ഫോം കണ്ടെത്തി ലങ്കന്‍ ബാറ്റിംഗ്, ആദ്യ ദിനം നേടിയത് 411 റണ്‍സ്

- Advertisement -

ഇന്ത്യയുടെ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരെ മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ശ്രീലങ്ക. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സാണ് സന്ദര്‍ശകര്‍ നേടിയത്. നാല് ലങ്കന്‍ താരങ്ങള്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. ടോസ് നേടിയ ബോര്‍ഡ് ഇലവന്‍ നായകന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മറ്റു താരങ്ങള്‍ക്ക് അവസരം നല്‍കുവാനായി 3 ലങ്കന്‍ ബാറ്റ്സ്മാന്മാര്‍ റിട്ടേര്‍ഡ് ഹര്‍ട്ട് ആവുകയായിരുന്നു.

ആദ്യ വിക്കറ്റില്‍ 134 റണ്‍സാണ് സദീര സമരവിക്രമ(74)-ദിമുത് കരുണാരത്നേ(50) കൂട്ടുകെട്ട് സ്വന്തമാക്കിയത്. 50 തികച്ച ഉടനെ ദിമുത് റിട്ടേര്‍ഡ് ഹര്‍ട്ടായി പവലിയനിലേക്ക് മടങ്ങി. ആഞ്ചലോ മാത്യൂസ്(54), ദിനേശ് ചന്ദിമല്‍(29) എന്നിവരാണ് റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ മറ്റു താരങ്ങള്‍. 59 പന്തില്‍ നിന്ന് 73 റണ്‍സുമായി നിരോഷന്‍ ഡിക്ക്വെല്ലയാണ് ഇപ്പോള്‍ ക്രീസില്‍. 36 റണ്‍സുമായി റോഷന്‍ സില്‍വ ക്രീസില്‍ നിരോഷനു മികച്ച പിന്തുണ നല്‍കുന്നു. 48 റണ്‍സ് നേടിയ ദില്‍രുവന്‍ പെരേരയും മികവ് പുലര്‍ത്തി.

മലയാളി താരം സന്ദീപ് വാര്യറും ആകാശ് ഭണ്ഡാരിയും ഇന്ത്യന്‍ സംഘത്തിനായി 2 വിക്കറ്റ് വീതം നേടി. ജലജ് സക്സേന, അവേശ് ഖാന്‍, എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement