ശ്രീലങ്കന്‍ ടൂറിന്മേല്‍ തീരുമാനം എടുക്കാതെ ബംഗ്ലാദേശ്

ബംഗ്ലാദേശിന്റെ ലങ്കന്‍ ടൂര്‍ നടക്കേണ്ടത് ജൂലൈയിലാണെങ്കിലും ഇപ്പോള്‍ കൊറോണ വ്യാപനം മൂലം പര്യടനങ്ങളും പരമ്പരകളും ടൂര്‍ണ്ണമെന്റുകളുമെല്ലാം ഐസിസിയും ബോര്‍ഡുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്. മൂന്ന് ടെസ്റ്റുകളാണ് ലങ്കയില്‍ ബംഗ്ലാദേശ് കളിക്കേണ്ടിയിരുന്നത്. കൊളംബോ, ഗോള്‍, കാന്‍ഡി എന്നിവിടങ്ങളില്‍ നടക്കാനിരുന്ന ടെസ്റ്റ് മത്സരങ്ങള്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടുള്ളതായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പരമ്പര നടക്കുമോ അതോ റദ്ദാക്കുമോ എന്നതിനെക്കുറിച്ച് ഒരു തരത്തിലുള്ള തീരുമാനം ബംഗ്ലാദേശ് കൈക്കൊണ്ടിട്ടില്ല. പരമ്പരയെക്കുറിച്ച് രണ്ട ബോര്‍ഡുകളും ചര്‍ച്ച ചെയ്ത് വരികയാണെന്നാണ് ബോര്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേ സമയം സര്‍ക്കാരിന്റെ തീരുമാനം അടിസ്ഥാനമാക്കിയായിരിക്കും ഇതിന്മേലുള്ള തുടര്‍തീരുമാനമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും ശ്രീലങ്കന്‍ ബോര്‍ഡ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് ബിസിബി ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി വ്യക്തമാക്കിയത്. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന പാക്കിസ്ഥാനിലെ പരമ്പര ബംഗ്ലാദേശ് ഉപേക്ഷിച്ചിരുന്നു. അതിന് ശേഷം മേയില്‍ നടക്കേണ്ടിയിരുന്ന അയര്‍ലണ്ട് പര്യടനവും ബോര്‍ഡ് ഉപേക്ഷിച്ചു.

ഓസ്ട്രേലിയയ്ക്കെതിരെ നടക്കേണ്ട പരമ്പരയും ടീം മാറ്റി വെച്ചുവെങ്കിലും ശ്രീലങ്കയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ മെച്ചപ്പെട്ട രീതിയില്‍ പുരോഗമിക്കുന്നത് കാരണമാണ് ഇപ്പോള്‍ പരമ്പര ഉപേക്ഷിക്കണോ വേണ്ടയോ എന്നതില്‍ ഒരു തീരുമാനം എടുക്കാത്തതെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.

താരതമ്യേന കുറവ് കേസുകള്‍ ഉള്ള ശ്രീലങ്ക ഐപിഎല്‍ വേണമെങ്കില്‍ തങ്ങളുട നാട്ടില്‍ നടത്താമെന്ന് നേരത്തെ നിര്‍ദ്ദേശം വെച്ചിരുന്നു.

Exit mobile version