
പാക്കിസ്ഥാനെതിരെയുള്ള രണ്ടാം ഏകദിനത്തിലും തോല്‍വി വഴങ്ങി ശ്രീലങ്ക. പാക്കിസ്ഥാനെ ചെറിയ സ്കോറിലേക്ക് നിയന്ത്രിക്കാന്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്കായെങ്കിലും നിരാശാജനകമായ ബാറ്റിംഗ് പ്രകടനം ടീമിന്റെ വിജയമോഹങ്ങളെ തകര്‍ക്കുകയായിരുന്നു. 101/6 എന്ന നിലയില്‍ നിന്ന് പാക്കിസ്ഥാനെ കരകയറുവാന്‍ അനുവദിച്ചതും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് നിശ്ചിത 50 ഓവറില്‍ 219 റണ്‍സ് നേടുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ പാക്കിസ്ഥാന് നേടിയത്. ഏഴാം വിക്കറ്റില്‍ ബാബര്‍ അസം-ഷദബ് ഖാന് കൂട്ടുകെട്ടാണ് പാക്കിസ്ഥാന്റെ രക്ഷയ്ക്കെത്തിയത്. അതേ സമയം ശ്രീലങ്ക 187 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 32 റണ്‍സ് വിജയത്തോടെ പാക്കിസ്ഥാന് പരമ്പരയില്‍ 2-0നു മുന്നിലാണ്. ഷദബ് ഖാന് തന്റെ ഓള്‍റൗണ്ട് പ്രകടനത്തിനു മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
ടോസ് നേടിയ പാക്കിസ്ഥാന് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ബാറ്റ്സ്മാന്മാര് നിരാശപ്പെടുത്തുകയായിരുന്നു. ലഹിരു ഗമാഗേയുടെ മുന്നില്‍ പതറിയ പാക്കിസ്ഥാന് 101/6 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 4 വിക്കറ്റാണ് ഗമാഗേ നേടിയത്. ഇന്നിംഗ്സില്‍ ഏഴാം വിക്കറ്റില്‍ ഒത്തുകൂടിയ ബാബര്‍ അസം-ഷദബ് ഖാന് കൂട്ടുകെട്ട് മാത്രമാണ് പൊരുതി നോക്കിയത്. 109 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇരുവരും നേടിയത്. ബാബര്‍ അസം 101 റണ്‍സ് നേടി പുറത്തായപ്പോള്‍ ഷദബ് ഖാന് 52 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചു.
ശ്രീലങ്കന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും പാക്കിസ്ഥാനെ ഏഴാം വിക്കറ്റിലൂടെ 200 കടക്കാന്‍ സഹായിച്ചത് ടീമിനു പിന്നീട് തിരിച്ചടിയാവുകയായിരുന്നു. 50 ഓവറില്‍ 219/9 എന്ന നിലയിലാണ് പാക്കിസ്ഥാന് ഇന്നിംഗ്സ് അവസാനിച്ചത്. ലഹിരു ഗമാഗേയുടെ നാല് വിക്കറ്റുകള്‍ക്ക് പുറമേ തിസാര പെരേര(2), ജെഫ്രേ വാന്‍ഡേര്‍സേ, സുരംഗ ലക്മല്‍ എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.
ലക്ഷ്യം അനായാസം നേടാനിറങ്ങിയ ശ്രീലങ്കയുടെ തുടക്കവു മോശമായിരുന്നു 93/7 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയ്ക്കായി പക്ഷേ നായകന് മാത്രമാണ് പടപൊരുതിയത്. എട്ടാം വിക്കറ്റില്‍ ജെഫ്രേ വാന്‍ഡേര്‍സേ(22) മാത്രമാണ് ക്യാപ്റ്റനു പിന്തുണ നല്കുവാന് എത്തിയത്. ഷദബ് ഖാനാണ് 2 വിക്കറ്റുകള്‍ വീഴ്ത്തി പാക്കിസ്ഥാനു വിജയമൊരുക്കിയത്. മറ്റു ബൗളര്‍മാരും കണിശതയോടെ പന്തെറിഞ്ഞു. ഉപുല്‍ തരംഗ 112 റണ്‍സുമായി പുറത്താകാതെ നിന്നു. 48ാം ഓവറില്‍ ശ്രീലങ്ക 187 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial