തോല്‍വിയിലും താരങ്ങളായി ശ്രീലങ്കന്‍ താരങ്ങള്‍

- Advertisement -

തുടര്‍ച്ചയായ 16ാം തോല്‍വിയാണ് ശ്രീലങ്ക പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ന് പാക്കിസ്ഥാനോട് ഏറ്റുവാങ്ങിയത്. പരമ്പര 3-0നു സ്വന്തമാക്കിയെങ്കിലും പാക്കിസ്ഥാനിലെ ഹീറോകള്‍ ഈ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ആണ്. മുന്‍ നിര താരങ്ങളും മറ്റു രാജ്യങ്ങളുമെല്ലാം ക്രിക്കറ്റിനായ പാക്കിസ്ഥാനിലേക്ക് സന്ദര്‍ശിക്കാന്‍ മടിക്കുന്ന സമയത്താണ് ഈ ശ്രീലങ്കന്‍ താരങ്ങള്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുവാന്‍ ധൈര്യം കാണിച്ചത്. മത്സരത്തില്‍ തോല്‍വികള്‍ക്ക് പിന്നാലെ തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ഇന്ന് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് തലയുയര്‍ത്തി നില്‍ക്കാം. അവര്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.

ടോസ് നേടിയ ലങ്കന്‍ നായകന്‍ ബൗളിംഗ് തിരഞ്ഞെടുത്തു. പാക്കിസ്ഥാന്‍ ടോപ് ഓര്‍ഡറില്‍ നിന്ന് മികച്ച പ്രകടനം പുറത്ത് വന്നപ്പോള്‍ പാക്കിസ്ഥാന്‍ 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. ഉമര്‍ അമിന്‍(45), ഫകര്‍ സമന്‍(31) എന്നിവര്‍ക്കൊപ്പം 24 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ ഷൊയ്ബ് മാലിക്കാണ് പാക് ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്. ബാബര്‍ അസം 34 റണ്‍സ് നേടി പുറത്താകാതെ നിന്നു.

181 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 144 റണ്‍സ് മാത്രമേ നേടാനായുള്ളു. 9 വിക്കറ്റ് നഷ്ടപ്പെട്ട ശ്രീലങ്കയ്ക്കായി അര്‍ദ്ധ ശതകം നേടി ദസുന്‍ ഷനക തിളങ്ങി. 54 റണ്‍സാണ് ശ്രീലങ്കന്‍ താരം നേടിയത്. നാല് വിക്കറ്റുമായി മുഹമ്മദ് അമീര്‍ തന്റെ മടങ്ങിവരവ് ഉജ്ജ്വലമാക്കി. ഫഹീം അഷ്റഫ് രണ്ട് വിക്കറ്റ് വീഴ്ത്തി അമീറിനു മികച്ച പിന്തുണ നല്‍കി. 36 റണ്‍സിന്റെ വിജയത്തോടെ പാക്കിസ്ഥാന്‍ പരമ്പര തൂത്തുവാരുകയായിരുന്നു.

ഷൊയ്ബ് മാലിക് ആണ് മത്സരത്തിലെയും പരമ്പരയിലെയും താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement