തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ട് ശ്രീലങ്ക

3 വിക്കറ്റ് അകലെ വിജയമെത്തിയെങ്കിലും ഇന്ത്യയ്ക്ക് വില്ലനായി വെളിച്ചക്കുറവ്

- Advertisement -

ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റ് സമനിലയിലേക്ക്. അവസാന ദിവസം വിരാട് കോഹ്‍ലിയുടെ ശതകത്തിന്റെ ബലത്തോടെ ഇന്ത്യ മുന്നോട്ട് വെച്ച 231 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ശ്രീലങ്ക 75/7 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഘട്ടത്തിലാണ് വെളിച്ചക്കുറവ് രക്ഷകനായി എത്തിയത്. ഇരുപതിനടുത്ത് ഓവറുകള്‍ ദിവസത്തില്‍ ശേഷിക്കെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുന്നത്.

മഴയും വെളിച്ചക്കുറവും ആദ്യ രണ്ട് ദിവസത്തെ ഏറിയ പങ്കും അപഹരിച്ച ഈഡന്‍ ഗാര്‍ഡന്‍സ് മത്സരത്തില്‍ ആദ്യ രണ്ട് ദിവസവും ഇന്ത്യയ്ക്കെതിരെ മേല്‍ക്കൈ നേടിയത് ശ്രീലങ്കയായിരുന്നു. ഇന്ത്യയെ ആദ്യ ഇന്നിംഗ്സില്‍ 172നു പുറത്താക്കിയ ശ്രീലങ്ക മികച്ച ബാറ്റിംഗ് പ്രകടനവും പുറത്തെടുത്തു. നാലാം ദിവസം ചെറിയ ലീഡിനു ലങ്കയെ പുറത്താക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി രംഗന ഹെരാത്തിന്റെ ഒറ്റയാള്‍ പോരാട്ടവും. അക്ഷരാര്‍ത്ഥത്തില്‍ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷങ്ങള്‍.

294 റണ്‍സിനു പുറത്താകുമ്പോള്‍ ശ്രീലങ്കയ്ക്ക് മത്സരത്തില്‍ 122 റണ്‍സ് ലീഡ് ആയിരുന്നു കൈവശം. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കാഴ്ചവെച്ചത്. 94 റണ്‍സ് നേടി ധവാനും ലോകേഷ് രാഹുലും കൂടി ഇന്ത്യയ്ക്ക് 166 റണ്‍സാണ് ആദ്യ വിക്കറ്റില്‍ നേടിക്കൊടുത്തത്.

നാലാം ദിവസം ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. അവസാന ദിവസം ലോകേഷ് രാഹുലിനെയാണ് ടീമിനു ആദ്യം നഷ്ടമായത്. 79 റണ്‍സാണ് രാഹുല്‍ നേടിയത്. തലേ ദിവസത്തെ സ്കോറില്‍ നിന്ന് 3 റണ്‍സ് കൂടിയാണ് താരം സ്വന്തമാക്കിയത്. ഒരു വശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോളും അതിവേഗം സ്കോറിംഗ് തുടര്‍ന്ന വിരാട് കോഹ്‍ലി തന്റെ 18ാം ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ത്യയ്ക്കായി 50 ശതകങ്ങള്‍ എന്ന നേട്ടവും കൊല്‍ക്കത്തയിലെ ശതകത്തിലൂടെ കോഹ്‍ലി കൈവരിച്ചു.

തന്റെ ശതകം പൂര്‍ത്തിയാക്കി ഏറെ വൈകാതെ വിരാട് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 88.4 ഓവറില്‍ നിന്ന് 352 റണ്‍സാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. ശ്രീലങ്കയ്ക്കായി സുരംഗ ലക്മല്‍, ദില്‍രുവന്‍ പെരേര എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

ശ്രീലങ്കയ്ക്ക് മുന്നില്‍ ഇന്ത്യ നല്‍കിയ 231 റണ്‍സ് ലക്ഷ്യം പിന്തുടരാന്‍ സന്ദര്‍ശകര്‍ മുതിരില്ല എന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. വേണ്ടത്ര ഓവറുകള്‍ ഇല്ല എന്നതിനാല്‍ സമനിലയ്ക്ക് ശ്രമിക്കാന്‍ ആയിരുന്നു ലങ്കന്‍ തീരുമാനം. എന്നാല്‍ വിട്ടുകൊടുക്കുവാന്‍ ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ തയ്യാറായിരുന്നില്ല. ആദ്യ ഓവറില്‍ തന്നെ സദീര സമരവിക്രമയെ പുറത്താക്കി ഭുവനേശ്വര്‍ ശ്രീലങ്കയ്ക്ക് ആദ്യ പ്രഹരം നല്‍കി. നാലാം ഓവറില്‍ ദിമുത് കരുണാരത്നയേയും ശ്രീലങ്കയ്ക്ക് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ്.

തുടരെ വിക്റ്റുകള്‍ നഷ്ടമായ ലങ്കയ്ക്ക് മധ്യനിരയില്‍ ദിനേശ് ചന്ദിമല്‍(20), നിരോഷന്‍ ഡിക്ക്വെല്ല എന്നിവരുടെ ചെറുത്ത് നില്പാണ് ഓവറുകള്‍ തള്ളിനീക്കാന്‍ സഹായകരമായത്. എന്നാല്‍ ഏറെ വൈകാതെ ഇരുവരുടെ പ്രതിരോധവും ഭേദിക്കാന്‍ ഇന്ത്യയ്ക്കായി. വെളിച്ചക്കുറവ് മൂലം മത്സരം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 75/7 എന്ന നിലയിലായിരുന്നു.

ഭുവനേശ്വര്‍ കുമാര്‍ നാലും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവിനു ഒരു വിക്കറ്റ് നേടാനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement