
ഗാലേ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക പതറുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 600 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 5 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടിയാണ് രണ്ടാം ദിവസം അവസാനിപ്പിച്ചത്. ഫോളോ ഓണ്‍ ഒഴിവാക്കാനായി പൊരുതുന്ന ശ്രീലങ്കയ്ക്ക് വേണ്ടി ആഞ്ചലോ മാത്യൂസ് (54*), ദില്‍രുവന്‍ പെരേര (6*) എന്നിവരാണ് ക്രീസില്‍. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി രണ്ടും അശ്വിന് ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. അസേല ഗുണരത്നേ പരിക്കേറ്റ് പുറത്തായതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ ലങ്കയ്ക്ക് ആറ് വിക്കറ്റാണ് നഷ്ടമായത്.
68/3 എന്ന സ്ഥിതിയില്‍ നിന്ന് ലങ്കയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചത് ഉപുല്‍ തരംഗ, ആഞ്ചലോ മാത്യൂസ് സഖ്യമാണ്. 57 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ സഖ്യത്തെ വേര്‍പിരിക്കാന്‍ ഇന്ത്യയ്ക്ക് ഒരു റണ്‍ഔട്ട് വേണ്ടി വന്നു. മത്സരഗതിയ്ക്ക് വിപരീതമായി ലഭിച്ച വിക്കറ്റാണ് ഉപുല്‍ തരംഗയുടേത്. ഡൈവ് ചെയ്ത് തരംഗ ക്രീസില്‍ കടന്നുവെങ്കിലും തറയിലിടിച്ച ബാറ്റ് ബെയില്‍ ഇളകുന്ന സമയത്ത് ഉയര്‍ന്നിരുന്നതിനാല്‍ അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. 64 റണ്‍സാണ് ഉപുല്‍ തരംഗ നേടിയത്.
നേരത്തെ 399/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 600 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. സ്കോര്‍ 423ല്‍ എത്തിയപ്പോള്‍ പുജാരയെയാണ്(153) ആദ്യം നഷ്ടമായത്. ഏറെ വൈകാതെ രഹാനെയും(57) മടങ്ങി. തന്റെ അരങ്ങേറ്റത്തില്‍ തന്നെ അര്‍ദ്ധ ശതകം നേടി ഹാര്‍ദ്ദിക് പാണ്ഡ്യയും, രവി ചന്ദ്രന് അശ്വിന്(47), മുഹമ്മദ് ഷമി(30) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 600 റണ്‍സ് നേടിയത്.
ശ്രീലങ്കയ്ക്കായി നുവാന്‍ പ്രദീപ് 6 വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ലഹിരു കുമര മൂന്നും രംഗന ഹെരാത്ത് ഒന്നും വിക്കറ്റ് വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial