തന്റെ അരങ്ങേറ്റ സമയത്തെ ശരീര ഭാരത്തിലേക്ക് താന്‍ എത്തി, ലോക്ക്ഡൗണ്‍ വിശേഷം പങ്കുവെച്ച് സുനില്‍ ഗവാസ്കര്‍

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ ലോക രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ലോക്ക്ഡൗണിന് വിധേയനാക്കിയിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരും ഒഴികെ ആരും തന്നെ ആവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുള്ളപ്പോള്‍ കായിക താരങ്ങളും കമന്റേറ്റര്‍മാരുമെല്ലാം തന്നെ വീട്ടില്‍ ഇരിക്കുകയാണ്.

ലോക്ക്ഡൗണ്‍ കാലത്തെ അനുഭവം പങ്കുവെച്ച സുനില്‍ ഗവാസ്കര്‍ പറയുന്നത് തന്റെ ശരീരഭാരം ഇപ്പോള്‍ എത്തിയിരിക്കുന്നത് താന്‍ ഇന്ത്യയ്ക്കായി തന്റെ അരങ്ങേറ്റ പരമ്പര നടത്തിയപ്പോളുള്ളതിന് തുല്യമാണെന്നാണ്. നരച്ച താടിയോട് കൂടിയാണ് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുനില്‍ ഗവാസ്കര്‍ എത്തിയത്.

വൈകുന്നേരങ്ങളില്‍ ടെറസ്സില്‍ നടക്കുവാന്‍ പോകുന്നുണ്ടെന്നും കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നുണ്ടെന്നുമാണ് സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടത്. തന്റെ തിരക്കേറിയ ജീവിതത്തില്‍ നിന്ന് കുടുംബത്തോടൊപ്പം ചെലവഴിക്കുവാന്‍ പറ്റിയ അവസരമാണിത് എന്നും കുടുംബത്തിലെ എല്ലാവരും കൂടെയുണ്ടായിരുന്നുവെങ്കില്‍ കൂടുതല്‍ സന്തോഷം ആയേനെ എന്നും ഗവാസ്കര്‍ പറഞ്ഞു.

താനിപ്പോള്‍ വൈകിയാണ് എഴുന്നേല്‍ക്കുന്നതെന്നും തന്റെ വീട്ടിലെ വളര്‍ത്ത് മൃഗങ്ങളുമായും കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു. സത്യത്തില്‍ വീട്ടില്‍ താമസിക്കുവാന്‍ കൂടുതല്‍ സമയം കിട്ടിയതില്‍ സന്തോഷം ഉണ്ടെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

Exit mobile version