Site icon Fanport

ഓസ്ട്രേലിയയിലെ യാത്ര വിലക്ക്, ഇന്ത്യയില്‍ ടി0 ലോകകപ്പ് നടത്താന്‍ കഴിയുന്നതാണെന്ന് സുനില്‍ ഗവാസ്കര്‍

കോവിഡ് 19 മൂലം ഓസ്ട്രേലിയ തങ്ങളുടെ അതിര്‍ത്തി സെപ്റ്റംബര്‍ 30 വരെ അടച്ചിടുകയും യാത്ര വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് നടത്തിപ്പ് ആശങ്കയിലായിരിക്കുകയാണ്. എന്നാല്‍ ഇതിന് ഒരു പരിഹാരം എന്ന നിലയില്‍ ഇന്ത്യയ്ക്ക് ടൂര്‍ണ്ണമെന്റ് നടത്തുവാനുള്ള അവകാശം നല്‍കണമെന്നാണ് സുനില്‍ ഗവാസ്കര്‍ നിര്‍ദ്ദേശിച്ചത്.

ഐപിഎല്‍ 2020 സെപ്റ്റംബറില്‍ നടത്തുകയാണെങ്കില്‍ ലോകകപ്പിന് മുമ്പ് വിദേശ താരങ്ങള്‍ക്കും വേണ്ടത്ര മത്സര പരിചയം കിട്ടുമെന്നും ലോകകപ്പും ഐപിഎല്‍ ടൂര്‍ണ്ണമെന്റും ഇന്ത്യയിലാണെങ്കില്‍ ഇത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ഗവാസ്കര്‍ വ്യക്തമാക്കി. നിലവില്‍ ഓസ്ട്രേലിയ വിദേശിയരെ നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നില്ല അപ്പോള്‍ ലോകകപ്പ് നടത്തുക അസാധ്യമാകുവാനുള്ള സാധ്യതയുണ്ട്, അതിനാല്‍ തന്നെ ഒക്ടോബറില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ കൂടുതല്‍ പ്രയാസകരമാകും.

അതെ സമയം അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ഇന്ത്യയിലാണെന്നതിനാല്‍ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ ടൂര്‍ണ്ണമെന്റുകള്‍ പരസ്പരം മാറ്റാവുന്നതാണെന്ന് ഗവാസ്കര്‍ വ്യക്തമാക്കി. ഈ ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കേണ്ട ടൂര്‍ണ്ണമെന്റ് ഇന്ത്യയും അടുത്ത വര്‍ഷം ഇന്ത്യയില്‍ നടത്തേണ്ട ടൂര്‍ണ്ണമെന്റ് ഓസ്ട്രേലിയയ്ക്കും കൈമാറിയാല്‍ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ഗവാസ്കര്‍ സൂചിപ്പിച്ചു.

എന്നാല്‍ ഇതിന് ആദ്യം ആവശ്യമായത് യുഎഇയില്‍ സെപ്റ്റംബറില്‍ നടക്കേണ്ട ഏഷ്യ കപ്പ് മാറ്റുക എന്നതാണെന്ന് സുനില്‍ പറഞ്ഞു. ആ ടൂര്‍ണ്ണമെന്റും നടത്താനാകുമോ എന്ന സംശയത്തിലായതിനാല്‍ തന്നെ ഏഷ്യ കപ്പ് ഡിസംബറിലേക്ക് മാറ്റാവുന്നതാണെന്നും സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടു. സെപ്റ്റംബറില്‍ യുഎഇയില്‍ ഉയര്‍ന്ന താപനിലയാണെന്നതും കൂടി കണക്കിലാക്കുമ്പോള്‍ ടൂര്‍ണ്ണമെന്റ് ഡിസംബറിലേക്ക് മാറ്റാവുന്നതാണെന്ന് ഗവാസ്കര്‍ വ്യക്തമാക്കി.

Exit mobile version