ശ്രീലങ്കയ്ക്ക് ത്രിരാഷ്ട്ര പരമ്പര

- Advertisement -

ബുലവായോയിലെ ക്യൂന്‍സ് സ്പോര്‍ട്സ് ക്ലബില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ഫൈനലില്‍ സിംബാബ്‍വയെ 6 വിക്കറ്റിനു തകര്‍ത്ത് ശ്രീലങ്ക ചാമ്പ്യന്മാരായി. ടോസ് നേടിയ സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരിസായി മുസകാന്‍ഡ(36) ക്രെിഗ് എര്‍വിന്‍(25) ഷോണ്‍ വില്യംസ്(35) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അവ വലിയ സ്കോറിലേക്കുയര്‍ത്താന്‍ കഴിയാതെ പോയത് സിംബാബ്‍വയേ ഇന്നിംഗ്സ് 160 റണ്‍സില്‍ അവസാനിക്കാനിടയാക്കി. ശ്രീലങ്കയ്ക്ക് വേണ്ടി അസേല ഗുണരത്നേ 4.3 ഓവറില്‍ 10 റണ്‍സ് വിട്ടു കൊടുത്ത് 3 വിക്കറ്റ് നേടി. ജെഫ്രി വാന്‍ഡെര്‍സേയും മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ സചിത് പാതിരാന രണ്ട് വിക്കറ്റും നുവാന്‍ കുലശേഖരയും സുരംഗ ലക്മലും ഓരോ വിക്കറ്റ് നേടി.

ശ്രീലങ്കയുടെ തുടക്കവും മോശമായിരുന്നു. ആദ്യ പന്തില്‍ ധനന്‍ജയ ഡിസില്‍വയെ പുറത്താക്കിയ വിടോരി അഞ്ചാം ഓവറില്‍ മികച്ച ഫോമിലുള്ള നിരോഷന്‍ ഡിക്വെല്ലയെ പുറത്താക്കി ശ്രീലങ്കയെ 29/2 എന്ന സ്കോറിലേക്ക് ചുരുക്കി. ഏറെ വൈകാതെ കുശല്‍ പെരേരയെ പുറത്താക്കി വിടോരി തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ കുശല്‍ മെന്‍ഡിസും ഉപുല്‍ തരംഗയും ചേര്‍ന്ന് ശ്രീലങ്കയെ കരകയറ്റുകയായിരുന്നു. 57 റണ്‍സ് എടുത്ത മെന്‍ഡിസിനെ ക്രെമര്‍ പുറത്താക്കിയപ്പോള്‍ ശ്രീലങ്കന്‍ സ്കോര്‍ 117/4. ക്യാപ്റ്റനൊപ്പം ചേര്‍ന്ന അസേല ഗുണരത്നേ കൂടുതല്‍ നഷ്ടമുണ്ടാക്കാതെ ശ്രീലങ്കയെ വിജയത്തിലേക്കെത്തിച്ചു. മത്സരം അവസാനിക്കുമ്പോള്‍ ഉപുല്‍ തരംഗ 52 റണ്‍സുമായും അസേല ഗുണരത്നേ 16 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

Advertisement