗര്‍വാല്‍(67) ആണ് ടോപ് സ്കോറര്‍. കേരളത്തിനു വേണ്ടി ജലജ് സക്സേന മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
ആദ്യ മത്സരത്തിലേത് പോലെത്തന്നെ രണ്ടാം മത്സരത്തിലും കേരള ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 17 റണ്‍സെടുത്ത ജലജ് സക്സേന പുറത്താകുമ്പോള്‍ 4.2 ഓവറില്‍ സ്കോര്‍ 39 ആയിരുന്നു. വിഷ്ണു വിനോദ് മികച്ച ഫോമില്‍ ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ വേഗത്തില്‍ റണ്‍ കണ്ടെത്താന്‍ സഞ്ജു സാംസണ് ബുദ്ധിമുട്ടി. 10 പന്തില്‍ നിന്ന് 8 റണ്‍സ് നേടിയ സഞ്ജുവിന്റെ വിക്കറ്റ് സുചിത്തിനായിരുന്നു. അത് ഒരു കണക്കിനു കേരളത്തിനു ഗുണകരമാവുകയായിരുന്നു. വിഷ്ണുവിനോടൊപ്പം ക്രീസിലെത്തിയ രോഹന് പ്രേമും മികച്ച സ്ട്രൈക്ക് റേറ്റോടു കൂടി സ്കോറിംഗ് തുടര്‍ന്നപ്പോള്‍ പത്തോവര്‍ പിന്നിടുമ്പോള്‍ കേരളം 96/2 എന്ന നിലയിലായിരുന്നു. വിഷ്ണു വിനോദ്(58*), രോഹന് പ്രേം(13*) എന്നിവരായിരുന്നു ക്രീസില്‍.
പതിനൊന്നാം ഓവറില്‍ വിഷ്ണു വിനോദിനെ പുറത്താക്കി സുചിത് തന്റെ രണ്ടാം വിക്കറ്റ് നേടി. 35 പന്തില്‍ 64 റണ്‍സായിരുന്നു വിഷ്ണു വിനോദിന്റെ സംഭാവന. ആദ്യ മത്സരത്തില്‍ വിഷ്ണു അര്‍ദ്ധ ശതകം നേടിയിരുന്നു. റണ്‍റേറ്റ് ഉയര്‍ത്തുവാനുള്ള ശ്രമത്തിനിടെ നായകന് സച്ചിന്‍ബേബി(13) പുറത്തായെങ്കിലും രോഹന് പ്രേമും റൈഫിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ വീണ്ടും റണ്‍റേറ്റ് ഉയര്‍ത്തുകയായിരുന്നു. അവസാന മൂന്നോവറിലേക്ക് മത്സരം കടന്നപ്പോള്‍ കേരളത്തിനു വിജയിക്കുവാന്‍ വേണ്ടിയിരുന്നത് 40 റണ്സായിരുന്ന്. റൈഫി വിന്‍സന്റ് ഗോമസിനെ(17) നഷ്ടമായ കേരളത്തിനു അവസാന ഓവറില്‍ 27 റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ കേരള ഇന്നിംഗ്സ് 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. രോഹന് പ്രേം 45 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.