ശ്രീലങ്കയെ തളച്ച് സിംബാവ്‍വേ ബൗളര്‍മാര്‍

- Advertisement -

പരമ്പര നിശ്ചയിക്കുന്ന അഞ്ചാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഗ്രെയിം ക്രെമറിനു ആഗ്രഹിച്ച തുടക്കമാണ് ലഭിച്ചത്. ധനുഷ്ക ഗുണതിലകെ, അസേല ഗുണരത്നേ എന്നിവരുടെ ബാറ്റിംഗ് ആണ് സ്കോര്‍ 200 കടക്കാന്‍ ശ്രീലങ്കയെ സഹായിച്ചത്. 9ാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 50 റണ്‍സ് കൂട്ടുകെട്ട് പുറത്തെടുക്കുവാന്‍ അസേല ഗുണരത്നയോടൊപ്പം(59*) പൊരുതിയ ദുഷ്മന്ത ചമീരയുടെ(18*) പ്രകടനം നിര്‍ണ്ണായകമായിരുന്നു.

തുടര്‍ച്ചയായ രണ്ട് ഇരട്ട ശതക കൂട്ടുകെട്ട് എന്ന റെക്കോര്‍ഡിനു ശേഷം എത്തിയ ശ്രീലങ്കന്‍ ഓപ്പണര്‍മാര്‍ക്ക് ഇത്തവണ പിഴച്ചു. രണ്ടാം ഓവറില്‍ ഡിക്ക്വെല്ലയെ ചതാര പുറത്താക്കിയപ്പോള്‍ ശ്രീലങ്കന്‍ തകര്‍ച്ചയുടെ തുടക്കമായിരുന്നു അത്. 31/3 എന്ന നിലയിലേക്ക് വീണ ലങ്കയെ ഗുണതില(52), ആഞ്ചലോ മാത്യൂസ്(24) കൂട്ടുകെട്ട് കരകയറ്റുവാന്‍ ശ്രമിച്ചുവെങ്കിലും കൂട്ടുകെട്ടിനു 47 റണ്‍സ് മാത്രമേ നേടുവാനായുള്ളു. 41 റണ്‍സ് കൂട്ടുകെട്ടുമായി ഗുണതിലക-ഗുണരത്നേ സഖ്യം ശ്രീലങ്കയുടെ രക്ഷയ്ക്കെത്തുമെന്ന് തോന്നിച്ചുവെങ്കിലും ഷോണ്‍ വില്യംസ് ഗുണതിലകയുടെ അന്തകനായി. പിന്നീട് തകര്‍ന്ന് 153/8 എന്ന നിലയിലേക്ക് വീണ ലങ്കയെ ഒമ്പതാം വിക്കറ്റാണ് 203 എന്ന സ്കോര്‍ നേടാന്‍ ശ്രീലങ്കയെ സഹായിച്ചത്. 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ആതിഥേയര്‍ നേടിയത്.

സിക്കന്ദര്‍ റാസ 3 വിക്കറ്റ് നേടിയപ്പോള്‍ നായകന്‍ ഗ്രെയിം ക്രെമര്‍ രണ്ടും ടെന്‍ഡായി ചതാര, ഷോണ്‍ വില്യംസ്, മാല്‍ക്കം വാലര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement