ഫോര്‍മാറ്റും ടീമും മാറി, ശ്രീലങ്കയ്ക്ക് മാറ്റമില്ലാത്തത് മത്സരഫലം

- Advertisement -

ശ്രീലങ്കയ്ക്ക് ഇത് തുടര്‍ തോല്‍വികളുടെ പരമ്പര. ലാഹോര്‍ ടി20 കാരണം പല താരങ്ങളും വിട്ടു നില്‍കുന്നതിനാല്‍ തീര്‍ത്തും പുതുമയുള്ള ടീമിനെയാണ് ശ്രീലങ്ക ടി20 പരമ്പരയ്ക്കായി തിരഞ്ഞെടുത്തത്. തിസാര പെരേരയില്‍ പുതിയ നായകയനെയും അവര്‍ക്ക് ലഭിച്ചു. എന്നാല്‍ മാറ്റമില്ലാതിരുന്നത് ഒന്ന് മാത്രമാണ് മത്സരഫലം. ഇന്നലെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും പരാജയത്തിന്റെ കയ്പ്നീരായിരുന്നു ശ്രീലങ്കയെ കാത്തിരുന്നത്. മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ശ്രീലങ്കയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. പാക് ബൗളര്‍മാര്‍ ശ്രീലങ്കയെ 102 റണ്‍സിനു ഓള്‍ഔട്ട് ആക്കിയപ്പോള്‍ ലക്ഷ്യം പാക്കിസ്ഥാന്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 17.2 ഓവറില്‍ നേടി. ഉസ്മാന്‍ ഖാന്‍ ഷെന്‍വാരിയാണ് മത്സരത്തിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി 20 റണ്‍സിലധികം നേടിയത് രണ്ട് ബാറ്റ്സ്മാന്മാര്‍ മാത്രമാണ്. ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഇമാദ് വസീമിന്റെ ആദ്യ ഓവറില്‍ തന്നെ ദില്‍ഷന്‍ മുനവീര(0) പുറത്തായി. സദീര സമരവിക്രമ(23), സീക്കുജേ പ്രസന്ന(23) എന്നിവരാണ് ശ്രീലങ്ക നിരയിലെ ടോപ് സ്കോറര്‍മാര്‍. 18 റണ്‍സ് നേടിയ ഓപ്പണര്‍ ധനുഷ്ക ഗുണതിലക അതിവേഗം റണ്‍സ് കണ്ടെത്തിയെങ്കിലും ഉസ്മാന്‍ ഖാന്‍ താരത്തിന്റെ അന്തകനായി.

18.3 ഓവറില്‍ 102 റണ്‍സിനു ശ്രീലങ്കയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. ഹസന്‍ അലി മൂന്ന് വിക്കറ്റ് നേടി. ഉസ്മാന്‍ ഖാന്‍, മുഹമ്മദ് ഹഫീസ് എന്നിവര്‍ രണ്ടും ഇമാദ് വസീം,ഫഹീം അഷ്റഫ്, ഷദബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

രണ്ട് വിക്കറ്റുകള്‍ അതിവേഗം നഷ്ടമായെങ്കിലും ഷൊയ്ബ് മാലിക്(42*), മുഹമ്മദ് ഹഫീസ്(25*) എന്നിവരുടെ നാലാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടാണ് ചെറു സ്കോര്‍ നേടിയെടുക്കുന്നതില്‍ പാക്കിസ്ഥാനെ സഹായിച്ചത്. 22 റണ്‍സുമായി അഹമ്മദ് ഷെഹ്സാദും ടീമിനു തുണയായി. മൂന്നാം വിക്കറ്റില്‍ ഷെഹ്സാദുമായി 46 റണ്‍സും നാലാം വിക്കറ്റില്‍ ഹഫീസുമായി 39 റണ്‍സ് കൂട്ടുകെട്ടുമാണ് ഷൊയ്ബ് മാലിക് നേടിയത്.

വികും സഞ്ജയ ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement