ഓള്‍റൗണ്ട് പ്രകടനത്തിലൂടെ കേരളത്തിനു വിജയത്തുടക്കം

ആന്ധ്രയെ 21 റണ്‍സിനു കീഴടക്കി കേരളത്തിനു സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റില്‍ വിജയത്തുടക്കം. കേരള ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നല്‍കിയ മികച്ച തുടക്കമാണ് 176 റണ്‍സ് എന്ന വിജയലക്ഷ്യം ആന്ധ്രയ്ക്ക് മുന്നില്‍ വയ്ക്കുവാന്‍ കേരളത്തെ സഹായിച്ചത്. ആന്ധ്രയ്ക്ക് 20 ഓവറുകളില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രമേ നേടാനായുള്ളു. ടോസ് നേടി ആന്ധ്ര ക്യാപ്റ്റന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാളെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കേരളം കര്‍ണ്ണാടകയെ നേരിടും.

മികച്ച ടോട്ടലാണ് കേരളത്തിന്റെ ബാറ്റിംഗ് നിര തങ്ങളുടെ ആദ്യ മത്സരത്തില്‍ പടുത്തുയര്‍ത്തിയത്. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് കൂറ്റന്‍ സ്കോര്‍ എന്ന കേരളത്തിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകുകയായിരുന്നു. ഓപ്പണിംഗ് കൂട്ടുകെട്ട് 66 റണ്‍സ് നേടി. വിഷ്ണു വിനോദ്(63), ജലജ് സക്സേന(22), സഞ്ജു സാംസണ്‍(31) എന്നിവരുടെ ബാറ്റിംഗ് മികവില്‍ കേരളം ആന്ധ്രയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടുകയായിരുന്നു. 14 ഓവറില്‍ 123/2 എന്ന നിലയില്‍ നിന്ന് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് കേരളത്തിന്റെ സ്കോറിംഗിനെ ബാധിക്കുകയായിരുന്നു.

ആന്ധ്രയ്ക്ക് വേണ്ടി അയ്യപ്പ ഭണ്ഡാരു(2), കെവി ശശികാന്ത്(2), ഹനുമന വിഹാരി (1), ഷൊയ്ബ് മുഹമ്മദ് ഖാന്‍ (1) എന്നിവരായിരുന്നു വിക്കറ്റ് നേട്ടക്കാര്‍

വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ട ആന്ധ്ര ഒരു ഘട്ടത്തില്‍ 22/3 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ഓപ്പണര്‍ ശ്രീകര്‍ ഭരത്, റിക്കി ഭുയി എന്നിവര്‍ ചേര്‍ന്നാണ് ചെറുത്ത് നില്പിന്റെ സൂചനകള്‍ നല്‍കിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 55 റണ്‍സ് നേടിയെങ്കിലും റണ്‍റേറ്റ് ഉയര്‍ത്തുവാനുള്ള ശ്രമത്തിനിടയില്‍ ഭരത് പുറത്താകുകയായിരുന്നു. മത്സരം അവസാന ആറ് ഓവറിലേക്ക് കടന്നപ്പോള്‍ ആന്ധ്രയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 85 റണ്‍സായിരുന്നു. റിക്കിയ്ക്കൊപ്പം ചേര്‍ന്ന രവി തേജയും ആക്രമണം അഴിച്ചു വിട്ടതോടു കൂടി അവസാന മൂന്നോവറില്‍ ലക്ഷ്യം 53 റണ്‍സായി ചുരുങ്ങി. റിക്കി ഭുയി കേരള ബൗളര്‍മാരെ മികച്ച രീതിയില്‍ നേരിട്ടുവെങ്കിലും തന്റെ അര്‍ദ്ധ ശതകത്തിനു 2 റണ്‍സ് അകലെ വെച്ച് ബേസില്‍ തമ്പി പുറത്താക്കുകയായിരുന്നു. അതേ ഓവറില്‍ തന്നെ രവി തേജയെയും(33) പുറത്താക്കി ബേസില്‍ മത്സരം കേരളത്തിനനുകൂലമാക്കുകയായിരുന്നു. ആന്ധ്രയുടെ ഷൊയ്ബ് മുഹമ്മദ് ഖാന്‍ 20 റണ്‍സ് നേടി( 7 പന്തില്‍ നിന്ന്) പുറത്താകാതെ നില്‍ക്കുകയായിരുന്നു.

കേരളത്തിനു വേണ്ടി ബേസില്‍ തമ്പി മൂന്ന് വിക്കറ്റും, സന്ദീപ് വാര്യര്‍ , വിനോദ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

Previous articleലാ ലീഗയിൽ പ്രമുഖർ ഇറങ്ങുന്നു
Next articleലീഗ് വണ്ണിൽ പി.എസ്.ജി മൊണാക്കോ സൂപ്പർ പോരാട്ടം