ശ്രീലങ്ക കുതിയ്ക്കുന്നു, ഇന്ത്യയുടെ സ്കോര്‍ മറികടക്കാന്‍ 8 റണ്‍സ്

ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മേല്‍ക്കൈ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് മറികടക്കാന്‍ 8 റണ്‍സ് കൂടിയാണ് ആതിഥേയര്‍ക്ക് വേണ്ടത്. 172 റണ്‍സിനു ഇന്ത്യയെ ഓള്‍ഔട്ടാക്കിയ ശേഷം ലഹിരു തിരിമന്നേ(51), ആഞ്ചലോ മാത്യൂസ്(52) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ശ്രീലങ്ക മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വയ്ക്കുകയായിരുന്നു. തൊട്ടടുത്ത ഓവറുകളില്‍ തിരിമന്നയെയും മാത്യൂസിുനെയും ഉമേഷ് യാദവ് പുറത്താക്കിയത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായെങ്കിലും ദിനേശ് ചന്ദിമല്‍(13*)-നിരോഷന്‍ ഡിക്ക്വെല്ല(14*) കൂട്ടുകെട്ട് കൂടുതല്‍ നഷ്ടമില്ലാതെ മൂന്നാം ദിവസം 165/4 എന്ന നിലയില്‍ അവസാനിപ്പിച്ചു.
99 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ശ്രീലങ്കയ്ക്ക് മികച്ച അടിത്തറ നല്‍കിയത്. ഉമേഷ് യാദവും, ഭുവനേശ്വര്‍ കുമാറുമാണ് ഇന്ത്യയുടെ വിക്കറ്റ് നേട്ടക്കാര്‍. ഇരുവരും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

നേരത്തെ 75/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യന്‍ ഇന്നിംഗ്സ് 172 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 52 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയാണ് ടോപ് സ്കോറര്‍. സുരംഗ ലക്മല്‍ 4 വിക്കറ്റുമായി ലങ്കന്‍ ബൗളര്‍മാരില്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial