പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പര കളിക്കാനാകുമെന്ന് ആത്മവിശ്വാസത്തില്‍ സ്റ്റാര്‍ക്ക്

ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് താന്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിക്കുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. താന്‍ കളിക്കുവാനുള്ള സാധ്യത ഏറെ ഉയര്‍ന്നിരിക്കുകയാണെന്നാണ് സ്റ്റാര്‍ക്ക് അഭിപ്രായപ്പെട്ടത്. എന്നാല്‍ ജോഷ് ഹാസല്‍വു‍ഡ്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ കാര്യത്തില്‍ വ്യക്തതിയില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. സ്റ്റാര്‍ക്കിന്റെ ഭാഷ്യത്തില്‍ ഇരുവരും ഇതുവരെ തിരികെ എത്തി പന്ത് എറിയുന്നത് ആരംഭിച്ചിട്ടില്ല എന്നാണ്. യുഎഇയിലാണ് പാക്കിസ്ഥാന്‍ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നടക്കുക.

അടുത്ത രണ്ട് മൂന്ന് ആഴ്ചയിലെ കാര്യങ്ങള്‍ നല്ല രീതിയില്‍ നീങ്ങിയാല്‍ താന്‍ തീര്‍ച്ചയായും തിരഞ്ഞെടുപ്പിനു ലഭ്യമായിരിക്കുമെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി. പരമ്പരയ്ക്ക് മുമ്പ് അധികം മത്സരങ്ങളില്ല എന്നത് സത്യമാണെങ്കിലും ന്യൂ സൗത്ത് വെയില്‍സിനു വേണ്ടി പരിശീലന മത്സരങ്ങള്‍ കളിക്കുവാനാണ് തന്റെ തീരുമാനമെന്ന് സ്റ്റാര്‍ക്ക് അറിയിച്ചു.

മൂന്നാഴ്ചയായി താന്‍ ബൗളിംഗ് ആരംഭിച്ചുവെന്നാണ് സ്റ്റാര്‍ക്ക് വ്യക്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ടെസ്റ്റും പിന്നീട് ഐപിഎലും സ്റ്റാര്‍ക്കിനു നഷ്ടമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version