
ബംഗ്ലാദേശിനെതിരെ ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്നാരംഭിച്ച ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടിയിട്ടുണ്ട്. 166 റണ്‍സുമായി കുശല്‍ മെന്‍ഡിസും 14 റണ്‍സ് നേടിയ നിരോഷന്‍ ഡിക്വെല്ലയുമാണ് ക്രീസില്‍. അസേല ഗുണരത്നേ 85 റണ്‍സ് നേടി.
ഉപുല്‍ തരംഗ(4) പുറത്തായ ശേഷം ഇറങ്ങിയ കുശല്‍ മെന്‍ഡിസ് ആദ്യ പന്തില്‍ തന്നെ ക്യാച് നല്‍കിയെങ്കിലും ബൗളര്‍ ഓവര്‍സ്റ്റെപ് ചെയ്തത് കാരണം വീണ്ടും അവസരം ലഭിക്കുകയായിരുന്നു. 196 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് അസേല ഗുണരത്നെയുമായി(85)ചേര്‍ന്ന് കുശല്‍ മെന്‍ഡിസ് നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ കഴിഞ്ഞ വര്‍ഷം നഷ്ടമായ ഡബിള്‍ സെഞ്ച്വറി നേടുക എന്ന ലക്ഷ്യത്തോടു കൂടി തന്നെയാവും രണ്ടാം ദിവസം മെന്‍ഡിസ് ഇറങ്ങുക. ആദ്യ സെഷനില്‍ മെല്ലെ തുടങ്ങിയ ശ്രീലങ്ക 61 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ അവസാന സെഷനില്‍ അവര്‍ 166 റണ്‍സ് നേടി.
ബംഗ്ലാദേശിനു വേണ്ടി മുസ്താഫിസുര്‍ റഹ്മാന്, ടാസ്കിന് അഹമ്മദ്, സുഭാഷിഷ് റോയ്, മെഹ്ദി ഹസന് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.